ഓറഞ്ച് ദ വേൾഡ് കാമ്പയിൻ കട്ടപ്പനയിൽ കലക്ടർ ഷീബാ ജോർജ് ഉദ്ഘാടനം ചെയ്തു
കട്ടപ്പന : സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തടയാനും ലിംഗവിവേചനം അവസാനിപ്പിക്കാനും ലക്ഷ്യമിട്ട് ഓറഞ്ച് ദ വേൾഡ് കാമ്പയിൻ കട്ടപ്പനയിൽ നടത്തി. ജില്ലാതല ഉദ്ഘാടനം കലക്ടർ ഷീബാ ജോർജ് നിർവഹിച്ചു. ഇടുക്കിക്കവലയിൽ കലക്ടർ ഫ്ളാഗ് ഓഫ് ചെയ്ത റാലി ടൗൺ ചുറ്റി നഗരസഭാ സ്റ്റേഡിയത്തിൽ സമാപിച്ചു. അങ്കണവാടി ജീവനക്കാർ, പൈനാവ് ഗവ. എൻജിനീയറിംഗ് കോളേജ്, കട്ടപ്പന സെന്റ് ജോൺസ് നഴ്‌സിംഗ് കോളേജ്, ലബ്ബക്കട ജെപിഎം കോളേജ് എന്നിവിടങ്ങളിലെ വിദ്യാർഥികൾ എന്നിവർ റാലിയിൽ അണിനിരന്നു.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തടയുന്നതിനും അവരെ സമൂഹത്തിന്റെ മുൻധാരയിൽ എത്തിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഓറഞ്ച് ദ വേൾഡ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ പ്രതിരോധിക്കേണ്ടത് സമൂഹത്തിന്റെ മുഴുവൻ ഉത്തരവാദിത്തമാണെന്ന് കലക്ടർ ഷീബാ ജോർജ് പറഞ്ഞു. നഗരസഭാ ചെയർപേഴ്‌സൺ ഷൈനി സണ്ണി അധ്യക്ഷയായി. ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർ മനോജ് മുരളി, സെക്രട്ടറി ആർ. മണികണ്ഠൻ, ജില്ലാ ശിശു വികസന ഓഫീസർ ഗീതാകുമാരി എസ്, സിഡിപിഒ ആർ ലേഖ, സുബിത പരമേശ്വരൻ തുടങ്ങിയവർ സംസാരിച്ചു.