കളക്ടര്‍ ഇടപെട്ടു: തൊടുപുഴ സിവില്‍ സ്റ്റേഷൻ പരിസരം വെടിപ്പായി
തൊടുപുഴ: ജില്ലാ കളക്ടര്‍ ഇടപെട്ടു. തൊടുപുഴ സിവില്‍ സ്റ്റേഷൻ വളപ്പിലെ കാടും പടലും വെട്ടി നീക്കി. ഇതു സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ട കളക്ടര്‍ ഷീബ ജോര്‍ജ് കാടും പടലും നീക്കി സിവില്‍ സ്റ്റേഷൻ പരിസരം വൃത്തിയാക്കാൻ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.നൂറുകണക്കിന് സര്‍ക്കാര്‍ ജീവനക്കാരും പൊതുജനങ്ങളും ദിവസേനയെത്തുന്ന തൊടുപുഴ മിനി സിവില്‍ സ്റ്റേഷൻ പരിസരത്ത് കാടു വളര്‍ന്നുനില്‍ക്കുന്നതിന്‍റെ വാര്‍ത്തയും ചിത്രവും ദീപിക ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു.
സിവില്‍ സ്റ്റേഷന്‍റെ മുറ്റത്തും പാര്‍ക്കിംഗ് ഏരിയയിലും മാത്രമല്ല കെട്ടിടങ്ങളില്‍ വരെ കാട്ടുചെടികള്‍ വളര്‍ന്നിരിക്കുകയായിരുന്നു. ജനറേറ്റര്‍ മുറിയും ജലസംഭരണിയും ഉള്‍പ്പെടെ വള്ളിപ്പടര്‍പ്പുകള്‍ മൂടിയിരുന്നു. ജീവനക്കാരും സന്ദര്‍ശകരും ഇഴജന്തുക്കളുടെ ഭീതിയിലാണ് സഞ്ചരിച്ചിരുന്നത്.
ഏറെ നാളായി സിവില്‍ സ്റ്റേഷൻ പരിസരം ഇതേ നിലയിലായിരുന്നു. നിലവില്‍ സിവില്‍ സ്റ്റേഷന്‍റെ പിൻഭാഗത്തുള്ള മരങ്ങളില്‍നിന്നുള്ള ഇലകളും മറ്റും വീണ് ഇവിടെ വൃത്തിഹീനമായ അവസ്ഥയിലാണ്.