ഇടുക്കിയില്‍ അര്‍ബുദ ബാധിതരുടെ രജിസ്ട്രി ഒരുങ്ങുന്നു
തൊടുപുഴ: ജില്ലയില്‍ അര്‍ബുദ രോഗ ബാധിതയുടെ എണ്ണം കണ്ടെത്താൻ ക്യാൻസര്‍ രജിസ്ട്രി ഒരുങ്ങുന്നു. ജനസംഖ്യാധിഷ്ഠിത അര്‍ബുദ രോഗികളുടെ എണ്ണം, വ്യാപനത്തോത്, ഇനങ്ങള്‍, കാരണം എന്നിവ മനസിലാക്കുകയും ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുകയുമാണ് ലക്ഷ്യം.
കൊച്ചിൻ കാൻസര്‍ റിസര്‍ച്ച് സെന്‍റര്‍ ഇടുക്കി ജില്ല പഞ്ചായത്ത്, സ്വകാര്യ ആശുപത്രികള്‍, ആരോഗ്യ വകുപ്പ് ,എൻ.എച്ച്.എം എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ജില്ല നേരിടുന്ന പ്രധാന വെല്ലുവിളിയാണ് അര്‍ബുദ ചികിത്സ. ചികിത്സ സൗകര്യങ്ങളുടെ അഭാവം വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
രോഗം നേരത്തേ കണ്ടെത്താനുള്ള സൗകര്യങ്ങളും അപര്യാപ്തമാണ്. രോഗം സ്ഥിരീകരിച്ച് വീടുകളിലും ആശുപത്രികളിലുമായി ചികിത്സയില്‍ കഴിയുന്ന നിരവധി പേര്‍ ജില്ലയിലുണ്ട്. ഇതില്‍ കുട്ടികളും ഉള്‍പ്പെടും. പലരും രോഗം വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ചിലരാവട്ടെ രോഗം മനസിലാകാത്തവരാണ്. പല കുടുംബങ്ങളും രോഗവിവരം മറച്ചു വെക്കുന്ന സാഹചര്യവുമുണ്ട്.
കഴിഞ്ഞ ദിവസം രജിസ്ട്രിയുമായി ബന്ധപ്പെട്ട് ജില്ല കലക്ടര്‍ ഷീബ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ക്യാൻസര്‍ സെന്‍റര്‍ ഡയറക്ടര്‍ ഡോ.പി ജി ബാലഗോപാല്‍, ആര്‍.എം.ഒ. ഡോ പോള്‍ ജോര്‍ജ് , ഡെപ്യൂട്ടി കലക്ടര്‍ അരുണ്‍ നായര്‍, ബിൻസിയ, അലൻ ജോസ്, സ്വകാര്യ ആശുപത്രി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.
തൊടുപുഴ ജില്ല ആശുപത്രിയില്‍ കീമോ തെറാപ്പി യൂനിറ്റ് ഉണ്ടെങ്കിലും കൃത്യമായ രോഗനിര്‍ണയത്തിനും ചികിത്സക്കും മറ്റ് ജില്ലകളെ ആശ്രയിക്കേണ്ട സാഹചര്യമാണ്. ജില്ലയില്‍ നിന്നുള്ള രോഗികള്‍ക്ക് ഏറ്റവും അടുത്തുള്ള ചികിത്സാ കേന്ദ്രം 100 കിലോമീറ്റര്‍ അകലെയുള്ള കോട്ടയം മെഡിക്കല്‍ കോളജോ എറണാകുളം ജില്ലയിലെ ആശുപത്രികളോ ആണ്.
ജില്ലയില്‍ ഓരോ വര്‍ഷവും കാൻസര്‍ രോഗികളുടെ എണ്ണത്തില്‍ 10-15 ശതമാനം വര്‍ധന ഉണ്ടാകുന്നതായാണു ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. സ്തനാര്‍ബുദം, ശ്വാസകോശാര്‍ബുദം എന്നിവയാണ് കൂടുതലായും കണ്ടുവരുന്നത്. തോട്ടം മേഖലയില്‍ അര്‍ബുദ രോഗികളുടെ എണ്ണം ദിനം പ്രതി കൂടുന്നത് ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കപ്പെടുത്തുന്നുണ്ട്.
നൂറുകണക്കിന് രോഗികള്‍ ജില്ലയിലും മറ്റുജില്ലകളിലുമായി വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതേക്കുറിച്ച് പഠിക്കാനോ ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാനോ ആരോഗ്യ വകുപ്പ് തയാറാകുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് അര്‍ബുദ രോഗ ബാധിതരുടെ എണ്ണം കണ്ടെത്തി തുടര്‍ ചികിത്സയടക്കമുള്ള കാര്യങ്ങള്‍ ഉറപ്പാക്കാൻ രജിസ്ട്രി ഒരുങ്ങുന്നതെന്ന് അധികൃതര്‍ പറഞ്ഞു.