കിഫായുടെ നേതൃത്വത്തിൽ ഡിസംബർ 9 ന് നവകേരള കരിദിനമായി ആചരിക്കും

പട്ടയം നിഷേധിച്ചും, ആദിവാസികൾക്ക് പതിച്ചു കൊടുക്കാൻ മാറ്റി വെച്ചിരിക്കുന്ന ചിന്നക്കനാലിലെ റെവന്യൂ ഭൂമി വനഭൂമിയാക്കി മാറ്റി ആദിവാസികളെ കുടിയിറക്കുന്നതിനെതിരെയും, ഭൂപതിവ് നിയമ ഭേദഗതി വഴി ഇടുക്കി ജില്ലയെ കൊള്ളയടിക്കാൻ പദ്ധതിയിടുന്നതിനെതിരെയും, വന്യജീവികൾ എന്ന ജൈവ ആയുധം ഉപയോഗിച്ചുകൊണ്ട് ഇടുക്കിയിൽ നടപ്പാക്കുന്ന ഏകവനം പദ്ധതിക്കെതിരെയും നവകേരള സദസ്സ് ഇടുക്കിയിൽ ആരംഭിക്കുന്നതിന്റെ തലേ ദിവസ്സം, ഡിസംബർ 9 , ശനിയാഴ്ച , കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻ – കിഫ ഇടുക്കിയിൽ നവകേരള കരിദിനമായി ആചരിക്കുന്നു.
ഇടുക്കി ജില്ലയെ ദ്രോഹിക്കാനും ഇടുക്കി ജനതയെ ജനിച്ച മണ്ണിൽ അഭയാര്ഥികളാക്കാനും നിയമവും ചട്ടവും ഉണ്ടാക്കി അതെ ജനതയെ പറഞ്ഞു പറ്റിക്കുന്ന രാഷ്ട്രീയ കോമരങ്ങളെ ഇടുക്കി ജനത തിരിച്ചറിയുക.
പ്രതിരോധത്തിന്റെ നേർത്ത സ്വരം പോലും കേൾപ്പിക്കാതെ , പ്രതിപക്ഷം സർക്കാർ കാടത്തത്തിനു ചൂട്ടു പിടിക്കുമ്പോൾ സ്വയം പ്രതിപക്ഷമാകുകയും സ്വയം പ്രതിരോധിക്കുകയും ചെയ്യുക എന്നതല്ലാതെ മറ്റു വഴികൾ നമ്മുടെ മുന്നിലില്ല.
ഈ സാഹചര്യത്തിൽ , ഡിസംബർ 9 ശനിയാഴ്ച നടക്കുന്ന കരിദിനത്തിൽ ഇടുക്കി ജില്ലയിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന് കിഫ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.