രണ്ടു കുടുംബങ്ങൾ സ്ഥലം നൽകുന്നില്ല; കുളത്രക്കുഴിയിലെ കൊടുംവളവ് അപകടഭീഷണി
രാജാക്കാട് ∙ പന്നിയാർകുട്ടി കുളത്രക്കുഴിക്കു സമീപം കൊടുംവളവിലെ അപകടഭീഷണി ഒഴിവാക്കാൻ നടപടിയില്ല. റോഡിന്റെ അലൈൻമെന്റ് മാറ്റി നിർമിക്കുന്നതിനു രണ്ടു കുടുംബങ്ങൾ ഭൂമി വിട്ടുനൽകാൻ തയാറാകാത്തതാണു നടപടികൾ വൈകാൻ കാരണമെന്നു പൊതുമരാമത്ത് അധികൃതർ പറയുന്നു. കഴിഞ്ഞ 19 ന് ഇവിടെ നിയന്ത്രണം നഷ്ടപ്പെട്ട ലോറി സമീപവാസിയുടെ വീട്ടുമുറ്റത്തേക്ക് മറിഞ്ഞിരുന്നു.
റോഡ് നിർമാണത്തിനു ശേഷം ചെറുതും വലുതുമായ പത്തോളം വാഹന അപകടങ്ങളാണ് ഇവിടെ സംഭവിച്ചത്. മിക്ക വാഹനങ്ങളും നിയന്ത്രണം നഷ്ടപ്പെട്ട് പതിച്ചത് റോഡിന് താഴെയുള്ള വീടിന്റെ മുറ്റത്തേക്കാണ്. നേരത്തെ ഒരു ചരക്ക് ലോറി വീടിന്റെ ഒരു ഭാഗത്തേക്ക് ഇടിച്ചു കയറിയിരുന്നു. അപകടങ്ങളിൽ കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും ഇൗ കുടുംബത്തിന് ഇതുവരെ നഷ്ടപരിഹാരം ഒന്നും ലഭിച്ചിട്ടില്ല.
റോഡ് നിർമാണ സമയത്ത് ചിലർ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അലൈൻമെന്റ് മാറ്റിയതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്ന് ആരോപണമുണ്ട്. കുത്തിറക്കവും വളവും നിറഞ്ഞ കുളത്രക്കുഴി റോഡിലൂടെ വലിയ വാഹനങ്ങൾ കടത്തി വിടുന്നത് എല്ലായ്പോഴും അപകട ഭീഷണി ഉയർത്തുന്നതാണെന്നു പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ പറയുന്നു. റോഡിന്റെ അലൈൻമെന്റ് മാറ്റിയതു കൊണ്ട് മാത്രം അപകട ഭീഷണി ഒഴിവാക്കാനാവില്ല.
പൊന്മുടി തൂക്കുപാലത്തിനു സമീപം കോൺക്രീറ്റ് പാലം നിർമിച്ച് വലിയ വാഹനങ്ങൾ അതു വഴി മാത്രം തിരിച്ചു വിടുന്നതാണ് ശാശ്വതമായ പരിഹാര മാർഗം. പൊന്മുടി തൂക്കു പാലം വഴി അഞ്ചര മീറ്റർ വീതിയിൽ നിർമിച്ച റോഡിൽ കുത്തിറക്കങ്ങളോ കൊടുംവളവുകളോ ഇല്ല. തൂക്കുപാലത്തിനു സമീപം കോൺക്രീറ്റ് പാലം നിർമിക്കുന്നതിന് അന്വേഷണ നടപടികൾ പൂർത്തിയാക്കിയെങ്കിലും തുടർ നടപടികളുണ്ടായില്ല.