മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസ്; സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം
കൊച്ചി: മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് ജാമ്യം. ഹൈക്കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മകളുടെ വിവാഹചടങ്ങ് കണക്കിലെടുത്ത് മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നായിരുന്നു സുരേഷ് ഗോപിയുടെ ആവശ്യം.
അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ജാമ്യത്തില്‍ വിട്ടയക്കാന്‍ പൊലീസിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. നിലവില്‍ അറസ്റ്റിനുള്ള സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ നിലപാട് കൂടി കണക്കിലെടുത്താണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പൊലീസ് ഗുരുതര വകുപ്പുകള്‍ ചുമത്തിയതിന് പിന്നാലെയായിരുന്നു സുരേഷ് ഗോപി മുന്‍കൂര്‍ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.
മാധ്യമപ്രവര്‍ത്തകയുടെ ശരീരത്തില്‍ മന:പൂര്‍വ്വം സ്പര്‍ശിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. നേരത്തെ ചുമത്തിയ ഐപിസി 354 എ 1, 4 വകുപ്പുകള്‍ക്ക് പുറമെ 354ഉം 119 എ വകുപ്പും ചുമത്തിയിട്ടുണ്ട്. ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് തളിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി അനുവാദമില്ലാതെ കൈ വയ്ക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തക അപ്പോള്‍ തന്നെ കൈ തട്ടിമാറ്റിയെങ്കിലും സുരേഷ് ഗോപി വീണ്ടും കൈ വെച്ചു. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തക പൊലീസിലും വനിതാ കമ്മീഷനിലും പരാതി നല്‍കുകയായിരുന്നു.