ആപ്താ മിത്ര വോളണ്ടിയേഴ്സിന് എമർജൻസി റസ്പോൺഡ്സ് കിറ്റ് വിതരണം ചെയ്തു

കട്ടപ്പന അഗ്നി രക്ഷാ നിലയത്തിന് കീഴിൽ 12 ദിവസത്തെ പരിശീലനം പൂർത്തിയാക്കിയ 28 ‘ആപ്താ മിത്ര’ സന്നദ്ധ സേനാംഗങ്ങൾക്ക് എമർജൻസി റസ്പോൺഡ്സ് കിറ്റ് വിതരണം ചെയ്തു. ദുരന്തമേഖലകളിൽ ഫസ്റ്റ് റസ്പോൺഡൻ്റായ ഫയർ & റസ്ക്യൂ സർവ്വീസിനോടൊപ്പം സഹകരിച്ച് പ്രവർത്തിക്കുന്നതിന് ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ സഹകരണത്തോടെ രൂപീകരിക്കപ്പെട്ട സന്നദ്ധ സേനയാണ് ആപ്താ മിത്ര. ദുരന്തമേഖലകളിൽ എങ്ങനെ പ്രവർത്തിയ്ക്കണമെന്ന് ഫയർ ആൻ്റ് റസ്ക്യൂ സർവ്വീസിലെ അനുഭവസമ്പത്തുള്ള ജീവനക്കാർ ഈ സന്നദ്ധ സേനാംഗങ്ങൾക്ക് 12 ദിവസത്തെ പരിശീലനം നൽകിയിരുന്നു. സംസ്ഥാനത്തൊട്ടാകെ പരിശീലനം പൂർത്തിയാക്കിയ 4300 സന്നദ്ധ പ്രവർത്തകർ ആപ്താ മിത്രയിൽ പ്രവർത്തിയ്ക്കുന്നു. ഇടുക്കി ജില്ലയിൽ 300 ആപ്താ മിത്ര അംഗങ്ങളാണുള്ളത്.
കട്ടപ്പന ഫയർ ആൻറ് റസ്ക്യൂ സ്റ്റേഷനിലെ 28 ആപ്താ മിത്ര അംഗങ്ങൾക്ക് ഹെൽമറ്റ്, ഗംബൂട്ട്, റയിൻകോട്ട്, ട്രക്കിംഗ് ബാഗ്, എമർജൻസി ലൈറ്റ്, ലൈഫ് ജാക്കറ്റ്, സേഫ്റ്റിഗ്ലൗസ്, വിസിൽ, ഗാസ് ലൈറ്റർ, പോക്കറ്റ് നൈഫ്, മസ്ക്കിറ്റോ നെറ്റ്, ഫസ്റ്റ് എയ്ഡ് കിറ്റ്, വാട്ടർബോട്ടിൽ, സേഫ്റ്റി ഗൂഗിൾസ് എന്നീ 14 ഇനങ്ങൾ അടങ്ങിയ എമർജൻസി റസ്പോൺസ് കിറ്റ് വിതരണോത്ഘാടനം സ്റ്റേഷൻ ഓഫീസർ ടി.യേശുദാസൻ നിർവ്വഹിച്ചു.
സീനിയർ ഫയർ ആൻ്റ് റസ്ക്യൂ ഓഫീസർ എം.എസ്.ബിജോയ് , ഫയർ ആൻ്റ് റസ്ക്യൂ ഓഫീസർ കേശവ പ്രദീപ്, എം.ആർ.കിഷോർ കുമാർ, പി.എസ്.സന്തോഷ്, അഭിമോദ് യശോധരൻ, മോഹൻകുമാർ, ഹോം ഗാർഡുമാരായ എൻ.റ്റി.സദാനന്ദൻ, ഷാൻ്റി തോമസ്, എം.ആർ.ചന്ദ്രഹാസൻ എന്നിവർ സന്നിഹിതരായി.