പരമാവധി പട്ടയം കൊടുക്കാൻ റവന്യു വകുപ്പ് ;ആയിരത്തി ഇരുനൂറോളം പട്ടയങ്ങൾ തയാർ
രാജകുമാരി ∙ കോവിഡ് പ്രതിസന്ധികൾക്കിടയിലും ജില്ലയിൽ പരമാവധി പട്ടയം കൊടുക്കാനുള്ള പരിശ്രമത്തിലാണ് റവന്യു വകുപ്പ്. അവശേഷിക്കുന്ന അപേക്ഷകളിൽ പട്ടയ നടപടികൾ വേഗത്തിലാക്കുന്നതിനും 100 ദിന കർമ പദ്ധതിയിലുൾപ്പെടുത്തി 4000 പട്ടയങ്ങൾ നൽകാനുമാണ് റവന്യു വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ച നിർദേശം.
ഓഗസ്റ്റിൽ വിതരണം ചെയ്യുന്നതിനായി ഇതുവരെ ആയിരത്തി ഇരുനൂറോളം പട്ടയങ്ങൾ തയാറായി കഴിഞ്ഞു. അര ലക്ഷത്തോളം പട്ടയ അപേക്ഷകളാണ് 7 ഭൂപതിവ് ഓഫിസുകളിലും 4 താലൂക്ക് ഓഫിസുകളിലുമായി ഉള്ളത്. ഇതിൽ ചില അപേക്ഷകൾ സൂക്ഷ്മപരിശോധനയിൽ ഒഴിവാക്കേണ്ടി വരും. കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് ജില്ലയിൽ ഏഴ് പട്ടയ മേളകളിൽ 40,364 പട്ടയങ്ങളാണ് വിതരണം ചെയ്തത്.
അവസാനമായി നെടുങ്കണ്ടത്ത് കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ പട്ടയ മേളയിൽ 3,587 പട്ടയങ്ങളാണ് വിതരണം ചെയ്തത്. 2020 സെപ്റ്റംബറിൽ തൊടുപുഴയിൽ നടന്ന പട്ടയ മേളയിൽ 1000 പട്ടയങ്ങളും നവംബറിൽ കഞ്ഞിക്കുഴിയിൽ നടന്ന പട്ടയ മേളയിൽ 8,500 പട്ടയങ്ങളും നൽകി. ഇതേ വർഷം ജനുവരി 24 ന് കട്ടപ്പനയിൽ നടത്തിയ പട്ടയ മേളയിൽ 8,101 പട്ടയങ്ങളും നൽകി.
2017 മേയ് 21 ന് കട്ടപ്പനയിൽ നടന്ന ആദ്യ പട്ടയ മേളയിൽ 5,490 പട്ടയങ്ങളും, 2018 ഫെബ്രുവരി 17 ന് കുമളി, ഇരട്ടയാർ, അടിമാലി എന്നിവിടങ്ങളിൽ നടന്ന പട്ടയ മേളയിൽ 8,864 പട്ടയങ്ങളും ആണ് വിതരണം ചെയ്തത്. 2019 ജനുവരി 22 ന് കുട്ടിക്കാനത്ത് നടത്തിയ പട്ടയ മേളയിൽ ആറായിരത്തോളം പട്ടയങ്ങളാണ് വിതരണം ചെയ്തത്.
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ 2020 മാർച്ച് മുതൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ തിരക്കിലായിരുന്നു ജില്ലയിലെ റവന്യു ഓഫിസുകൾ. കഴിഞ്ഞ ഏപ്രിൽ 6 ന് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഉദ്യോഗസ്ഥർ അതിന്റെ തിരക്കിലായി. തിരഞ്ഞെടുപ്പ് ജോലികൾ അവസാനിച്ചതോടെ പട്ടയ അപേക്ഷകളുടെ സൂക്ഷ്മ പരിശോധന ഉൾപ്പെടെ ഉള്ള ഓഫിസ് ജോലികൾ റവന്യു ഓഫിസുകളിൽ നടക്കുന്നുണ്ട്.
എന്നാൽ സർവേ സ്കെച്ച് തയാറാക്കുന്നത് ഉൾപ്പെടെ ഉള്ള ജോലികൾ വൈകുന്നതിനാൽ പട്ടയം തയാറാക്കുന്നതിൽ കാലതാമസം ഉണ്ടാകാൻ സാധ്യതയുണ്ട്. പീരുമേട്, കട്ടപ്പന, നെടുങ്കണ്ടം, രാജകുമാരി, മുരിക്കാശേരി, ഇടുക്കി, കരിമണ്ണൂർ ഭൂപതിവ് ഓഫിസുകളിലും 4 താലൂക്ക് ഓഫിസുകളിലും ആണ് പട്ടയ വിതരണത്തിനുള്ള ജോലികൾ പുരോഗമിക്കുന്നത്.
റിപ്പോർട്ട് തേടി മന്ത്രി
ജില്ലയിലെ ഭൂപ്രശ്നങ്ങളെക്കുറിച്ചും നിയമ പ്രശ്നങ്ങൾ മൂലം പട്ടയം നൽകാൻ കഴിയാത്ത പ്രദേശങ്ങളിൽ പട്ടയം നൽകാനുമുള്ള സാധ്യതകൾ ആരാഞ്ഞും റവന്യു മന്ത്രിയുടെ ഓഫിസ് കഴിഞ്ഞ ദിവസം ജില്ല റവന്യു വിഭാഗത്തോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് മൂന്ന് പേജ് വരുന്ന വിശദമായ റിപ്പോർട്ട് ജില്ലയിലെ റവന്യു വിഭാഗം വകുപ്പ് മന്ത്രിയുടെ ഓഫിസിന് ചൊവ്വാഴ്ച കൈമാറി. മൂന്ന് ചെയിൻ, പത്ത് ചെയിൻ, കുറ്റിയാർവാലി, ചിന്നക്കനാൽ, മന്നാങ്കണ്ടം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിലവിലുള്ള പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സർക്കാർ ശ്രമങ്ങളുണ്ടാകുമെന്നാണ് വിവരം.