ലോക് ഡൗണില്‍ മലയിഞ്ചി വിളവെടുപ്പ് മുടങ്ങി
കട്ടപ്പന: ലോക് ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് മലയിഞ്ചി വിളവെടുപ്പ് മുടങ്ങിയതോടെ മരുന്നു കമ്പനികളും കര്‍ഷകരും പ്രതിസന്ധിയില്‍. ഫെബ്രുവരി- മെയ് മാസക്കാലയളവിലാണ് മലയിഞ്ചി വിളവെടുപ്പ് നടക്കുന്നത്. വിളവെടുത്താലും ലോക് ഡൗണില്‍ വില്‍പന നടത്താന്‍ കഴിയാതെ വന്നതോടെയാണ് ഇത്തവണ പ്രതിസന്ധി ഉടലെടുത്തത്.
വിളവെടുക്കാത്ത മലയിഞ്ചി കിളിര്‍ത്ത് തുടങ്ങിയതിനാല്‍ ഇനി വിളവെടുക്കാനും കഴിയില്ല. ഇതോടെ ഒരു വിളവെടുപ്പ് സീസണ്‍ തന്നെ നഷ്ടമായിരിക്കുകയാണ് ഹൈറേഞ്ചിലെ മലയിഞ്ചി കര്‍ഷകര്‍ക്ക്. കട്ടപ്പനയില്‍ 130 രൂപ വരെ ഉണങ്ങിയ മലയിഞ്ചിക്ക് വില ലഭിച്ചിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തിനു പിന്നാലെ വില 80-100 രൂപയിലേക്ക് കൂപ്പുകുത്തി.
പച്ച മലയിഞ്ചിക്ക് കിലോയ്ക്ക് 20 രൂപ നിരക്കില്‍ വ്യാപാരികള്‍ ശേഖരിച്ചിരുന്നു.അതേസമയം മലയിഞ്ചിയുടെ ലഭ്യത കുറയുന്നത് മരുന്നുകമ്പനികള്‍ക്കും പ്രതിസന്ധിയാണ്. ഹൈറേഞ്ചിലെ വിവിധ കമ്പോളങ്ങളില്‍ നിന്നും ഡല്‍ഹി, മുംബൈ എന്നീ സ്ഥലങ്ങളിലേക്കാണ് മലയിഞ്ചി കയറ്റി അയച്ചിരുന്നത്. മരുന്ന് കമ്പനികളാണ് പ്രധാന ഉപഭോക്താക്കള്‍.
വിവിധ കമ്പനികളില്‍ നിന്നും ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ടെങ്കിലും ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ സംഭരിച്ച മലയിഞ്ചി പോലും കയറ്റി അയക്കാനാകുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു. തുടര്‍ച്ചയായ മഴ മൂലം മുന്‍പ് സംഭരിച്ചിരുന്ന പച്ച മലയിഞ്ചി ഉണക്കി സൂക്ഷിക്കുവാനും വ്യാപാരികള്‍ക്ക് കഴിയുന്നില്ല.
കാര്യമായ രോഗ കീടബാധകളില്ലാത്തതും കുറഞ്ഞ പരിചരണവുമാണ് കര്‍ഷകരില്‍ പലരെയും മലയിഞ്ചി കൃഷി ചെയ്യാന്‍ പ്രേരിപ്പിച്ചിരുന്നത്. മലയിഞ്ചികൃഷിയുള്ള സ്ഥലങ്ങളില്‍ കാട്ടുപന്നി ശല്യവും കുറവായിരിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു.