മഹാകുംഭമേള നാളെ അവസാനിക്കും; ശിവരാത്രി സ്‌നാനത്തോടെ സമാപനം: പ്രയാഗ്‌രാജിലേക്ക് തീർത്ഥാടകരുടെ ഒഴുക്ക്


ജനുവരി 13ന് ആരംഭിച്ച പ്രയാഗ്‌രാജ് മഹാകുംഭമേളയ്‌ക്ക് നാളെ സമാപനം. നാളെ മഹാശിവരാത്രി ദിവസത്തെ സ്‌നാനത്തോടെ സമാപനം. കോടികണക്കിന് ഭക്തരാണ് മഹാശിവരാത്രി ദിനത്തിൽ പ്രയാഗ്‌രാജിലേക്ക് എത്തുന്നത്. ഇതുവരെ 62 കോടിയിൽപ്പരം തീർത്ഥാടകരെത്തിയെന്നാണ് യുപി സർക്കാരിന്റെ കണക്കുകൾ. മേഖലയിൽ സുരക്ഷാസന്നാഹം ശക്തമാക്കി.
ഇന്നലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ, ബോളിവുഡ് നടൻ അക്ഷയ് കുമാർ, നടി കത്രീന കൈഫ് എന്നിവർ ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം ചെയ്‌തു.
തിക്കും തിരക്കും നിയന്ത്രിക്കാൻ ന്യൂഡൽഹി, പ്രയാഗ്‌രാജ് റെയിൽവേ സ്റ്റേഷനുകളിൽ ക്രമീകരണങ്ങൾ ഊർജ്ജിതമാണ്. കുംഭമേളയിലും ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിലും തിക്കിലും തിരക്കിലും മരണങ്ങളുണ്ടായ സാഹചര്യത്തിലാണ് അതിജാഗ്രത.
മെഡിക്കൽ യൂണിറ്റുകൾ 24 മണിക്കൂറും സജ്ജം. ഇന്നലെ 15,000ൽപ്പരം ശുചീകരണ തൊഴിലാളികൾ പങ്കെടുത്ത ശുചീകരണ യജ്ഞം നടത്തി. 10 കിലോമീറ്ററോളം തൂത്തു വൃത്തിയാക്കി. ശൂചീകരണ യജ്ഞങ്ങളിൽ ഇത് ലോക റെക്കോർഡാണെന്ന് ഉത്തർപ്രദേശ് സർക്കാർ വ്യക്തമാക്കി.
അതേസമയം കുംഭമേള ക്രമീകരണങ്ങളിൽ ആരോപണമുന്നയിക്കുന്ന പ്രതിപക്ഷ നേതാക്കളെ കഴുകന്മാരെന്ന് വിശേഷിപ്പിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. ഒറ്റപ്പെട്ട സംഭവങ്ങളെ ഊതിപെരുപ്പിക്കുന്നു. സമാജ്‌വാദി പാർട്ടിയെ പോലെ വിശ്വാസം വച്ചു കളിച്ചിട്ടില്ലെന്നും യോഗി കുറ്റപ്പെടുത്തി.