‘ചിതൽ പുറ്റ് മണ്ണ് ‘ ജപമാലയാക്കി വീട്ടമ്മയുടെ കരവിരുത്
ചിതൽ പുറ്റിലെ മണ്ണ് കൊണ്ട് മനോഹരമായ ജപമാലയുണ്ടാക്കിയ വീട്ടമ്മയുടെ കരവിരുത് ശ്രദ്ധേയമായി. ചെമ്പേരിക്കടുത്ത് കരിവെള്ളേരിയിലെ അഞ്ചാനിയ്ക്കൽ സെലീനാണ് ദൃശ്യഭംഗിയിൽ വ്യത്യസ്തത പകരുന്ന ജപമാല നിർമിച്ച് തലശേരി അതിരൂപതയുടെ അംഗീകാരം നേടിയത്. ഭൂനിരപ്പിൽ നിന്ന് ഉയർന്നു നിൽക്കുന്ന ചിതൽപുറ്റിലെ മണ്ണ് ഇളക്കിയെടുത്ത് പശ ചേർത്ത് കുഴച്ച് ഉരുളകളാക്കി വെയിലിൽ ഉണക്കിയെടുത്താണ് ജപമാലയുടെ മുത്ത് മണികൾക്ക് രൂപം നൽകിയത്. ഉണക്കുന്നതിന് മുമ്പ് ഈർക്കിൽ ഉപയോഗിച്ച് ഓരോ മണികളിലും ദ്വാരവുമുണ്ടാക്കിയിരുന്നു. ഉണക്കിയെടുത്ത ശേഷമാണ് ചുവപ്പും മഞ്ഞയും പെയിൻ്റടിച്ച് മനോഹരമാക്കിയത്. പത്തെണ്ണം വീതം ചുവപ്പും ഇടക്ക് ഒരു മഞ്ഞയും എന്ന രീതിയിൽ അമ്പത്തിയൊമ്പത് മണികൾ ബലമുള്ള ചരടിൽ കോർത്തെടുത്ത ശേഷം അറ്റത്ത് ഒരു കുരിശ് രൂപവും ചേർത്തപ്പോൾ യഥാർത്ഥ ജപമാലയുടെ രൂപമായി. രണ്ട് മീറ്ററിലേറെ നീളമുള്ള ജപമാല വീട്ടിലെ പ്രാർത്ഥനാമുറിയിൽ തിരുസ്വരൂപത്തിന് സമീപമാണ് സൂക്ഷിച്ചിട്ടുള്ളത്. തലശേരി അതിരൂപത മാതൃവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജപമാല നിർമാണ മത്സരത്തിൽ പങ്കെടുക്കാൻ സെലീൻ തയാറാക്കിയ ഈ ജപമാലക്കാണ് അതിരൂപതാതലത്തിൽ രണ്ടാം സമ്മാനം ലഭിച്ചത്. മാതൃവേദി ചെമ്പേരി യൂണിറ്റ് വൈസ് പ്രസിഡൻ്റാണ് സെലീൻ.