ഓൺലൈൻ ക്ലാസിനായി കുട്ടികൾ മലയിറങ്ങി…കാതങ്ങൾ താണ്ടി…
മറയൂർ : മൂന്നാർ പഞ്ചായത്തിലെ സോത്തുപാറ ഗവ. ഹൈസ്കൂളിലെ കുട്ടികൾക്ക് ഈ വർഷം വീട്ടിലിരുന്ന് ഓൺലൈനിലൂടെ സ്കൂൾ പ്രവേശനോത്സവത്തിലും ക്ലാസിലും പങ്കെടുക്കാൻ കഴിഞ്ഞില്ല.
വീടിനും സ്കൂളിനും സമീപം മൊബൈൽ നെറ്റ് വർക്ക് ഇല്ലാത്തതിനാൽ രണ്ടും മൂന്നും കിലോമീറ്റർ ദൂരം നടന്ന് തലയാർ 4-ജി ടവറിന്റെ പരിധിയിൽ എത്തിയാണ് ക്ലാസിൽ പങ്കെടുത്തുവരുന്നത്.
സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന തേയിലത്തോട്ടം തൊഴിലാളികളുടെ മക്കളാണ് ഈ തമിഴ് മീഡിയം സ്കൂളിലെ കുട്ടികൾ. 2 ജി സംവിധാനം മാത്രമുള്ള ടവറാണ് ഈ മേഖലയിലുള്ളത്.
തെൻമല, സോത്തുപാറ, ഫാക്ടറി ഡിവിഷൻ, ബെൻമൂർ മേഖലയിലുള്ള കുട്ടികളാണ് കിലോമീറ്ററുകൾ താണ്ടി തലയാർ ടവറിന് താഴെയെത്തി ക്ലാസിൽ പങ്കെടുത്തത്.
ആകെ പെടാപ്പാട്
കഴിഞ്ഞ അധ്യയനവർഷം പത്തിൽ പഠിക്കുന്ന കുട്ടികൾക്ക് റേഞ്ച് ഇല്ലാത്തതിനാൽ ഓഫ് ലൈൻ ക്ലാസിലൂടെ പഠനം നടത്തിയാണ് പൊതുപരീക്ഷ എഴുതിയത്. സ്കൂൾ പ്രധാനാധ്യാപകൻ സെൽവിൻ രാജിന്റെ നേതൃത്വത്തിൽ അധ്യാപകസംഘം വിക്ടേഴ്സ് ചാനലിൽ വരുന്ന ക്ലാസുകളുടെ യൂട്യൂബ് വീഡിയോ പെൻഡ്രൈവിൽ എടുത്ത് വിദ്യാർത്ഥികളുടെ വീട്ടിൽ എത്തിച്ച് പകർത്തിനൽകുകയായിരുന്നു ചെയ്തിരുന്നത്.
ഇത്തവണ ഓൺലൈനിൽ നടന്ന പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് അംഗം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കട്ടബൊമ്മൻ, മൂന്നാർ ബി.പി.ഒ. ഹെപ്സി ക്രിസ്റ്റിനാൽ, പ്രധാനാധ്യാപകൻ സെൽവിൻ രാജ്, അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.