‘പ്രമുഖ നേതാവിന്റെ മകന്‍ സംഭവം നടക്കുമ്പോള്‍ അവിടെ കിടന്നുറങ്ങുകയായിരുന്നു, അയാള്‍ ഒന്നും കണ്ടില്ലെന്നത് കൗതുകകരമാണ്’; വണ്ടിപ്പെരിയാര്‍ കേസില്‍ അര്‍ജുന്‍ നിരപരാധിയെന്ന് അഭിഭാഷകന്‍
നീതി പൂര്‍ണമായി നടപ്പാക്കിയെന്ന് വണ്ടിപ്പെരിയാര്‍ പോക്‌സോ കൊലക്കേസ് വാദിഭാഗം അഭിഭാഷകന്‍. അര്‍ജുന്‍ നിരപരാധിയാണെന്നും ഒരാളെ പ്രതിയാക്കാന്‍ പൊലീസ് ഏതുവിധത്തിലാണ് തെളിവുകളും മറ്റും ഫ്രെയിം ചെയ്യുന്നതെന്നും അത് കോടതിയില്‍ എങ്ങനെയെല്ലാം തള്ളിപ്പോകുമെന്നും കാട്ടിത്തരുന്ന മികച്ച ഉദാഹരണമായി ഈ കേസ് മാറുമെന്ന് അഭിഭാഷകന്‍ പറഞ്ഞു. മരിച്ച കുട്ടിയ്ക്ക് നീതി ഉറപ്പാക്കുന്നത് ഒരു നിരപരാധിയെ ശിക്ഷിച്ചുകൊണ്ടാണോ യഥാര്‍ത്ഥപ്രതിയെ കണ്ടെത്തിക്കൊണ്ടാണോ എന്ന് ആലോചിച്ചാല്‍ മതിയെന്നും കുട്ടിയുടെ കുടുംബത്തിന്റെ വികാരം മനസിലാക്കുന്നുവെന്നും അഭിഭാഷകന്‍ പറഞ്ഞു.
പ്രധാന തെളിവുകള്‍ പൊലീസ് ശേഖരിക്കാത്തത് ആരെ സംരക്ഷിക്കാനാണെന്ന് പരിശോധിക്കട്ടേയെന്നും അഭിഭാഷകന്‍ പറയുന്നു. സംഭവം നടക്കുമ്പോള്‍ പ്രതി മാത്രമല്ല എട്ടുപത്ത് ചെറുപ്പക്കാര്‍ ലയത്തിലുണ്ടായിരുന്നു. കുട്ടിയുടെ ലയത്തിനോട് ചേര്‍ന്നുതന്നെ മറ്റൊരാള്‍ കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു. അയാള്‍ ഒന്നും അറിഞ്ഞിട്ടില്ലെന്നാണ് അയാള്‍ പറയുന്നത്. നമ്മളെയെല്ലാം ചിന്തിപ്പിക്കുന്ന ഒരു കാര്യമാണത്. അയാള്‍ ഇവിടുത്തെ ഒരു പ്രധാനപ്പെട്ട രാഷ്ട്രീയ കക്ഷിയുടെ പ്രമുഖനായ നേതാവിന്റെ മകനാണ്. അയാളിലേക്ക് അന്വേഷണം പോയിട്ടില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
അര്‍ജുനെതിരെ യാതൊരു ശാസ്ത്രീയ തെളിവുകളുമില്ലെന്നും തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും അഭിഭാഷകന്‍ പറഞ്ഞു. തെളിവുകള്‍ കൃത്യമായി പായ്ക്ക് ചെയ്ത് സൂക്ഷിക്കാത്തതെന്താണെന്ന് അദ്ദേഹം ചോദിച്ചു. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വിശദമായ അന്വേഷണം വേണമെന്ന് തന്നെയാണ് തങ്ങള്‍ പറയുന്നതെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. ഇന്നലെ വണ്ടിപ്പെരിയാറില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അര്‍ജുന്‍ കുറ്റക്കാരനല്ലെന്നാണ് കോടതി നിരീക്ഷിച്ചിരുന്നത്.