മെഡിസെപ് ലഭ്യമല്ലെന്ന് ആശുപത്രികളുടെ നോട്ടീസ്: സർക്കാർ ജീവനക്കാർ ആശങ്കയിൽ
മെഡിസെപ് പട്ടികയിലുൾപ്പെട്ടിരുന്ന മിക്ക ആശുപത്രികളും ജനുവരി മുതൽ ഈ സേവനം ലഭ്യമല്ലെന്ന നോട്ടീസ് പതിച്ച് തുടങ്ങിയതിന് പിന്നാലെ സർക്കാർ ജീവനക്കാരും അധ്യാപകരും ആശങ്കയിൽ. ആശുപത്രികളുടെ നീക്കം ഒട്ടേറെയാളുകളെ ഇതോടെ ചികിത്സാക്കുരുക്കിലേക്ക് നയിക്കും.
മെഡിസെപ്പിൽ നിന്നും മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രികൾ പിൻവാങ്ങുന്നത് മികച്ച ചികിത്സ നൽകുന്നതിന് തടസമാകുമെന്നും ജീവനക്കാർ ആശങ്കയോടെ പറയുന്നു. 700 കോടിയുടെ ഇൻഷുറൻസ് ആനുകൂല്യം നൽകേണ്ടി വരുമെന്ന് കണക്ക്കൂട്ടിയിടത്ത് ഇത് 1,000 കോടി കടന്നതോടെ പ്രതിസന്ധി രൂക്ഷമായി.
മെഡിസെപ്പ് സേവനപ്രകാരം സൗജന്യമായി കൊടുക്കേണ്ട ചികിത്സയ്ക്ക് മിക്ക സ്വകാര്യ ആശുപത്രികളും മുൻകൂർ തന്നെ പണം വാങ്ങുന്നുണ്ട്. മെഡിസെപ്പ് വന്നതോടെയാണ് റീ ഇംബേഴ്സ്മെന്‍റ് സർക്കാർ ഒഴിവാക്കിയത്. മുൻപ് ഏതാണ്ട് പൂർണമായും ചികിത്സാചെലവ് റീ ഇംബേഴ്സ് ചെയ്ത് കൊടുക്കുമായിരുന്നു.
സർക്കാർ സംഘടനകളെല്ലാം തന്നെ മെഡിസെപ്പ് ആനുകൂല്യം നിലനിർത്തണമെന്ന അഭിപ്രായത്തിൽ ഉറച്ച് നിൽക്കുകയാണ്. 553 ആശുപത്രികളിലായി നിലനിൽക്കുന്ന മെഡിസെപ്പ് സേവനം വഴി 5.20 ലക്ഷം പേർക്ക് ചികിത്സാ ആനുകൂല്യം ലഭിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇതിൽ 4.78 ലക്ഷം ആളുകൾക്കും സ്വകാര്യ ആശുപത്രികൾ വഴിയാണ് ആനുകൂല്യം ലഭിച്ചത്. 1,103 കോടി രൂപയാണ് ഇതിനോടകം ഇൻഷുറൻസിനായി നൽകിയതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.