രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; രജനികാന്തിന് ക്ഷണം


ചെന്നൈ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് നടൻ രജനികാന്തിന് ക്ഷണം. ബിജെപി നേതാവ് അർജുനമൂർത്തിയാണ് രജനികാന്തിന്റെ വസിതിയിലെത്തി അദ്ദേഹത്തെ ചടങ്ങിലേക്ക് ക്ഷണിച്ചത്. രജനികാന്തിനൊപ്പമുള്ള ചിത്രവും അർജുനമൂർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
‘ഇന്നത്തെ സംഭവം എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവമായിരുന്നു! നമ്മുടെ പ്രിയ നേതാവ് രജനികാന്തിനെയും കുടുംബത്തെയും അദ്ദേഹത്തിന്റെ വസതിയിലെത്തി അയോധ്യ കുംഭാഭിഷേകത്തിനായി ക്ഷണിച്ചു,’ അർജുനമൂർത്തി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
ജനുവരി 22-ന് ആണ് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. രജനികാന്തിനെ കൂടാതെ അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, അനുപം ഖേർ, അക്ഷയ് കുമാർ, പ്രമുഖ സംവിധായകരായ രാജ്കുമാർ ഹിരാനി, സഞ്ജയ് ലീല ബൻസാലി, രോഹിത് ഷെട്ടി, നിർമ്മാതാവ് മഹാവീർ ജെയിൻ തുടങ്ങിയവർക്കും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ചിരഞ്ജീവി, മോഹൻലാൽ, ധനുഷ്, റിഷബ് ഷെട്ടി തുടങ്ങിയവരും ക്ഷണപ്രകാരം പരിപാടിയിൽ പങ്കെടുക്കും.
പ്രതിഷ്ഠാ ചടങ്ങിലേക്ക് കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മന്‍മോഹന്‍ സിങ് എന്നിവരെ ക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിരുന്നു. സോണിയ ഗാന്ധി നേരിട്ടോ അവരുടെ പ്രതിനിധിയോ ചടങ്ങില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പ്രതിഷ്ഠാ ചടങ്ങിലേക്ക് ഒരു ലക്ഷത്തിലധികം ആളുകളെയാണ് ട്രസ്റ്റ് പ്രതീക്ഷിക്കുന്നത്.