രാജകുമാരി ആടുവിളന്താൻകുടിയില്‍ റാഗി കൃഷിയില്‍ നൂറുമേനി

അന്യംനിന്നുപോയ റാഗി കൃഷിയിലൂടെ മൂന്നു വർഷമായി നൂറുമേനി വിളവ് കൊയ്യുകയാണ് ശാന്തൻപാറ ആടുവിളന്താൻ കുടിയിലെ ഗോത്ര വിഭാഗം കർഷകർ.പത്ത് ഏക്കറിലാണ് ഇവിടെ റാഗികൃഷി ചെയ്തു വരുന്നത്. തരിശായി കിടന്ന ആടുവിളന്താൻ മലനിരകളിലെ റാഗി കൃഷി നയനമനോഹര കാഴ്ചകളാണ് ഇവിടെയെത്തുന്നവർക്ക് സമ്മാനിക്കുന്നത്.
സംസ്ഥാനത്തിന്‍റെ അതിർത്തി പ്രദേശമായ ബോഡിമെട്ടില്‍ ദേശിയ ഉദ്യാനമായ മതികെട്ടാൻ ചോലയുടെ താഴ്‌വരയില്‍ ആട് വിളന്താൻ മലനിരകളിലായി വ്യാപിച്ചു കിടക്കുകയാണ് റാഗി കൃഷി. കുടിയിലെ മുതുവാൻ ആദിവാസി സമുദായമാണ് മലനിരകളില്‍ പത്ത് ഏക്കറില്‍ അധികം വരുന്ന സ്ഥലത്ത് പരന്പരാഗത രീതിയിലൂടെ റാഗി കൃഷി ചെയ്തുവരുന്നത്. ഗോത്രസമൂഹത്തിന്‍റെ പ്രധാന ഭക്ഷ്യോത്പന്നങ്ങളില്‍ ഒന്നാണ് റാഗി. എസ്.പി. വെങ്കിടാചലത്തിന്‍റെ നേതൃത്വത്തില്‍ പതിനഞ്ചോളം കർഷകരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് അന്യം നിന്നുപോയ റാഗി കൃഷിക്ക് വീണ്ടും പുനർജീവൻ നല്‍കിയത്.
നീലവാണി, ചൂണ്ടക്കണ്ണി, ഉപ്പ്മെല്ലിച്ചി, പച്ചമുട്ടി,ചങ്ങല തുടങ്ങിയ വിത്തിനങ്ങളാണ് ഇവിടെ സംരക്ഷിച്ച് കൃഷിചെയ്തുവരുന്നത്. ഇരുപതിലധികം വിത്തിനങ്ങള്‍ ഉണ്ടായിരുന്നതില്‍ പലതും അന്യമായ അവസ്ഥയിലാണ്. ശാന്തൻപാറ കൃഷി വകുപ്പിന്‍റെ സഹായത്തോടെയാണ് പഞ്ചായത്തിലെ ആദിവാസി കുടികളില്‍ റാഗി കൃഷി വീണ്ടും സജീവമായത്.
മാർച്ച് -ഏപ്രില്‍ മാസങ്ങളില്‍ പഞ്ചായത്തിന്‍റെ സഹായത്തോടെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിലം ഒരുക്കുകയും മെയ്-ജൂണ്‍ മാസത്തോടെ വിത്ത് ഇറക്കുകയും ചെയ്യും. ആറു മാസംകൊണ്ട് പാകമാകുന്ന റാഗിയുടെ വിളവെടുപ്പ് നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലാണ്. കുടിയിലെ ഭക്ഷണ ആവശ്യങ്ങള്‍ക്ക് മാത്രമായാണ് നിലവില്‍ കൃഷി ചെയ്തുവരുന്നത്.
ഈ വർഷം മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യാനാണ് കർഷകരുടെ തീരുമാനം. ഇപ്പോള്‍ പൊതുമാർക്കറ്റിലും റാഗിക്ക് ആവശ്യക്കാരേറെയാണ്. ശക്തമായ മഞ്ഞും വന്യമൃഗങ്ങളുടെ ആക്രമണവും കൃഷിയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് കർഷകർ പറയുന്നു.