പീരുമേട്ടിലെ സര്‍ക്കാര്‍ അതിഥി മന്ദിരം പൊളിച്ചു നീക്കുന്നു
പീരുമേട്: ഹൈറേഞ്ച് മേഖലയിലെ ഒരു ചരിത്രസ്മാരകം കൂടി വിസ്മൃതിയിലേക്ക്. പീരുമേട്ടില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ അതിഥി മന്ദിരമാണ് പൊളിച്ചു നീക്കുന്നത്. നൂറ് വര്‍ഷം പഴക്കമുള്ള ചിദംബരം പിള്ള മെമ്മോറിയല്‍ സ്‌കൂള്‍ കെട്ടിടം ഏതാനും മാസം മുമ്പ് പൊളിച്ചു കളഞ്ഞിരുന്നു. തിരുവിതാംകൂര്‍ രാജവംശത്തിന്റെ ഭരണ സിരാ കേന്ദ്രമായിരുന്നു ഇന്നത്തെ സര്‍ക്കാര്‍ അതിഥി മന്ദിരം. സാമൂഹിക രാഷ്ര്ടീയ, കലാ രംഗത്തെ ധാരാളം ഉന്നതന്‍മാര്‍ക്ക് അതിഥ്യം അരുളിയ കെട്ടിടമാണ് വിസ്മൃതിയിലാകുന്നത്.
രണ്ട് വി.ഐ.പി മുറികളും സ്വീകരണ മുറിയും ഡൈനിങ്ങ്, സേ്റ്റാര്‍, അടുക്കള, വരാന്ത എന്നിവയോടു കൂടിയ കെട്ടിടമാണ് പ്രധാനപ്പെട്ടത്. കൂടാതെ ഒരു കോട്ടേജും, മൂന്ന് മുറികളും ഉള്‍പെട്ട അനക്‌സും ജീവനക്കാര്‍ക്കായുള്ള ക്വാര്‍ട്ടേഴ്‌സുകളും വിശാലമായ പൂന്തോട്ടവും ഉള്‍പെടുന്ന ബൃഹത് നിര്‍മതിയാണിത്. ഇവിടെയുള്ള ക്വാര്‍ട്ടേഴ്‌സുകള്‍ മുഴുവന്‍ കാടുകയറി നശിച്ചു. കെട്ടിടത്തില്‍ ഉപയോഗിച്ചിരുന്ന തടിയുരുപടികളെല്ലാം മോഷണം പോയി.
പഴയ കാല സിനിമകളുടെ ഇഷ്ട ലെക്കേഷനായിരുന്ന ഈ കെട്ടിടങ്ങള്‍ എല്ലാം പൂര്‍ണമായി പൊളിച്ച് കോണ്‍ ക്രിറ്റ് കെട്ടിടങ്ങള്‍ നിര്‍മിക്കാനാണ് സര്‍ക്കാര്‍ പദ്ധതി. മറ്റു രാജ്യങ്ങള്‍ തങ്ങളുടെ ചരിത്രസ്മാരകങ്ങള്‍ സംരക്ഷിക്കുമ്പോള്‍ ഉദ്യോഗസ്ഥ കെടുകാര്യസ്ഥത മൂലം തലതിരിഞ്ഞ ആശയങ്ങള്‍ അടിച്ചേല്‍പിക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.