മാവേലി എക്സ്പ്രസ് ട്രാക്ക് മാറിയ സംഭവത്തിൽ പാലക്കാട് ഡിവിഷൻ സുരക്ഷാ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തും
മാവേലി എക്സ്പ്രസ് ട്രാക്ക് മാറിയ സംഭവം പാലക്കാട് ഡിവിഷൻ സുരക്ഷാ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തും. അന്വേഷണ സംഘം പ്രാഥമിക വിവരശേഖരണം നടത്തി. സംഘം ഇന്ന് കാഞ്ഞങ്ങാട് എത്തി പരിശോധന നടത്തും.
കാഞ്ഞങ്ങാട് സ്റ്റേഷന് സമീപം ഇന്നലെ വൈകിട്ട് 6.45നാണ് സംഭവം. ട്രാക്കിൽ മറ്റ് ട്രെയിനുകൾ ഇല്ലാത്തതിനാൽ അപകടം ഒഴിവായി. മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ട്രെയിൻ.
ഒന്നാമത്തെ ട്രാക്കിലൂടെയായിരുന്നു ട്രെയിൻ പോകേണ്ടിയിരുന്നത്. എന്നാൽ ട്രാക്ക് മാറി മാവേലി എക്‌സ്പ്രസ് കാഞ്ഞങ്ങാടേക്ക് എത്തുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല. സിഗ്നൽ തകരാറാണ് ട്രെയിൻ ട്രാക്ക് മാറി കയരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ 20 മിനിറ്റോളം നിർത്തിയിട്ട ശേഷമാണ് ട്രെയിൻ ഒന്നാം ട്രാക്കിലൂടെ കൃത്യമായി ഓടിയത്.