മുനിയറകളിൽ സാമൂഹികവിരുദ്ധരുടെ വിളയാട്ടം; പുരാവസ്തു വകുപ്പ് നടപടിയെടുക്കുന്നില്ല
മറയൂർ ∙ ചരിത്ര സ്മാരകങ്ങൾ ഇന്നു സാമൂഹികവിരുദ്ധരുടെ വിഹാരകേന്ദ്രം. ആറായിരം വർഷങ്ങൾ പഴക്കമുള്ള ചരിത്രസ്മാരകങ്ങളായ മറയൂരിലെ മുനിയറകൾ സാമൂഹികവിരുദ്ധരുടെ വിളയാട്ടം മൂലം നശിക്കുന്നു. പ്രദേശത്ത് ആയിരക്കണക്കിന് മുനിയറകൾ നിലനിന്നിരുന്നിടത്തു നിലവിൽ അവശേഷിക്കുന്നത് നൂറോളം മാത്രം.
മൂവായിരം മുതൽ ആറായിരത്തിലധികം വർഷം പഴക്കമുള്ളതും നവീന ശിലായുഗ ചരിത്രം ആലേഖനം ചെയ്തിട്ടുള്ളതുമായ മറയൂരിലെ മുനിയറകളുടെയും ഗുഹാചിത്രങ്ങളുടെയും സംരക്ഷണത്തിനായി പുരാവസ്തു വകുപ്പോ ബന്ധപ്പെട്ട അധികാരികളോ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല എന്ന ആരോപണവും ശക്തമാണ്. ഈ മനോഹരമായ സ്ഥലത്തു കുപ്പികൾ പാറപ്പുറത്ത് അടിച്ചുപൊട്ടിക്കലും അനുവാദമില്ലാതെ ജീപ്പ് സഫാരി നടത്തലും പതിവാണ്.
ഇതിനെതിരെ പുരാവസ്തു വകുപ്പ് നടപടിയെടുക്കുന്നില്ല എന്ന ആരോപണവുമുണ്ട്. സ്മാരകങ്ങളെ പഞ്ചായത്ത് പോലെയുള്ള സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ പദ്ധതികൾ തയാറാക്കി നടപ്പിലാക്കിയാൽ ചരിത്ര വിദ്യാർഥികൾക്കും ടൂറിസ്റ്റുകൾക്കും സന്ദർശിക്കാനും ഇവിടെയുള്ള ജനങ്ങൾക്ക് ജോലി സാധ്യതയ്ക്കും നാടിന്റെ വികസനത്തിനും വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്ക്കും കരുത്തു പകരുമെന്നാണു പൊതുപ്രവർത്തകരുടെ അഭിപ്രായം.