ദേവികുളത്ത് ലക്ഷങ്ങള്‍ വിലമതിക്കുന്ന കെ.എസ്.ആര്‍.ടി.സിയുടെ ഭൂമി അനാഥം
മൂന്നാര്‍: ജീവനക്കാര്‍ക്ക് ശമ്ബളം കൊടുക്കാൻപോലും കഴിയാതെ വലയുന്ന കെ.എസ്.ആര്‍.ടി.സിക്ക് ദേവികുളം ടൗണില്‍ സ്വന്തമായുള്ള ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമി ഒരു വരുമാനത്തിനും ഉപയോഗിക്കാതെ വെറുതെ കിടക്കുന്നു.മൂന്നാറില്‍ 1982ല്‍ കെ.എസ്.ആര്‍.ടി.സി സബ്ഡിപ്പോ ആരംഭിക്കുന്നതിന് മുമ്ബ് ബസുകള്‍ നിര്‍ത്തിയിട്ടിരുന്നതും ജീവനക്കാര്‍ വിശ്രമിച്ചിരുന്നതും ദേവികുളത്തെ ഈ സ്ഥലത്തായിരുന്നു.അന്ന് ഉപയോഗിച്ചിരുന്ന ഗാരേജ് കെട്ടിടവും തകര്‍ന്ന നിലയില്‍ ഇവിടെയുണ്ട്.
ദേവികുളം ടൗണില്‍ ആര്‍.ഡി.ഒ ഓഫിസിന് എതിര്‍വശം 17 സെന്റാണ് കെ.എസ്.ആര്‍.ടിസിക്ക് സ്വന്തമായുള്ളത്. മൂന്നാറില്‍ സബ്ഡിപ്പോ ആരംഭിച്ചതോടെയാണ് സ്ഥലവും കെട്ടിടവും ഉപയോഗിക്കാതായത്. ഇതോടെ ഗാരേജ് കെട്ടിടത്തിലെ മരഉരുപ്പടികള്‍ മുഴുവൻ മോഷ്ടാക്കള്‍ പൊളിച്ചുകടത്തി.വെറുതെ കിടക്കുന്ന ഭൂമി കെ.എസ്.ആര്‍.ടി.സിക്ക് വരുമാനമാര്‍ഗമാക്കി മാറ്റാനുള്ള ബി.ഒ.ടി പദ്ധതിപ്രകാരം മൂന്നാറിന്റെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്തി ഇവിടെ നക്ഷത്ര ഹോട്ടല്‍ സംരംഭം തുടങ്ങാൻ തീരുമാനിക്കുകയും രണ്ടുവര്‍ഷം മുമ്ബ് ഇതിനുള്ള രൂപരേഖ തയാറാക്കി ടെൻഡര്‍ ക്ഷണിക്കുകയും ചെയ്തതാണ്. എന്നാല്‍, പിന്നീട് നടപടി മുന്നോട്ടുപോയില്ല. 10 ആഡംബര മുറികളും ഭക്ഷണശാലയുമാണ് പദ്ധതിയിലുണ്ടായിരുന്നത്. ഇതില്‍ ഒരുമുറി കെ.എസ്.ആര്‍.ടി.സിക്ക് ഉപയോഗിക്കാനും ഉദ്ദേശിച്ചിരുന്നു. സ്വകാര്യ സംരംഭകര്‍ക്ക് 30 വര്‍ഷത്തേക്ക് കരാര്‍ നല്‍കുന്നതിനായിരുന്നു അന്ന് ടെൻഡര്‍ ക്ഷണിച്ചത്.മൂന്നാറിലും വാണിജ്യാവശ്യത്തിന് ഉപയോഗിക്കാവുന്ന മൂന്നര ഏക്കര്‍ വെറുതെ കിടക്കുന്നു. പഴയ മൂന്നാര്‍ കെ.എസ്.ആര്‍.ടിസി സബ് ഡിപ്പോയോട് ചേര്‍ന്ന് ദേശീയ പാതയോരത്താണ് ഈ സ്ഥലം.ഇത് വാണിജ്യാവശ്യത്തിന് ഉപയോഗിക്കാൻ പലപ്പോഴായി പല പദ്ധതികള്‍ കൊണ്ടുവന്നെങ്കിലും ഒന്നും നടപ്പായില്ല.