കേരളത്തില്‍ മാത്രം ജീവിക്കുന്ന മലയാളി ഭാഗ്യവാന്‍: സുസ്‌മേഷ് ചന്ത്രോത്ത്
കേരളത്തിലും മറുനാട്ടിലും ജീവിക്കുന്ന മലയാളികളെക്കുറിച്ച്, സമൂഹത്തില്‍ നിന്ന് ജാതിബോധവും മതഭ്രാന്തും ഒരുപരിധിവരെ ഒഴിവാക്കിനിര്‍ത്തുന്നതിന് പുസ്തകങ്ങളും പ്രസംഗങ്ങളും നല്‍കിയ സംഭാവനകളെക്കുറിച്ച് എഴുത്തുകാരന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനായ സുസ്‌മേഷ് ചന്ത്രോത്ത്
സംസാരിക്കുന്നു… കേരളത്തിന്റെ സമസ്ത നേട്ടങ്ങള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന കേരളീയം പരിപാടിയുടെ ഭാഗമായി തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുകയാണ് സുസ്‌മേഷ്.
- കേരള നവോത്ഥാനത്തില്‍ സാഹിത്യത്തിനുള്ള പങ്ക്?
കേരള നവോത്ഥാനത്തില്‍ കലയും സാഹിത്യവും വഹിച്ച പങ്ക് നിസ്തര്‍ക്കമാണ്. സാധാരണക്കാരായ മനുഷ്യര്‍ക്ക് ധൈര്യവും അറിവും ആത്മവിശ്വാസവും പകര്‍ന്ന് മുന്നോട്ടു നയിക്കുന്നതില്‍ അക്കാലത്തെ കലകളും രാഷ്ട്രീയപ്രസംഗങ്ങളും സാഹിത്യരചനകളും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
- ജാതിക്കെതിരായ സമരം, യുക്തിചിന്ത, മത സൗഹാര്‍ദം എന്നിവ രൂപപ്പെടുത്തുന്നതിലും പ്രചരിപ്പിക്കുന്നതിലും മലയാള സാഹിത്യത്തിന്റെയും സാഹിത്യകാര•ാരുടെയും പങ്ക്?
ഇരുളടഞ്ഞ സാമൂഹ്യവ്യവസ്ഥിതിയില്‍ ഭയവിഹ്വലരായി കഴിഞ്ഞ സാധാരണക്കാരെ മുഖ്യധാരയിലേക്ക് നയിക്കുന്നതില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന സാഹിത്യകാരൻമാരും ഒപ്പം സാമൂഹ്യമുന്നേറ്റം ആഗ്രഹിച്ചിരുന്ന മറ്റ് കലാകാരൻമാരും ആത്മാര്‍ത്ഥമായി പരിശ്രമിച്ചിട്ടുണ്ട്. സമൂഹത്തില്‍ നിന്നും ജാതിബോധവും മതഭ്രാന്തും ഒരു പരിധിവരെ ഒഴിവാക്കിനിര്‍ത്തുന്നതിന് പുസ്തകങ്ങളും പ്രസംഗങ്ങളും സഹായിച്ചിട്ടുണ്ട്.
- കൊല്‍ക്കത്തയില്‍ മലയാളി സമാജവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നല്ലോ. മറുനാടന്‍ മലയാളി എന്ന സങ്കല്‍പ്പത്തെക്കുറിച്ച്? മലയാളി സമൂഹത്തിന് മറ്റ് സമൂഹങ്ങളില്‍ നിന്ന് വ്യത്യസ്തമായ അനുഭവം എന്താണ്?
മറുനാട്ടിലേക്ക് പോകുന്ന മലയാളി വേറിട്ട മലയാളിയാണ്. ആ മലയാളിയും കേരളത്തില്‍ പരമ്പരാഗതമായി ജീവിച്ചുവരുന്ന മലയാളിയും രണ്ടും രണ്ടാണ്. പുറത്തു ജീവിക്കുന്ന ഒരാള്‍ക്ക് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ഇന്നും തുടരുന്ന അസമത്വവും ജാതി മതഭ്രാന്തും വിഭാഗീയതയും വര്‍ഗ്ഗീയതയുമെല്ലാം അനുഭവിച്ചറിയാന്‍ സാധിക്കും. കേരളത്തില്‍ മാത്രം ജീവിക്കുന്ന മലയാളി ഭാഗ്യവാനാണ്. ഐക്യകേരള രൂപീകരണത്തോടെയും ആദ്യത്തെ മന്ത്രിസഭയോടെയും ആധുനികയുഗത്തിലേക്ക് പ്രവേശിക്കാന്‍ എല്ലാവിധത്തിലും സജ്ജമായ നാടിനെയാണ് അവര്‍ക്ക് ലഭിച്ചത്. എന്നാല്‍ ദക്ഷിണേന്ത്യ വിട്ടുള്ള സംസ്ഥാനങ്ങളില്‍ പലതും ഇന്നും ഇരുളിലാണ്. ഇന്ത്യയ്ക്ക് വെളിയില്‍ പോകുന്ന മലയാളി തിരികെ കേരളത്തിലേക്ക് വരാന്‍ മടിക്കുന്നതെന്താണെന്നും പരിശോധിക്കണം. നമ്മുടെ സമൂഹത്തില്‍, മനുഷ്യരുടെ ഉള്ളില്‍ ഇന്നും നിലനില്‍ക്കുന്ന സദാചാരബദ്ധമായ അസ്വാതന്ത്ര്യങ്ങളും സങ്കുചിതമായ ആചാരശീലങ്ങളുമാണ് അതിനു കാരണം.
- മലയാളി സമൂഹത്തില്‍ ജാതി, വിശ്വാസം തുടങ്ങിയ ഘടകങ്ങള്‍ക്ക് ശക്തി കൂടുന്നുണ്ടോ? ഇതിനെ എങ്ങനെ കാണുന്നു?
തീര്‍ച്ചയായും ശക്തി കൂടുന്നുണ്ട്. സ്ത്രീകളും പുരുഷന്മാരും രാഷ്ട്രീയത്തെ രണ്ടുവിധത്തിലാണ് നോക്കിക്കാണുന്നതും നേരിടുന്നതും. വളരെ ന്യൂനപക്ഷം സ്ത്രീകള്‍ മാത്രമേ രാഷ്ട്രീയത്തില്‍ സജീവമായും സക്രിയമായും ഇടപെടുന്നുള്ളൂ. മറ്റുള്ളവര്‍ കുടുംബാംഗങ്ങളുടെ അഭിപ്രായം നോക്കി വോട്ട് ചെയ്യുന്നവരാണ്. സ്ത്രീകളുടെ രാഷ്ട്രീയത്തെ മതവും വിശ്വാസവുമായി ബന്ധിപ്പിച്ചാല്‍ അവരെ വളരെ വേഗം ഒരുപ്രത്യേക രാഷ്ട്രീയക്കാരാക്കി മാറ്റാം എന്നറിയുന്നവര്‍ ഇന്നത് ചെയ്തുവരുന്നു. ഹിന്ദുരാഷ്ട്രം വിഭാവന ചെയ്യുന്നവര്‍ ചെയ്തുവരുന്നത് അതാണ്. വീടുകളിലെ സ്ത്രീകളെ കൂട്ടുപിടിച്ചാണ് കേരളത്തില്‍ ഭൂരിപക്ഷവര്‍ഗീയതയെ ഇന്ന് വളര്‍ത്തുന്നത്. ഇത് ന്യൂനപക്ഷത്തെ അസ്വസ്ഥരാകുന്നുണ്ട്. ഇതിനെതിരെ ജാഗ്രത വേണം.
- ഇന്ത്യന്‍ ഭാഷകളില്‍ മലയാളത്തിന് സവിശേഷമായ സ്ഥാനമുണ്ട്. മറ്റു ഭാഷകളിലേക്കാള്‍ മുഴുവന്‍ സമയ എഴുത്തുകാര്‍ മലയാളത്തില്‍ കൂടുതലുണ്ട് – ഇതിനേക്കുറിച്ച് താങ്കളുടെ അഭിപ്രായം?
കേരളത്തിലെ മുഴുവന്‍ സമയ എഴുത്തുകാര്‍ എന്നത് ശരിയായ പ്രയോഗമല്ല. എല്ലാ എഴുത്തുകാരും അവരുടെ മനോലോകത്ത് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നുണ്ട്. എങ്കിലേ എഴുതാന്‍ കഴിയൂ. കേരളത്തിലെ അവസ്ഥ ലോകഭാഷകളിലെ സാഹിത്യപ്രവര്‍ത്തനത്തോട് ചേര്‍ത്തുനോക്കുമ്പോള്‍ അമ്പരപ്പിക്കുന്നത്ര പുരോഗതിയുള്ളതാണ്. വളരെ ചെറിയ ശതമാനം ആളുകള്‍ ഉപയോഗിക്കുന്ന ഭാഷയായിട്ടുപോലും ധാരാളം പ്രസാധകരും വായനശാലകളും ലൈബ്രറി കൗണ്‍സില്‍ പ്രസ്ഥാനവും നമുക്കുണ്ട്. ഇന്ത്യയില്‍ വേറെങ്ങും ഇതൊന്നും കാണാന്‍ കഴിയില്ല. കേരളത്തില്‍ ചിന്തിക്കുന്ന ജനങ്ങളുണ്ട്. അതുകൊണ്ടാണ് ഇത്രയധികം തര്‍ജ്ജമകള്‍ പലഭാഷകളില്‍നിന്ന് മലയാളത്തിലുണ്ടാകുന്നത്.
- മലയാളി എന്ന നിലയിലുള്ള ഏറ്റവും വലിയ അഭിമാനം?
മലയാളി എന്ന നിലയില്‍ പ്രത്യേക അഭിമാനമൊന്നുമില്ല. മതേതരമനഭാവത്തോടെയും സാഹോദര്യത്തോടെയും മാനവികബോധത്തോടെയും ജീവിക്കാന്‍ ശ്രമിക്കുന്ന മനുഷ്യന്‍ എന്ന നിലയിലാണ് സന്തോഷം തോന്നുന്നത്.