‘ഇന്ന് സൗഭാഗ്യ ദിനം’; 4000 കോടിയുടെ പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി


ഇന്ന് സൗഭാഗ്യ ദിനം ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ ഭാഗ്യം ലഭിച്ചു. തൃപ്രയാറിലെ രാമക്ഷേത്രത്തിലും ദര്‍ശനം നടത്താന്‍ സൗഭാഗ്യമുണ്ടായി. കേരളത്തിന്റെ വികസനോത്സവത്തില്‍ പങ്കെടുക്കാനും അവസരം കിട്ടിയെന്ന് പ്രധാനമന്ത്രി. കേരളത്തിൽ പൂർത്തിയാക്കിയ 4000 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി കപ്പല്‍ശാലയിലെ പുതിയ ഡ്രൈ ഡോക്ക്, അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപ്പണിശാല എന്നിവയും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എല്‍ പി ജി ഇംപോര്‍ട്ട് ടെര്‍മിനലുമാണ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചത്. എല്ലാ കേരളീയര്‍ക്കും എന്റെ നല്ല നമസ്കാരം എന്നു മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് മോദി പ്രസംഗം തുടങ്ങിയത്. കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിലെ ഷിപ്പിംഗ് മേഖലയിൽ ഉണ്ടായത് വൻ കുതിച്ചുചാട്ടം ആണെന്ന് ഉദ്ഘാടന ചടങ്ങിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി സൂചിപ്പിച്ചു.
കേന്ദ്രസർക്കാരിന്റെ പുതിയ പരിഷ്കരണ നടപടികൾ കാരണം തുറമുഖ മേഖലയിൽ വലിയ നിക്ഷേപങ്ങൾ ഉണ്ടായി. തൊഴിലവസരങ്ങൾ ഉയർന്നു. പുതിയ പദ്ധതികല്‍ യാഥാര്‍ത്ഥ്യമായതോടെ ചരക്കുകപ്പലുകള്‍ക്ക് കാത്തുകെട്ടിക്കിടക്കേണ്ട സാഹചര്യം ഒഴിവായി. കപ്പല്‍ അറ്റകുറ്റപ്പണിക്ക് വിദേശരാജ്യങ്ങളെ ആശ്രയിക്കുന്ന സാഹചര്യം ഒഴിവാകും. ഇതുവഴി കോടികള്‍ വിദേശത്തേക്ക് ഒഴുകുന്നത് നില്‍ക്കും. പദ്ധതികല്‍ ഇന്ത്യ-ഗള്‍ഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി വികസനത്തിന് കുതിപ്പേകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.