ജോസഫ് തൂങ്കുഴി അച്ചന് നാടിന്റെ പ്രണാമം;യാത്രയായത് അശരണര്‍ക്ക് അഭയമായിരുന്ന വൈദികശ്രേഷ്ടന്‍
കുമളി: അശരണര്‍ക്കും ആലംബഹീനര്‍ക്കും ആശ്വാസദായകനായിരുന്ന അണക്കര തുങ്കുഴിയില്‍ മറിയാമ്മ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഫൗണ്ടര്‍ ചെയര്‍മാന്‍ റവ. ഫാ. ജോസഫ് തുങ്കുഴി അച്ചന് നാടിന്റെ പ്രണാമം. വൈദികവൃത്തി യോടൊപ്പം സാധു ജന സേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച തുങ്കുഴി അച്ചന്റെ നിര്യാണം അറിഞ്ഞതു മുതല്‍ വിവിധ തുറകളില്‍ നിന്ന് ആദരാജ്ഞലികള്‍ ഒഴുകിയെത്തി.
അണക്കര പാമ്പു പാറയിലുള്ള സഹോദരി റോസമ്മ നെടുംതകിടിയുടെ ഭവനത്തില്‍ ഇന്നലെ രാവിലെ സംസ്‌ക്കാര ശുശ്രൂഷകള്‍ ആരംഭിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വൈദികര്‍, ജനപ്രതിനിധികള്‍, തുടങ്ങിയവര്‍ എത്തി അന്തിമോപചാരമര്‍പ്പിച്ചു. ഭവനത്തില്‍ വെച്ചുള്ള ശുശ്രൂഷകള്‍ക്കു ശേഷം അണക്കര സെന്റ് തോമസ് ഫൊറോന ദേവാലയത്തില്‍ കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍, മാര്‍ മാത്യു അറയ്ക്കല്‍ എന്നിവരുടെ കാര്‍മീകത്വത്തില്‍ സംസ്‌ക്കാര ശുശ്രൂഷകള്‍ നടന്നു.
തുടര്‍ന്ന് ട്രസ്റ്റിന്റെ അണക്കരയിലുള്ള ഗ്രീന്‍ വില്ലാ ചാപ്പലില്‍ പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ സംസ്‌കാരം നടത്തി. മാതാപിതാക്കളുടെ സ്മരണാര്‍ഥം തുങ്കുഴി അച്ചന്‍ രൂപീകരിച്ചതാണ് തുങ്കുഴിയില്‍ മറിയാമ്മ മെമ്മൊറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്. ഭവന രഹിതരായവര്‍ക്കു പാര്‍പ്പിടം നിര്‍മിച്ച് നല്‍കണമെന്നത് അദ്ദേഹത്തിന്റെ ചിരകാല സ്വപ്നമായിരുന്നു. ഈ ആഗ്രഹം സഫലീകരിച്ചിട്ടാണ് അദ്ദേഹം യാത്രയായത്. മൂന്നര ഏക്കര്‍ സ്ഥലത്ത് 32 വീടുകളാണ് ഭവന രഹിതരായവര്‍ക്കായി നിര്‍മിക്കുന്നത് . അനുബന്ധമായി അംഗന്‍ വാടിയും, ഹെല്‍ത്ത് സെന്ററും, ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വീടുകളുടെ പണികള്‍ അവസാന വട്ടം പുരോഗമിക്കുന്നതിനിടെയാണ് വാര്‍ധക്യ സഹജമായി രോഗ ശയ്യയിലാകുന്നതും മരണം സംഭവിച്ചതും.
1952 മാര്‍ച്ച് 12ന് വൈദികനായി ശുശ്രൂഷ ആരംഭിച്ച ഫാ. ജോസഫ് തുങ്കുഴി യു.എസ്.എ, ബ്രസീല്‍, എന്നീ രാജ്യങ്ങളില്‍ ഇടവക വികാരിയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
ആതുര സേവന തല്‍പരനായിരുന്ന ഫാ. ജോസഫ് തൂങ്കുഴി അണക്കരയില്‍ ഗ്രീന്‍ ഹെവന്‍ വില്ലാ എന്ന പേരില്‍ വ്യദ്ധ സദനവും ആരംഭിച്ചിരുന്നു.
നിര്‍ധനരായ യുവതി യുവാക്കള്‍ക്കുള്ള വിവാഹ സഹായവും, അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സഹായവും തുങ്കുഴി അച്ചനില്‍ നിന്ന് ലഭിച്ചിരുന്നു. പ്രസിദ്ധമായ അണക്കര മരിയന്‍ ധ്യാന കേന്ദ്രത്തിന്റെ അടിസ്ഥാന ശില്‍പി കൂടിയാണ് അദ്ദേഹം.