മേമ്മുട്ടത്തിനു സമീപം മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് റോഡ് ഗതാഗതയോഗ്യമാക്കി
മൂലമറ്റം ഉളുപ്പൂണി റോഡിൽ മേമ്മുട്ടത്തിനു സമീപം മണ്ണിടിച്ചിലുണ്ടായ ഭാഗത്തെ മണ്ണും കല്ലും നീക്കി റോഡ് ഗതാഗതയോഗ്യമാക്കി. മണ്ണുമാന്തി യന്ത്രമുപയോഗിച്ചാണു വലിയ പാറകൾ നീക്കം ചെയ്തത്. പൊതുമരാമത്ത് വകുപ്പിന്റെ നിർദേശപ്രകാരം റോഡ് വികസന സമിതിയംഗങ്ങൾ, പഞ്ചായത്ത് അംഗവും നാട്ടുകാരും ചേർന്നാണ് റോഡ് ഗതാഗതയോഗ്യമാക്കിയത്. മഴ മാറാതെ പണി പുനരാരംഭിക്കുന്നതിനായി കഴിയില്ല. മൂലമറ്റം മുതൽ പതിപ്പള്ളി വരെ ഗതാഗതം തടസ്സപ്പെട്ടിരുന്നു.
കരാറുകാരന്റെ നേതൃത്വത്തിൽ മെറ്റലും പാറപ്പൊടിയും, മണ്ണും ഇട്ട് റോഡ് താൽക്കാലികമായി ഗതാഗതയോഗ്യമാക്കി. മഴയും, ലോക്ക് ഡൗണും മാറിയാൽ മാത്രമേ ടാറിങ് അടക്കം ബാക്കി പണികൾ പൂർത്തീകരിക്കാൻ കഴിയൂ. റോഡ് വികസന സമിതി ചെയർമാൻ എം.ഡി. ദേവദാസ്, പഞ്ചായത്ത് അംഗം പി.എ. വേലുക്കുട്ടൻ, രഞ്ജിത്ത് രാഘവൻ, പി.ജി. ജനാർദനൻ, രവീന്ദ്രൻ ചാമ്പക്കൽ, രാജു പടകുടി എന്നിവർ റോഡ് നിർമാണത്തിന് നേതൃത്വം നൽകി.