പാർലമെൻ്റ് ശൈത്യകാല സമ്മേളനത്തിന് തുടക്കം; ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്


ന്യൂഡൽഹി: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് തുടക്കം. അഴിമതി കേസിൽ ഇഡി ഉദ്യോഗസ്ഥരുടെ അറസ്റ്റ് ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് എംപി മാണിക്കം ടാഗോർ ലോക്സഭയിൽ ആവശ്യപ്പെട്ടു. എട്ട് മുൻ നാവിക സേന ഉദ്യോഗസ്ഥർക്ക് ഖത്തറിൽ വധശിക്ഷ വിധിച്ച സംഭവം ചർച്ച ചെയ്യണം എന്ന് മനീഷ് തിവാരി ആവശ്യപ്പെട്ടു. ഇസ്രായേൽ-പലസ്തീൻ സംഘർഷവും ഇന്ത്യയുടെ നിലപാടും ചർച്ചണമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയുടെ പേരില്‍ പൊലീസിന്റെ മനുഷ്യാവകാശ ധ്വംസന നടപടികള്‍ ലോക്‌സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ സുധാകരൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഹിമാലയൻ മേഖലയിലെ തൊഴിലാളികളുടെ സുരക്ഷാ വിഷയം ചട്ടം 267 പ്രകാരം രാജ്യസഭ ചർച്ച ചെയ്യണമെന്ന് ബിനോയ് വിശ്വം എംപി ആവശ്യപ്പെട്ടു.
പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ 19 ബില്ലുകളാണ് പരിഗണനയ്ക്ക് വരുന്നത്. ടിഎംസി എംപി മഹുവ മൊയ്ത്രയ്ക്കെതിരായ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് ഇന്ന് ലോക്സഭ പരിഗണിച്ചേക്കും. മഹുവ മൊയ്ത്രയ്ക്കെതിരായ എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിൽ അടക്കം പ്രതിപക്ഷം പ്രതിഷേധിക്കും. ജാതിസെൻസ്, വിലക്കയറ്റം, ഇസ്രയേൽ – പാലസ്തീൻ വിഷയം എന്നീ വിഷയങ്ങളും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. ഈ മാസം 22 വരെയാണ് ശൈത്യകാല സമ്മേളനം നടക്കുക.