മാധ്യമജാഗ്രത പൊതുജനജാഗ്രതായി; ഓയൂര്‍ കേസില്‍ മാധ്യമങ്ങള്‍ക്ക് കയ്യടി

ഓയൂര്‍ കേസിലെ മാധ്യമ റിപ്പോര്‍ട്ടിങ്ങിനെ പലരും അടച്ചാക്ഷേപിക്കുന്നതിനിടെയാണ് പൊലീസ് പ്രതികളെ പിടികൂടുന്നത്. മാധ്യമങ്ങള്‍ സമ്മര്‍ദം ചെലുത്തിയെന്ന് വിമര്‍ശിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരടക്കം കുട്ടിയുടെ മോചനത്തിലും തുടര്‍ നടപടികളിലും മാധ്യമങ്ങളുടെ പങ്ക് സമ്മതിക്കുന്നുണ്ട്.
ഓയൂരില്‍ കുട്ടിയെ കാണാതായ വിവരമറിഞ്ഞതുമുതല്‍ പൊലീസിനൊപ്പം നാടൊന്നാകെ തിരയുന്നത് അസാധാരണമായിരുന്നു. ഓരോ ചലനവും വാര്‍ത്തകളില്‍നിറഞ്ഞു. മണിക്കൂറുകള്‍ പിന്നിട്ടിട്ടും കുഞ്ഞിനെ പൊലീസിന് കണ്ടെത്താന്‍ കഴിയാതെ പോയതും സകലരുടെയും ആധിയായി.
ഇരുപത് മണിക്കൂറും സ്ക്രീനില്‍ നിറഞ്ഞ കുരുന്നിന്‍റെ ചിത്രം ജനത്തിന്‍റെ ഹൃദയത്തില്‍ തറച്ചു. അതുകൊണ്ടാണ് ആശ്രാമം മൈതാനത്തുണ്ടായ വിദ്യാര്‍ഥികള്‍ അവളെ തിരിച്ചറിഞ്ഞത്. മാധ്യമജാഗ്രത പൊതുജനജാഗ്രതായി മാറിയത് കുട്ടിയുടെ മോചനത്തിനിടയാക്കിയെന്നത് പൊലീസും സമ്മതിക്കുന്നു
പ്രതികളുടെ രേഖാചിത്രമടക്കം ജനങ്ങളിലേക്കെത്തിയതും മാധ്യമങ്ങളിലൂടെത്തന്നെ. കുറ്റങ്ങളും കുറവുകളുമുണ്ടാകാം, പക്ഷേ ജനജാഗ്രതയിലേക്കുള്ള വഴിയായിരുന്നു മാധ്യമജാഗ്രതയെന്ന വസ്തുതയ്ക്കുനേരെ കണ്ണടയ്ക്കാനാകില്ല.