തിരികെ സ്‌കൂളിലേക്ക് കാമ്പയിന്റെ ഭാഗമായി ബാല്യകാല ഓർമ്മകൾ അയവിറക്കി പുസ്തക സഞ്ചികളുമായി അമ്മമാർ സ്കൂളുകളിലെത്തി
നെടുങ്കണ്ടം:തിരികെ സ്‌കൂളിലേക്ക് കാമ്പയിന്റെ ഭാഗമായി ബാല്യകാല ഓർമ്മകൾ അയവിറക്കി പുസ്തക സഞ്ചികളുമായി അമ്മമാർ സ്കൂളുകളിലെത്തി. സ്കൂൾ പ്രവേശനോത്സവത്തെ അനുസ്മരിച്ച് ഓരോരുത്തർക്കും വർണ്ണ ബലൂണുകൾ വിതരണം ചെയ്തു. സ്കൂളിൽ അസംബ്ലിക്കു ശേഷം ക്ലാസുകൾ ആരംഭിച്ചു.ഓരോ കുടുംബശ്രീ യൂണിറ്റുകളും ഓരോ ഡിവിഷനുകളായി തിരിച്ചു. ഒന്നും മുതൽ 7വരെ ക്ലാസുകളായിരുന്നു’ തുടർന്ന് ഓരോ ക്ലാസ് മുറികളിലും അധ്യാപകർ എത്തി ഹാജർ രേഖപ്പെടുത്തിയ ശേഷം ക്ലാസുകൾ ആരംഭിച്ചു. നെടുങ്കണ്ടം കുടുംബശ്രീ സി.ഡി.എസിന്റെ ഏഴ്, എട്ട് വാര്‍ഡുകള്‍ സംയുക്തമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. കോമ്പയാര്‍ സെന്റ് തോമസ് എല്‍.പി സ്‌കൂളില്‍ പരിപാടിക്ക് മുന്നോടിയായി നടന്ന റാലി വാര്‍ഡ് മെമ്പര്‍ ശോഭനാ വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. എട്ടാം വാര്‍ഡ് മെമ്പര്‍ ഡി ജയകുമാര്‍ മാലിന്യ മുക്ത നവ കേരളാ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിജു, പഞ്ചായത്ത് മെമ്പര്‍മാരായ ബിന്ദു സഹദേവന്‍, വിജയലക്ഷ്മി, എം.എസ് മഹേശ്വരന്‍, വായനശാലാ മുന്‍ സെക്രട്ടറി ടി.പി ഗോപാലന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എ.ഡി.എസ് ഭാരവാഹികളായ ജെസി, നിഷ, ജിനി, സി.ഡി.എസ് മെമ്പര്‍മാരായ സിന്ധു, ബീന തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.