‘ഹമൂൺ’ തീവ്ര ചുഴലിക്കാറ്റായി; ജാഗ്രതയിൽ സംസ്ഥാനങ്ങൾ; യമൻ തീരം തൊട്ട് തേജ് ചുഴലിക്കാറ്റ്
ഡല്‍ഹി : വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘ഹമൂൺ’ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്ക്-വടക്കു കിഴക്ക് ദിശയിലേക്ക് ചുഴലിക്കാറ്റ് നീങ്ങുകയാണ്. വരുന്ന ബുധനാഴ്ച ഉച്ചയോടെ ചുഴലിക്കാറ്റ് ബംഗ്ലാദേശിൽ ഖേപുപാറയ്ക്കും ചിറ്റഗോംഗിനുമിടയിൽ കര തൊടുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഇതേത്തുടർന്ന്, ഏഴ് സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഒഡീഷ, പശ്ചിമ ബംഗാൾ, മണിപ്പൂർ, ത്രിപുര, മിസോറാം, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങൾ ജാഗ്രതയിലാണ്. മത്സ്യത്തൊഴിലാളികളോട് ഒക്ടോബർ 25 വരെ ബംഗാൾ ഉൾക്കടലിൽ പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒഡീഷയുടെ കിഴക്ക്, പടിഞ്ഞാറൻ, വടക്ക് മേഖലകളിലും ബംഗ്ലാദേശ് തീരങ്ങളിലും മ്യാൻമറിന്‍റെ വടക്കൻ തീരങ്ങളിലും കടക്കരുതെന്നാണ് മത്സ്യത്തൊഴിലാളികള്‍ക്കുള്ള നിര്‍ദേശം. ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജരായിരിക്കണമെന്ന് ഒഡീഷ സർക്കാർ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, തേജ് ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് യമൻ തീരം തൊട്ടു. പ്രാദേശിക സമയം രാവിലെ ആറ് മണിയോടെയാണ് ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിച്ചത്. 50 മുതൽ അറുപത് നോട്ടിക്കൽ മൈലായിരുന്നു കാറ്റിന്റെ വേഗം. ഒമാനിൽ ശക്തമായ മഴതുടരുകയാണ്.