കട്ടപ്പനയിലെ നാല് തലമുറകളെ ഊട്ടിയ കഥയുമായി റോസമ്മയെന്ന കഞ്ഞിയമ്മ

നാലു പതിറ്റാണ്ടായി കട്ടപ്പന ഗവ.ട്രൈബൽ സ്‌കൂളിൽ വിദ്യാർഥികൾക്ക് ഉച്ചക്കഞ്ഞി വെച്ചു നൽകുകയാണ് ഐ.ടി.ഐ.കുന്ന് വെച്ചുകരോട്ട് റോസമ്മ വർക്കി. എൺപതുകളിൽ ട്രൈബൽ സ്‌കൂളിലെ പാചകപ്പുരയിൽ കയറിയ അന്നുമുതൽ വിദ്യാർഥികൾക്ക് റോസമ്മ വർക്കി കഞ്ഞിയമ്മയാണ്. മൂന്നു രൂപ ദിവസക്കൂലിയ്ക്കാണ് ആദ്യമായി ജോലിയ്ക്ക് കയറിയതെന്ന് റോസമ്മ ഓർക്കുന്നു.
പല വീടുകളിലും പട്ടിണിയുള്ള കാലം. ഹൈസ്‌കൂൾ വരെ ആയിരത്തിലധികം കുട്ടികളുണ്ടായിരുന്നു അന്ന്.
ഏറെ വിദ്യാർഥികളും ഉച്ചയായാൽ കഞ്ഞിപ്പുരയിൽ ഹാജർവെയ്ക്കും. വിദ്യാർഥികൾക്ക് കഞ്ഞിവെച്ചു നൽകുന്നതിൽ അന്നു മുതൽ വലിയ സന്തോഷം തോന്നി. അന്നു തന്റെ കഞ്ഞി കുടിച്ചരുടെ മക്കളെയും പിൽക്കാലത്ത് ഊട്ടി.
മൂന്നു രൂപയായിരുന്നു അന്ന് ദിവസക്കൂലിയെങ്കിലും അന്ന് അത് വലിയ തുകയായിരുന്നു. പെട്ടിക്കട നടത്തുന്ന ഭർത്താവിന് കിട്ടുന്ന വരുമാനത്തിനൊപ്പം തന്റെ വരുമാനംകൂടിയായപ്പോൾ അഞ്ചു മക്കൾ അടങ്ങുന്ന കുടുംബത്തിന് സന്തോഷമായി കഴിയാമായിരുന്നു.
ഇന്ന് 600 രൂപ ദിവസക്കൂലിയുണ്ടെങ്കിലും പലപ്പോഴും കൂലി കുടിശികയാകും. എങ്കിലും വിദ്യാർഥികൾക്ക് വെച്ചു വിളമ്പുമ്പോൾ കിട്ടുന്ന സന്തോഷം തന്നെ വീണ്ടും സ്‌കൂളിലേയ്‌ക്കെത്തിയ്ക്കും.
പണ്ട് താൻ കഞ്ഞി വിളമ്പി നൽകിയ വിദ്യാർഥികളിൽ പലരും സർക്കാർ വകുപ്പുകളിൽ ഉൾപ്പെടെ ഉയർന്ന സ്ഥാനങ്ങൾ അലങ്കരിയ്ക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ട്. വിദേശത്ത് ജോലി ചെയ്യുന്ന പൂർവ വിദ്യാർഥികളും , ഉയർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടെ ചിലരൊക്കെ തന്നെ കാണാനെത്തും.
എത്തുന്ന പൂർവ വിദ്യാർഥികൾ പണം തരാറുണ്ടെങ്കിലും സ്‌നേഹപൂർവം നിരസിക്കും.
ഇതോടെ വിദ്യാർഥികൾ സമ്മാനങ്ങളുമായി വരാൻ തുടങ്ങിയെന്നും റോസമ്മ പറയുന്നു.
വയസ് ഏഴുപത് പിന്നിട്ടു .
നാലു പെൺകുട്ടികളെ കെട്ടിച്ചയച്ചു.
ഏതാനും നാളുകൾക്ക് മുൻപ് ഭർത്താവും മരണപ്പെട്ടു. മെക്കാനിക്കായ മകൻ ജോർജ്ജ് വർഗീസിന്റ കൂടെയാണ് താമസം. മനസിന് സന്തോഷം നൽകുന്ന തൊഴിലായതിനാലാണ് ഈ പ്രായത്തിലും ജോലിയ്‌ക്കെത്തുന്നത്. ഇക്കാലമത്രയും ജോലി ചെയ്‌തെങ്കിലും സർക്കാരിൽ നിന്നും ആനുകൂല്യങ്ങളൊന്നും ലഭിയ്ക്കാത്തത് ഖേദകരമാണെന്ന് റോസമ്മ പറയുന്നു.