പുത്തൻ കൂട്ടുകാരെ വരവേൽക്കാൻ ഒരുങ്ങി ഇടുക്കി ജില്ലയിലെ സ്കൂളുകൾ
പുത്തനുടുപ്പും പുസ്തകങ്ങളും ബാഗുമായി ഒന്നാം ക്ലാസിൽ ചേരുന്ന കരച്ചിലും ചിരിയുമില്ലാതെ നാളെ ഒരു പ്രവേശനോത്സവം കൂടി. രണ്ട് ഘട്ടമായാണ് ചടങ്ങുകൾ. രാവിലെ 8.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല പരിപാടി ഉദ്ഘാടനം ചെയ്യും. ശേഷം എല്ലാ സ്കൂളുകളിലും വെർച്വലായി ചടങ്ങുകൾ നടത്തും. നവാഗതരുടെയും മുതിർന്ന കുട്ടികളുടെയും കലാപരിപാടികൾ ഓൺലൈനിൽ നടക്കും.
തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും പരിപാടികളിൽ പങ്കെടുക്കും. നവാഗത വിദ്യാർഥികളുടെ വീടുകളിൽ മധുര വിതരണവും പായസ വിതരണവും നടത്തണമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശിക്കുന്നു. ഓൺലൈനായി ആശംസകളും അറിയിക്കാം. കുടുംബസമേതം വിക്ടേഴ്സ് ചാനൽ കാണണമെന്നും നിർദേശമുണ്ട്.
ഓൺലൈൻ ക്ലാസുകളിൽ അവസാനിക്കാത്ത ആശങ്ക
ഇന്റർനെറ്റ് തടസ്സം, വൈദ്യുതി മുടക്കം, നെറ്റ്‌വർക്ക് റേഞ്ച് പ്രശ്നം തുടങ്ങിയവ പതിവായ ജില്ലയിലെ പല മേഖലകളിലും ഓൺലൈൻ പഠനത്തിന്റെ കാര്യത്തിൽ രക്ഷിതാക്കൾക്ക് ആശങ്കയാണ്. ഡേറ്റാച്ചെലവും പ്രശ്നമാണ്. ഒന്നിലധികം വിദ്യാർഥികളുള്ള വീട്ടിൽ ഒന്നിലധികം ഫോണുകളിൽ ക്ലാസുകൾ കാണേണ്ടി വരും. ഒരു ദിവസം മൂന്നോ അതിലധികമോ ജിബി ഡേറ്റ ആവശ്യമാണ്.
ഇതു സാധാരണ കുടുംബങ്ങൾക്ക് താങ്ങാൻ കഴിയുന്നതല്ല. വിക്ടേഴ്സ് ചാനൽ ക്ലാസുകൾ കാണാൻ ഡേറ്റ ആവശ്യമില്ലെങ്കിലും തുടർ പഠനത്തിനുള്ള വാട്സാപ് ക്ലാസുകൾ, ഗൂഗിൾ മീറ്റ് തുടങ്ങിയവയ്ക്ക് ഡേറ്റ ആവശ്യമാണ്. ക്ലാസ് അടിസ്ഥാനത്തിൽ അധ്യാപകരുടെ ക്ലാസുകൾ വേണ്ടി വന്നാൽ ഡേറ്റ ഉപയോഗം പിന്നെയും വർധിക്കും. ഡേറ്റ സൗജന്യമായി നൽകാൻ സർക്കാർ മുൻകയ്യെടുക്കണമെന്ന് അധ്യാപകർ പറയുന്നു.