കേരളോത്സവം യുവജനതയ്ക്ക് പ്രചോദനം: വാഴൂര്‍ സോമന്‍ എം എല്‍ എ

കേരളോത്സവം വേദികള്‍ യുവതയുടെ കലാകായിക കഴിവുകള്‍ വികസിപ്പിക്കുന്നതിന് പ്രചോദനമേകുമെന്ന് വാഴൂര്‍ സോമന്‍ എം എല്‍ എ. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്തല കേരളോത്സവം 2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാറില്‍ നവംബര്‍ 10,11,12 തീയതികളിലായി നടത്തുന്ന ജില്ലാതല കേരളോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും കട്ടപ്പന ബ്ലോക്ക് പഞ്ചായത്തും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലബ്ബക്കട ജെ പി എം കോളേജില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം റ്റി മനോജ് അധ്യക്ഷത വഹിച്ചു. കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് വേദിയില്‍ കലാമത്സരങ്ങള്‍ അരങ്ങേറി. മേരികുളം സെന്റ് മേരീസ് എച്ച് എസ് എസ് ഗ്രൗണ്ടില്‍ നടന്ന അത്ലറ്റിക്സ് മത്സരങ്ങള്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി ഉദ്ഘാടനം ചെയ്തു.
ഒക്ടോബര്‍ 29 ന് സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂളില്‍ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ലാലച്ചന്‍ വെള്ളക്കട ഗെയിംസ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് കാഷ് അവാര്‍ഡുകളും ഒന്നാം സ്ഥാനം ലഭിക്കുന്ന പഞ്ചായത്തിന് എവര്‍റോളിംഗ് ട്രോഫിയും നല്‍കും. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമപഞ്ചായത്തുകളില്‍ നടത്തപ്പെട്ട കേരളോത്സവത്തില്‍ മത്സരിച്ച് അര്‍ഹത നേടിയ യുവപ്രതിഭകളാണ് ബ്ലോക്ക്തല കേരളോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുസുമം സതീഷ്, ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ ജേക്കബ്, ജില്ലാ പഞ്ചായത്ത് അംഗം രാരിച്ചന്‍ നീര്‍ണാക്കുന്നേല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജലക്ഷ്മി കെ ആര്‍, ജലജ വിനോദ്, ഷൈല വിനോദ്, സവിത ബിനു, ജോസ് സ്‌കറിയ കണ്ണമുണ്ടയില്‍, അന്നമ്മ ജോണ്‍സണ്‍, ഷൈനി റോയി, രഞ്ജിത്ത് കുമാര്‍ നാഗയ്യ, വി പി ജോണ്‍, നിക്സണ്‍ പി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.