പല്ലാരിമംഗലത്ത് പാഠം 1 പാടത്തേക്ക്… നടീൽ ഉത്സവം നടത്തി
കൂവള്ളൂർ ഇർശാദിയ്യ പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ നെൽകൃഷിയെ നേരിട്ട് പരിചയപ്പെടുന്നതിനുവേണ്ടി പാഠം 1 പാടത്തേക്ക് എന്ന സന്ദേശമുയർത്തി ഞാറുനട്ടു. പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് കൂവള്ളൂർ പാടശേഖര സമിതിയും, ഏഴാം വാർഡ് തൊഴിലുറപ്പ് പദ്ധതി പ്രവർത്തകരും സംയുക്തമായാണ് വിദ്യാർത്ഥികൾക്ക് നെൽകൃഷി നേരിട്ട് പരിചയപ്പെടുത്തുന്നതിന് വേണ്ടിയുള്ള നടീൽ ഉത്സവം സംഘടിപ്പിച്ചത്. നൂറോളം വിദ്യാർത്ഥികളും, അധ്യാപകരും, തൊഴിലുറപ്പ് തൊഴിലാളികളോടൊപ്പം ഉഴുതുമറിച്ച പാടത്ത് ഞാറ്റുവേല പാട്ടിന്റെ അകമ്പടിയോടെ ഞാറുനട്ടത് കുട്ടികൾക്കും നാട്ടുകാർക്കും കൗതുക കാഴ്ചയായി. പഞ്ചായത്ത് പ്രസിഡണ്ട് ഖദീജ മുഹമ്മദ് നാട്ടീൽ ഉത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഒ ഇ അബ്ബാസ് അക്ഷ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ യു മുഹമ്മദ് ബഷീർ, സഹകരണ സംഘം കൺവീനർ കെ ബി മുഹമ്മദ്, പാടശേഖര സമിതി പ്രവർത്തകരായ മുഹസിൻ സി മുഹമ്മദ്, കെ ആർ സുഗതൻ, അധ്യാപകരായ ഹക്കീംഖാൻ, മഞ്ജു രഞ്ജിത്ത്, നസീഹ ഷമീർ, സൂഫിയ മീരാൻ, ടി എം സഹലത്ത് എന്നിവർ പ്രസംഗിച്ചു.