ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ് ജില്ലയില്‍ വൈറല്‍ പനി ബാധിതര്‍ പതിനായിരത്തോളം
തൊടുപുഴ: മഴ ശക്തമായതോടെ ജില്ലയില്‍ വൈറല്‍ പനി ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ ഒട്ടേറെപ്പേരാണ് പനി ബാധിച്ച് ചികിത്സ തേടിയെത്തുന്നത്.
ഇന്നലെ മാത്രം 317 പേരാണ് ജില്ലയില്‍ പനി ബാധിച്ച് ആശുപത്രികളിലെത്തിയത്. ഈ മാസം 6621 പേര്‍ വൈറല്‍ പനി ബാധിച്ച് ചികിത്സ തേടി. കഴിഞ്ഞ മാസം പനിബാധിതരുടെ എണ്ണം 8935 ആയിരുന്നു. സ്വകാര്യ ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഹോമിയോ, ആയുര്‍വേദം തുടങ്ങി ഇതര ചികിത്സാവിഭാഗങ്ങളില്‍ എത്തിയവരുടെ എണ്ണം കൂടിയാകുന്പോള്‍ പനിബാധിതരുടെ എണ്ണം ഇരട്ടിയിലേറെ വരും.
ഇതിനു പുറമേ ഡെങ്കിപ്പനിയും എലിപ്പനിയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇന്നലെ നാലുപേരാണ് ഡെങ്കിപ്പനി സൂചനയോടെ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഈ മാസം ഡെങ്കിപ്പനിയെന്നു സംശയിക്കുന്ന കേസുകളുടെ എണ്ണം 30 ആണ്. എലിപ്പനി ലക്ഷണങ്ങളോടെ 14 പേര്‍ ഈ മാസം ആശുപത്രിയില്‍ ചികിത്സ തേടിയതില്‍ നാലു കേസുകള്‍ സ്ഥിരീകരിച്ചു.
കാലാവസ്ഥയിലെ മാറ്റമാണ് വൈറല്‍ പനി ബാധിതരുടെ എണ്ണം ഉയരുന്നതിനു കാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. പനി വിട്ടുമാറിയാലും ചുമ ശരീരവേദന, തൊണ്ടവേദന, മറ്റു ശാരീരിക ബുദ്ധിമുട്ടുകള്‍ എന്നിവ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന സ്ഥിതിയുമുണ്ട്. കുട്ടികള്‍ക്കിടയിലും പനി വ്യാപനമുണ്ട്.
ചികിത്സ തേടണം
ഡെങ്കിപ്പനിയും എലിപ്പനിയും പടരാനുള്ള സാധ്യതയുള്ളതിനാല്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. പനിലക്ഷണങ്ങള്‍ നിസാരമായി കാണാതെ എത്രയും വേഗം ചികിത്സ തേടണം. പനിക്കൊപ്പം ശരീരവേദയുണ്ടാകുന്പോള്‍ വേദനസംഹാരിയും മറ്റും കഴിച്ചുള്ള സ്വയം ചികിത്സ ഒഴിവാക്കണം. ഇടയ്ക്കിടെ പെയ്യുന്ന മഴ കൊതുക് വളരാനുള്ള സാഹചര്യം വര്‍ധിപ്പിക്കും.
ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുക് പകല്‍സമയങ്ങളിലാണു കടിക്കുന്നത്. ഈ സമയം ആളുകള്‍ പുറത്തായതിനാല്‍ രോഗം പകരുന്നതിനുള്ള സാധ്യത കൂടുതലാണ്. തൊഴിലുറപ്പ് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, ഓട വൃത്തിയാക്കുന്നവര്‍, പാടത്ത് ജോലി ചെയ്യുന്നവര്‍ തുടങ്ങി മലിനജലവുമായി സന്പര്‍ക്കമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എലിപ്പനിക്കുള്ള പ്രതിരോധ മരുന്നായ ഡോക്സി സൈക്ലിൻ കഴിക്കണം. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഇതു ലഭ്യമാണ്.
സാഹചര്യം ഒഴിവാക്കണം
കൊതുക് വളരാനുള്ള അനുകൂല സാഹചര്യങ്ങള്‍ ഒഴിവാക്കുക എന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗം. വീടിനകത്തും പുറത്തും മഴവെള്ളം കെട്ടിക്കിടക്കുന്നില്ലെന്നു ഉറപ്പാക്കണം. കുപ്പി, പാട്ട, ചിരട്ട, അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍, കളിപ്പാട്ടങ്ങള്‍, റബര്‍ ടാപ്പിംഗ് ചിരട്ടകള്‍, കൊക്കോ തോടുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഒരു സ്പൂണില്‍ താഴെ വെള്ളം ഒരാഴ്ച തുടര്‍ച്ചയായി കെട്ടിനില്‍ക്കുകയാണെങ്കില്‍ ഡെങ്കിപ്പനി പരത്തുന്ന കൊതുക് വളരുന്ന സാഹചര്യം ഉണ്ടാകും.
അതിനാല്‍ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണം. മുട്ടയില്‍നിന്നു കൊതുക് രൂപത്തിലേക്ക് എത്തുന്നതിന് ഒരാഴ്ചയോളം സമയമെടുക്കും. അതിനാല്‍ ആഴ്ചയില്‍ ഒരു ദിവസം ഡ്രൈ ഡേ ആചരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. മനോജ്, ജില്ലാ സര്‍വൈലൻസ് ഓഫീസര്‍ ഡോ. ജോബിൻ ജോസഫ് എന്നിവര്‍ അറിയിച്ചു.
ഡെങ്കിപ്പനി സാധ്യതാ സ്ഥലങ്ങള്‍
ജില്ലയില്‍ ആരോഗ്യവകുപ്പ് ആഴ്ചതോറും നടത്തുന്ന വെക്‌ടര്‍ സ്റ്റഡി റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ആഴ്ചയിലെ ഹൈ റിസ്ക് ഹോട്ട് സ്പോട്ടുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കൊന്നത്തടി പഞ്ചായത്തിലെ ചിന്നാര്‍,
കാന്തല്ലൂര്‍ പഞ്ചായത്തിലെ കാന്തല്ലൂര്‍, കട്ടപ്പന നഗരസഭയിലെ തൂങ്കുഴി, തൊടുപുഴ നഗരസഭയിലെ കുമ്മംകല്ല്, ചക്കുപള്ളം പഞ്ചായത്തിലെ മൂന്ന്, നാല് വാര്‍ഡുകള്‍ എന്നിവിടങ്ങളാണ് കഴിഞ്ഞ ആഴ്ച കണ്ടെത്തിയ പ്രധാന ഹോട്ട് സ്പോട്ടുകള്‍. ഈ സ്ഥലങ്ങളില്‍ കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ എന്നിവയ്ക്ക് സാധ്യത കൂടുതലാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.