ശാന്തിഗ്രാം സര്‍വീസ് സഹകരണ ബാങ്കിന്റെ ഗ്രാമീണ നിക്ഷേപ സമാഹരണ യജ്ഞവും സഹകാരി സംഗമവും നവംബര്‍ മൂന്നിന് നടക്കും
പകല്‍ രണ്ടിന് ബാങ്ക് ഓഡിറ്റോറിയത്തില്‍ എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്യും. 1000ല്‍പ്പരം സഹകാരികളും സമൂഹ, സാംസ്‌കാരിക, രാഷ്ട്രീയ പ്രവര്‍ത്തകരും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും. അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെ അനുമോദിക്കും. ഡിസംബര്‍ 30 വരെയുള്ള രണ്ടുമാസ കാലയളവില്‍ അഞ്ച് കോടി രൂപയുടെ നിക്ഷേപ സമാഹരണമാണ് ബാങ്ക് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് ജോയി ജോര്‍ജ് കുഴികുത്തിയാനി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
57 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ബാങ്ക് ഗ്രാമീണ മേഖലയുടെയും കര്‍ഷകരുടെയും ഉന്നമനത്തിനാണ് ഊന്നല്‍ നല്‍കുന്നത്. ശാന്തിഗ്രാമില്‍ ഹെഡ് ഓഫീസും ചെമ്പകപ്പാറ, ഈട്ടിത്തോപ്പ്, നെല്ലിപ്പാറ എന്നിവിടങ്ങളില്‍ ശാഖകളും പ്രവര്‍ത്തിച്ചുവരുന്നു. 105 കോടി രൂപ പ്രവര്‍ത്തന മൂലധനവും 42 കോടി രൂപ നിക്ഷേപവും 78 കോടി രൂപ വായ്പ ബാക്കിയും നിലവിലുണ്ട്. 745 സ്വയം സഹായ സംഘങ്ങള്‍ ബാങ്കുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുന്നു. സഹകരണ കാര്‍ഷിക നഴ്‌സറി, കാര്‍ഡമം ഡ്രയര്‍ യൂണിറ്റ് എന്നിവയ്‌ക്കൊപ്പം ശാന്തിഗ്രാം, നെല്ലിപ്പാറ, കൊച്ചുകാമാക്ഷി എന്നിവിടങ്ങളില്‍ നീതിസ്റ്റോറും ശാന്തിഗ്രാം, ചെമ്പകപ്പാറ എന്നിവിടങ്ങളില്‍ വളം ഡിപ്പോയും പ്രവര്‍ത്തിച്ചുവരുന്നു.
വാര്‍ത്താസമ്മേളനത്തില്‍ ഭരണസമിതി അംഗങ്ങളായ രാജന്‍ ശ്രീധരന്‍, ബെന്നി തോമസ്, സെക്രട്ടറി ടി എസ് മനോജ് എന്നിവരും പങ്കെടുത്തു.