ജനവാസ മേഖലയിൽ വനപാലകർ കാട്ടുപന്നികളെ ഇറക്കിവിട്ട സംഭവം:
നടപടിയെടുക്കുമെന്ന് ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് വനമന്ത്രിയുടെ ഉറപ്പ്


ശബരിമല തീർഥാടനകാലം തുടങ്ങുന്നതിന്റെ ഭാഗമായി പമ്പയിൽ നിന്ന് പിടികൂടിയ കാട്ടുപന്നികളെ ലോറിയിൽ എത്തിച്ച് ജനവാസമേഖലയിൽ ഇറക്കിവിട്ട വനം വകുപ്പിന്റെ നടപടിയിൽ പ്രതിഷേധം. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന് ഇടുക്കി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനു പരാതിനൽകി.സംഭവത്തിൽ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. പെരുവന്താനം പഞ്ചായത്തിലെ ചെന്നാപ്പാറ കോരുത്തോട് പഞ്ചായത്തിലെ കൊമ്പ്കുത്തി എന്നിവിടങ്ങളിലാണ് വനപാലകർ കാട്ടുപന്നികളെ ഇറക്കിവിട്ടത്. പമ്പ ജ്യോതിയുടെ ലോറിയിൽ കൊണ്ടുവന്ന പന്നികളെ ഇറക്കുന്നത് നാട്ടുകാർ തടയുകയും മൊബൈൽ ഫോണിൽ ദൃശ്യം പകർത്തുകയും ചെയ്തിരുന്നു.രാത്രി ലോറി പോകുന്നത് ശ്രദ്ധയിൽപ്പെട്ട തോട്ടം ജീവനക്കാരൻ പിന്തുടർന്ന് ചെന്നപ്പോഴാണ് പന്നികളെ കൂട്ടത്തോടെ ഇറക്കിവിടുന്നത് കണ്ടത്. വിവരമറിഞ്ഞ് നാട്ടുകാർ സ്ഥലത്തെത്തി പ്രതിഷേധം അറിയിച്ചെങ്കിലും വനപാലകർ പന്നികളെ ഇറക്കിവിട്ടു മടങ്ങി. ജനവാസ മേഖലയിലെത്തിയ പന്നികൾ ഇപ്പോൾ കൂട്ടത്തോടെ എസ്റ്റേറ്റ് ലയങ്ങളുടെ പരിസരത്തും പാതയിലും കാലിത്തൊഴുത്തിലും എത്തുന്നു. നിലവിൽ വന്യമൃഗങ്ങളുടെ ശല്യം മൂലം തൊഴിലാളികൾക്ക് ജോലി ചെയ്യാനോ സ്വസ്ഥമായി ജീവിക്കാനോ കഴിയാത്ത സാഹചര്യമാണ് പ്രദേശത്തുള്ളത്. മാസങ്ങളായി ഇവിടെ കാട്ടാനകളുടെയും പുലിയുടെയും സാന്നിധ്യമുണ്ട്. ഇതിനിടെയാണ് കാട്ടുപന്നിക്കൂട്ടത്തെയും വനപാലകർ സ്ഥലത്ത് എത്തിച്ചത്.