ഇടുക്കിയിൽ നേരിയ ഭൂചലനം; കോട്ടയം പാമ്പാടിയിലും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ
തൊടുപുഴ/കോട്ടയം∙ ഇടുക്കിയിൽ രണ്ടിടത്ത് നേരിയ ഭൂചലനം. ശനിയാഴ്ച വൈകിട്ട് 6.45ഓടെയാണ് ഇടുക്കി, ആലടി എന്നിവിടങ്ങളിൽ നേരിയ ഭൂചലനം രേഖപ്പെടുത്തിയത്. കെഎസ്ഇബിയുടെ സിസ്മോഗ്രാമിൽ 1.2 രേഖപ്പെടുത്തിയ ചലനത്തിന്റെ പ്രഭവകേന്ദ്രം കോട്ടയമാണ്.
കോട്ടയം ജില്ലയിലെ പാമ്പാടിയിലും പരിസരപ്രദേശത്തും ശനിയാഴ്ച വൈകിട്ട് 6.30നു ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. ഭൂമിക്കടിയിൽനിന്നു ചെറിയ മുഴക്കം കേട്ടു. തുടർന്നു 2-3 സെക്കൻഡ് വിറയലും ഉണ്ടായി.
പാമ്പാടി, പങ്ങട, കോത്തല, ളാക്കാട്ടൂർ, പൂതക്കുഴി തുടങ്ങിയ പ്രദേശങ്ങളിൽ കുലുക്കം അനുഭവപ്പെട്ടു. വീടുകളും വീട്ടുപകരണങ്ങളും വിറയ്ക്കുന്നതു കണ്ടെന്നും നാട്ടുകാർ പറയുന്നു.
എന്നാൽ ഭൂചലനം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നു കലക്ടർ എം.അഞ്ജന പറഞ്ഞു. ദുരന്തനിവാരണ അതോറിറ്റിയുടെ നിരീക്ഷണ ഉപകരണങ്ങളിൽ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല. മറ്റ് ഏജൻസികൾക്കും ഭൂചലനം സംബന്ധിച്ച് അറിവില്ലെന്നു കലക്ടർ പറഞ്ഞു.