ആശാ വർക്കർമാർ കേന്ദ്ര സർക്കാരിൻ്റെ ഭാഗം, അവരാണ് ഇടപെടേണ്ടത്; എ വിജയരാഘവൻ


ആശാ വർക്കർമാർ കേന്ദ്ര സർക്കാരിൻ്റെ പദ്ധതിയുടെ ഭാഗമാണെന്നും അവരാണ് പ്രശ്നത്തിൽ ഇടപെടേണ്ടതെന്നും സിപിഐ എം പോളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ. ആശാ വർക്കർമാർക്ക് ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്നത് കേരളത്തിലാണ്. അനുഭാവപൂർവമായ സമീപനമാണ് സർക്കാർ ആശമാർക്കായി സ്വീകരിച്ചത്. പിണറായി സർക്കാറിനെതിരെ സമരം നടത്താനാണ് ആശാവർക്കർമാരെ ഉപയോഗിക്കുന്നതെന്നും എ വിജയരാഘവൻ വ്യക്തമാക്കി.
അതേസമയം, സെക്രെട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം ചെയ്യുന്ന ആശാ വർക്കർമാർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കണമെന്ന് നാഷ്ണൽ ഹെൽത്ത് മിഷൻ ഉത്തരവിറക്കി. ആശാ വർക്കർമാരെ ഏൽപ്പിച്ച ചുമതലകൾ നിർവ്വഹിക്കണം. ഏതെങ്കിലും ആശാ പ്രവർത്തക തിരിച്ചെത്തി പ്രവർത്തനങ്ങളിൽ ഏർപ്പെടാത്ത സാഹചര്യം ഉണ്ടാവുകയാണെങ്കിൽ പകരം സംവിധാനം ഏർപ്പെടുത്താൻ വേണ്ടിയുള്ള നടപടികൾ സ്വീകരിക്കണം. ജനങ്ങൾക്ക് ആശമാർ സേവനം ലഭ്യമാക്കുന്നുണ്ടോ എന്നകാര്യം മെഡിക്കൽ ഓഫീസർമാർ ഉറപ്പു വരുത്തണമെന്നും നാഷ്ണൽ ഹെൽത്ത് മിഷൻ നിർദ്ദേശത്തിൽ പറയുന്നു.
സെക്രട്ടറിയേറ്റിന് മുന്നിൽ ആശവർക്കർമാർ നടത്തുന്ന സമരം രണ്ടാഴ്ചയായിട്ടും വീണ്ടും ചർച്ചയക്ക് വിളിക്കുന്നതിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സമൂഹത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വലിയ പിന്തുണയാണ് സമരത്തിന് ലഭിക്കുന്നത്. ആശാവർക്കർമാർക്ക് മൂന്നുമാസ കുടിശ്ശികയിൽ നിന്ന് രണ്ടുമാസ കുടിശ്ശികയുടെ പണം സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ ഓണറ്റേറിയം അനുവദിച്ചിട്ടും ഒരു മാസത്തെ ശമ്പളം മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നാണ് ആശമാരുടെ വാദം.
ആശാവർക്കർമാരുടെ സംഘടന ബി ജെ പിയുടെ കൈയ്യിലെ ചട്ടുകമായി മാറിയെന്ന് സി പി ഐ എം കേന്ദ്ര കമ്മറ്റിയംഗം പി കെ ശ്രീമതി. അതിനാലാണ് പണം നൽകാത്ത കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യാതെ പണം വർധിപ്പിച്ച സംസ്ഥാന സർക്കാരിനെതിരെ സമരം നടത്തുന്നത്. കോൺഗ്രസ് ബി ജെ പി ഒത്തുകളി ഈ സമരത്തിലും കൃത്യമായി മനസിലാക്കാനാകുമെന്നും ശ്രിമതി പറഞ്ഞു.