അനുപമ ആദ്യം എതിര്‍ത്തു; യുട്യൂബില്‍ നിന്ന് പണം കിട്ടാതായപ്പോള്‍ ഒപ്പം ചേര്‍ന്നു…

കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയ കുറ്റകൃത്യത്തിന്റെ ബുദ്ധികേന്ദ്രം പത്മകുമാറിന്റെ ഭാര്യ അനിതാകുമാരിയെന്ന് എ.ഡി.ജി.പി. പത്മകുമാര്‍ കോവിഡിനുശേഷം കടുത്ത സാമ്പത്തികപ്രശ്നത്തിലായിരുന്നു. തട്ടിക്കൊണ്ടുപോകലിന് പ്രതികള്‍ ഒരുവര്‍ഷത്തോളം തയാറെടുപ്പ് നടത്തി. അടിയന്തര ആവശ്യത്തിനായി 10 ലക്ഷം രൂപയാണ് പ്രതികള്‍ ലക്ഷ്യമിട്ടത്.
കേസിൽ പ്രതിചേർക്കപ്പെട്ട 20 വയസ്സുകാരി അനുപമ യൂട്യൂബ് താരമാണ്. അനുപമ പത്മൻ എന്ന പേരിലുള്ള യൂട്യൂബ് ചാനലിന് 5 ലക്ഷത്തിനടുത്ത് സബ്സ്ക്രൈബേഴ്സ് ഉണ്ട്. യൂട്യൂബിലൂടെ മികച്ച വരുമാനം നേടിയിരുന്ന അനുപമ ആദ്യം കുറ്റകൃത്യത്തെ എതിർത്തിരുന്നെങ്കിലും വരുമാനം കുറഞ്ഞതോടെ തട്ടിക്കൊണ്ടു പോകലിന് കൂട്ടുനിൽക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
ഹോളിവുഡ് സെലിബ്രിറ്റികളുടെയും വിദേശ താരങ്ങളുടെയും റിയാക്ഷനുകൾ ചെയ്യുന്ന വിഡിയോകളും ഷോട്ട്സുമാണ് അനുപമ പത്മൻ എന്ന യൂട്യൂബ് ചാനലിന്റെ പ്രധാന ഉള്ളടക്കം.5 ലക്ഷത്തിനടുത്ത് കാഴ്ചക്കാരുള്ള ചാനലിൽ അനുപമയുടെ നായ്ക്കൾക്കൊപ്പമുള്ള വിഡിയോകൾക്കും പ്രത്യേക കാഴ്ചക്കാരുണ്ട്. മൂന്നുലക്ഷം മുതൽ 5 ലക്ഷം രൂപ വരെ മാസ വരുമാനം നേടിയിരുന്ന അനുപമ ആദ്യം മാതാപിതാക്കളുടെ പദ്ധതിയെ കർശനമായി എതിർത്തിരുന്നു.
നായപ്രേമിയായ അനുപമയുടെ ഉടമസ്ഥതയിൽ പത്തിലധികം നായ്ക്കളുണ്ട്. കൂടുതൽ നായകളെ സംരക്ഷിക്കാൻ ഷെൽട്ടർ ഹോം തുടങ്ങണമെന്നും അതിനായി പണം ആവശ്യപ്പെട്ടു കൊണ്ടും വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് .അപ്‌ലോഡ് ചെയ്തിരിക്കുന്ന 300 ൽ അധികം വരുന്ന വീഡിയോകളിൽ ഭൂരിഭാഗവും അമേരിക്കൻ താരം കിം കർദാഷിയനെക്കുറിച്ച്. ഇംഗ്ലീഷിലാണ് വീഡിയോകളുടെ അവതരണം.. ഗുരുതര കുറ്റകൃത്യത്തിൽ വെറും 20 കാരിയായ ബിഎസ്സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയുടെ പങ്ക് എത്രത്തോളമെന്ന് പോലീസ് വിശദമായി അന്വേഷിക്കും.