അൾട്ടിമേറ്റ് ടൂവീലർ എസ്‌യുവി; ഓഫ് റോഡ് അഡ്വഞ്ചറിനായി ഇനി ഇലക്‌ട്രിക് സ്‌കൂട്ടറും
ഓഫ് റോഡ് ഇനി സ്കൂട്ടറിലും പോകാം. പുതിയ മോഡൽ സ്കൂട്ടർ അവതരിപ്പിച്ചിരിക്കുകയാണ് തായ്വാൻ കമ്പനി. ഓഫ് റോഡിനും ഓൺ റോഡിലും ഉപയോഗിക്കാവുന്ന ക്രോസ് ഓവർ എന്ന ഇലക്ട്രിക് സ്കൂട്ടറാണ് അവതരിപ്പിച്ചിരിക്കുന്നത്. തായ്‌വാനിലെ ഇലക്‌ട്രിക് വാഹന നിർമാതാക്കളായ ഗൊഗോറോയാണ് പുത്തനൊരു മോഡലുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
കമ്പനി ഇതിനെ അൾട്ടിമേറ്റ് ടൂവീലർ എസ്‌യുവി എന്നാണ് വിളിക്കുന്നത്. ഈ ക്രോസ്ഓവർ ഇലക്ട്രിക് സ്‌കൂട്ടർ മോഡൽ ഒരു പുതിയ പ്ലാറ്റ്‌ഫോമിന് ചുറ്റുമാണ് നിർമിച്ചിരിക്കുന്നതെന്ന് ഗൊഗോറോ പറയുന്നു. വൈവിധ്യമാർന്ന സ്റ്റോറേജ് സ്പേസും റൈഡിംഗ് കഴിവുകളും വാഗ്ദാനം ചെയ്യുകയും ഏത് തരം റോഡുകളെയും നേരിടാനും വാഹനത്തിന് കഴിയും. .
ഈ ഓഫ്-റോഡ് സ്കൂട്ടറിന് 7.6 kW ഇലക്ട്രിക് മോട്ടോറിൽ നിന്നാണ് പവർ ലഭിക്കുന്നത്. മൊത്തത്തിലുള്ള റൈഡിംഗ് റേഞ്ചും ചാർജിംഗ് സമയവും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ബ്രേക്കിംഗ് സിസ്റ്റം, ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്ക്, പിന്നിൽ ഡ്യുവൽ ഷോക്ക് അബ്സോർബർ സെറ്റപ്പ് എന്നിവയെല്ലാമാണ് അഡ്വഞ്ചർ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രത്യേകത. മാക്‌സിസ് ഡ്യുവൽ പർപ്പസ് ടയറുകളുള്ള 12 ഇഞ്ച് വീലുകളിലാണ് വാഹനം നിരത്തിൽ എത്തുന്നത്.
ഗൊഗോറോ ഓഫ്-റോഡർ ഇലക്‌ട്രിക് എസ്‌യുവി സ്‌കൂട്ടറിന് ഡാഷ്‌ബോർഡിൽ എല്ലാത്തരം കണക്റ്റിവിറ്റി സവിശേഷതകളും ലഭിക്കുന്ന കളർ ഡിസ്പ്ലേയാണ് തായ്‌വാൻ കമ്പനി ഉപയോഗിച്ചിരിക്കുന്നത്. എല്ലാ റൈഡ് ഡാറ്റയും ട്രാക്ക് ചെയ്യാൻ ഉപയോഗിക്കാവുന്ന സ്മാർട്ട്‌ഫോൺ ആപ്പുമുണ്ട്. ക്രൂയിസ് കൺട്രോൾ ഫീച്ചർ ഓപ്ഷണലായും കമ്പനി ഒരുക്കിയിട്ടുണ്ട്.
നിലവിൽ ഗൊഗോറോയുടെ ജൻമനാടായ തായ്‌വാനിൽ മാത്രമായിരിക്കും ഈ സ്കൂട്ടർ വിൽക്കുക. പക്ഷേ അധികം വൈകാതെ തന്നെ കൂടുതൽ വിപണികളിൽ അവതരിപ്പിക്കാനുള്ള പദ്ധതിയും ഇവി ബ്രാൻഡ് ആവിഷ്ക്കരിച്ചിട്ടുണ്ട്. ഗോഗോറോയ്ക്ക് ഇന്ത്യയിൽ സാന്നിധ്യമുണ്ടെങ്കിലും ഇതുവരെ അതിന്റെ പൂർണ ശേഷിയോടെ ബിസിനസ് ആരംഭിച്ചിട്ടില്ല.