ക്ലാര്‍നെറ്റില്‍ അത്ഭുതം സൃഷ്ടിച്ച് ടിസ മരിയ ആഗസ്തി
പിതാവിന്റെ ശിക്ഷണത്തില്‍ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ക്ലാര്‍നെറ്റില്‍ അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് കൂമ്പന്‍പാറ ഫാത്തിമ മാതാ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ടിസ മരിയ ആഗസ്തി. ശ്വാസ വിന്യാസത്തിലൂടെ സംഗീതം പുറപ്പെടുവിക്കുന്ന ഉപകരണമായതിനാല്‍ തന്നെ വളരെ നാളത്തെ പരിശീലനത്തിന് ശേഷം മാത്രമേ ക്ലാര്‍നെറ്റ് വാദനം സാധ്യമാകൂ. എന്നാല്‍ വെറും 15 ദിവസം കൊണ്ടാണ് ടിസ പിതാവില്‍ നിന്നും പരിശീലനം നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. വളരെ നാളത്തെ പരിശീലനം ലഭിച്ച ആളുകള്‍ക്ക് മാത്രമേ ഇങ്ങനെ ക്ലാര്‍നെറ്റ് വായിക്കുവാന്‍ സാധിക്കൂവെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ടിസയുടെ പിതാവും ബാന്‍ഡ് മാസ്റ്ററുമായ ആനച്ചാല്‍ പുത്തനക്കല്‍ ആഗസ്തിയാണ് പരിശീലകന്‍. ഉപജില്ല കലോത്സവത്തിന് രണ്ടു ദിവസത്തെ പരിശീലനത്തിന് ശേഷമാണ് പങ്കെടുത്തത്. അവിടെ നിന്നും ലഭിച്ച ഒന്നാം സ്ഥാനത്തിന്റെ ഊര്‍ജം ഉള്‍ക്കൊണ്ടുകൊണ്ടാണ് റവന്യൂ ജില്ലാ കലോത്സവത്തില്‍ പങ്കെടുക്കുവാനായി എത്തിയത്. ഇവിടെയും മികച്ച വിജയമാണ് നേടുവാനായത്. ഇനി സംസ്ഥാന കലോത്സവത്തിനായുള്ള
പരിശീലനം ഇന്ന് മുതല്‍ തുടങ്ങുമെന്ന് ആഗസ്തി പറഞ്ഞു. സഹോദരങ്ങള്‍ക്കും അമ്മ ഷീബയ്ക്കുമൊപ്പമാണ് ടിസ മത്സരത്തില്‍ പങ്കെടുക്കുവാനായി എത്തിയത്.