അടിമാലി ബസ്റ്റാൻഡിൽ മൂക്കു പൊത്താൻ വിധിക്കപ്പെട്ട് ജനം: മാലിന്യം ജലാശയത്തിലേക്ക്


അടിമാലി: ബസ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്ക് മൂക്കുപൊത്താതെ കടന്നുപോകാൻ കഴിയാതായിട്ട് വർഷങ്ങൾ പിന്നിട്ട ശേഷവും അനങ്ങാപ്പാറ നയവുമായി അധികൃതർ.
ഓടയിൽ വൻതോതിൽ മാലിന്യം കുമിഞ്ഞു കൂടിയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നതാണ് ആക്ഷേപം. വൻതോതിലാണ് മാലിന്യം സമീപത്തെ പുഴയിലേക്കും ജലാശയങ്ങളിലേക്കും വ്യാപിക്കുന്നത്.
പകർച്ചവ്യാധി ഭീഷണി ഉയർത്തയിട്ടും ആരോഗ്യവകുപ്പ് അധികൃതരും കർശന നിലപാട്
സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് വ്യാപക പ്രതിഷേധമുണ്ട്. എന്നാൽ തങ്ങൾ ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നതു മൂലം റിപ്പോർട്ട് സമർപ്പിക്കാറുണ്ടെന്നും നടപടി സ്വീകരിക്കേണ്ടത് പഞ്ചായത്ത് അധികൃതരാണെന്നും ഒരു വിഭാഗം ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.
ബസ്റ്റാൻഡിലെ പൊതുശൗചാലയത്തിലെ മാലിന്യവും ഓടയിലൂടെ പുഴയിലേക്ക് ഒഴുക്കുന്നതായി പരാതി വ്യാപകമാണ്.
വാൽവ് തുറന്ന് മാലിന്യം വൻ തോതിൽ ഒഴുക്കുന്ന സമയത്ത് അസഹനീയമായ ദുർഗന്ധമാണ് വമിക്കുന്നത്. സമീപത്തെ വ്യാപാരികളാണ് ഇതിന്റെ പരിണിത ഫലം കൂടുതലായി അനുഭവിക്കുന്നത്. അധികൃതർക്ക് പലവട്ടം പരാതി നൽകിയിട്ടും നടപടിയില്ല.
ഹൈറേഞ്ച് മേഖലയിൽ ഏതാനും വർഷങ്ങളായി മാലിന്യ നിർമ്മാർജ്ജന
രംഗത്ത് ഗ്രാമപഞ്ചായത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. എന്നാൽ ബസ്റ്റാന്റിലെ മാലിന്യം പോലും വേണ്ട വിധത്തിൽ ക്രമീകരിക്കാൻ ഇതുവരെ
ആയിട്ടില്ല. വാർഡുതലങ്ങളിലെ ആശാ പ്രവർത്തകർ തുടങ്ങി ജൂനിയർ ഹെൽത്ത്
നേഴ്‌സുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ,
ഡോക്ടർമാർ അടങ്ങുന്ന വലിയൊരു വിഭാഗം ആരോഗ്യപ്രവർത്തകരാണ്
ആരോഗ്യവിഭാഗത്തിൽ ജോലി നോക്കുന്നത്. ഇതിൽ ബഹുഭൂരിപക്ഷവും ഫീൽഡ്
സ്റ്റാഫുകളാണ്. ഇവർ ഫലപ്രദമായ പരിശോധനകളോ അനുബന്ധ നടപടികളോ
സ്വീകരിക്കാത്തതാണ് ഇപ്പോഴത്തെ പ്രതസന്ധിക്കും കാരണമെന്ന ആക്ഷേപം തുടരുകയാണ്. ഇടക്കിടെ മഴ കനക്കുന്ന പശ്ചാത്തലത്തിൽ പകർച്ച വ്യാധികൾ പടർന്നു പിടിക്കുന്ന സാഹചര്യമുണ്ട്. മാർക്കറ്റിനും സമീപവും അടിമാലി സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപവും വൻ
തോതിൽ ചീഞ്ഞ് അഴുകിയ മാലിന്യം നിറഞ്ഞിരിക്കുന്ന സ്ഥിതിയുണ്ട്. ഈച്ചയും
കാക്കയും കൊതുകും അവശിഷ്ടങ്ങളിൽ നിന്നും മറ്റു ഭക്ഷണ പദാർത്ഥങ്ങളിലേക്കും
മനുഷ്യരിലേക്കും വ്യാപകമായി എത്തിക്കുന്നതാണ് ഇപ്പോൾ പകർച്ചവ്യാധി ഭീഷണി വർദ്ധിപ്പിക്കുന്നത്.
ബസ് സ്റ്റാൻഡിലൂടെ ഒഴുകുന്ന ഓടകൾ നിറയെ ജീർണ്ണിച്ച അവശിഷ്ടങ്ങളും മലിന
ജലവുമാണ്. സമീപത്തെ കുടിവെള്ള സ്രോതസുകളിലേക്കും മാലിന്യം കലരുന്ന
സാഹചര്യവുമുണ്ട്. വ്യാപകമായ പ്രതിഷേധങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ
മാത്രമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പരിശോധനയെന്ന പ്രഹസനം നടക്കുന്നത്.
വലിയ തോതിൽ ക്രമക്കേടുകൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്ക് പോലും അഞ്ഞൂറോ
ആയിരമോ പിഴ ചുമത്തി, കുറ്റക്കാരെ പരസ്യമായി സഹായിക്കുന്ന നിലപാടാണ്
ബന്ധപ്പെട്ടവർ സ്വീകരിക്കുന്നത്. റോഡുവക്കിലെ മാലിന്യ ബോക്സിൽ ഒരു കവറിൽ മാലിന്യം നിക്ഷേപിച്ചു എന്ന പേരിൽ 5000 രൂപയാണ് കഴിഞ്ഞ ദിവസം ഇതര സംസ്ഥാന തൊഴിലാളിക്ക് രസീത് എഴുതി നൽകിയത്. ഇത് അടയ്ക്കാൻ പണമില്ലെന്ന് താണുകേണു വരെ പറഞ്ഞ തൊഴിലാളിക്ക് എതിരെ പോലീസിൽ പരാതി നൽകാനും ഉദ്യോഗസ്ഥൻ മറന്നില്ല. ഇതര സംസ്ഥാന തൊഴിലാളി കയർത്തു സംസാരിച്ചത് മൂലമാണ് മാലിന്യ നിക്ഷേപത്തിന്റെ പേരിൽ പഞ്ചായത്ത് സെക്രട്ടറിയെ കൊണ്ട് പോലീസിൽ പരാതി നൽകിയതെന്ന് ഉദ്യോഗസ്ഥൻ പിന്നീട് പറഞ്ഞു. എന്നാൽ വൻതോതിൽ മാലിന്യം പുഴയിലേക്ക് ഒഴുക്കുന്നതിനെതിരെ നടപടി സ്വീകരിക്കാത്തതും ശ്രദ്ധേയമാണ്. ദേവിയാർ പുഴയടക്കമുള്ള പുഴകളും തോടുകളും ഗ്രാമപഞ്ചായത്ത്
പരിധിയിൽ ലക്ഷങ്ങൾ ചെലവഴിച്ച് വൃത്തിയാക്കുന്ന ജോലികളും നടന്നിരുന്നു. ഈ
പുഴകളിലേക്ക് ഒഴുകുന്ന കൈത്തോടുകളും അരുവികളും ഓടകളുമെല്ലാം
മാലിന്യവാഹിനികളായി തുടരുന്ന പശ്ചാത്തലത്തിൽ
വൃത്തിയാക്കൽ ജോലികളെല്ലാം വെറുതെയായി. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പൊതുശൗചാലയത്തിലെ മാലിന്യം വരെ പുഴയിലേക്ക് ഒഴുക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.