മാർ സ്ലീവാ മെഡിസിറ്റിയിൽ ലെവൽ വൺ അഡ്വാൻസ്ഡ് ട്രോമാ കെയർ സെന്ററിന്റെ ഉദ്ഘാടനം നടത്തി
പാലാ. ആരോഗ്യമേഖലയുടെ വളർച്ചയ്ക്കായി പാലാ മാർ സ്ലീവാ മെഡിസിറ്റി നടത്തി വരുന്ന വിവിധ പ്രവർത്തനങ്ങൾ സമൂഹത്തിനു ഏറെ ഗുണകരമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ആരംഭിച്ച ലെവൽ വൺ അഡ്വാൻസ്ഡ് ട്രോമാ കെയർ സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. അപകട പരിചരണ രംഗത്ത് ആധുനിക സംവിധാനങ്ങളോടെ ഏറ്റവും വൈദഗ്ദ്യം നിറഞ്ഞ ചികിത്സ കേന്ദ്രമായി മാർ സ്ലീവാ മെഡിസിറ്റി മാറിയതായി അധ്യക്ഷത വഹിച്ച പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പൊതുജങ്ങൾക്കായി പുറത്തിറക്കുന്ന ട്രോമാ ബോധവൽക്കരണ വീഡിയോ ‘ ഗോൾഡൻ അവറിന്റെ’ പ്രകാശനം ആന്റോ ആന്റണി എം.പി നിർവഹിച്ചു. ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു ലെവൽ വൺ അഡ്വാൻസ്ഡ് ട്രോമാ കെയർ സെന്ററിന്റെ പ്രവർത്തനം വിശദീകരിച്ചു.
അപകട പരിചരണത്തിൽ പ്രത്യേക വൈദഗ്ദ്യം നേടിയ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് 26 കിടക്കകൾ ഉള്ള ലെവൽ വൺ അഡ്വാൻസ്ഡ് ട്രോമാ കെയർ സെന്ററിന്റെ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. കുട്ടികളുടെയും മുതിർന്നവരുടെയും എല്ലാവിധ അത്യാഹിതങ്ങളും കൈകാര്യം ചെയ്യുന്ന കേന്ദ്രമായ ഇവിടെ 24 മണിക്കൂറും എല്ലാ വിഭാഗങ്ങളിലെയും സർജൻമാരുടെ പൂർണ സേവനം ലഭ്യമാകും. ജനറൽ സർജറി,ഓർത്തോപീഡിക്സ്, ന്യൂറോ സർജറി, അനസ്‌തേഷ്യോളജി, എമർജൻസി മെഡിസിൻ, റേഡിയോളജി, ഇന്റേണൽ മെഡിസിൻ, പ്ലാസ്റ്റിക് സർജറി, ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി, പീഡിയാട്രിക്സ്, ക്രിട്ടിക്കൽ കെയർ, മറ്റു സർജിക്കൽ വിഭാഗങ്ങൾ എന്നിവയുടെ സേവനം വേഗത്തിൽ ലഭ്യമാകും. ഡോക്ടർമാർക്ക് ഒപ്പം പ്രത്യേകം വൈദഗ്ധ്യം ലഭിച്ച പാരാമെഡിക്കൽ, നഴ്സിംഗ് വിഭാഗങ്ങളുടെ നേതൃത്വത്തിൽ ഉടൻ നൽകുന്ന പരിചരണത്തിലൂടെ പരുക്കിന്റെ അഘാതം കുറച്ചു രോഗിയുടെ ജീവൻ വേഗത്തിൽ രക്ഷിക്കാൻ സാധിക്കും. സമീപപ്രദേശങ്ങളിൽ നിന്നുള്ള റഫറൽ കേന്ദ്രമായി മാറുന്നതിന് ഒപ്പം ട്രോമാകെയർ ടീം അംഗങ്ങൾക്കു തുടർ പരിശീലനം നൽകുന്ന കേന്ദ്രമായും ഇവിടം മാറും. ഇതിനൊപ്പം അപകടകൾ തടയുന്നതിനും മറ്റുമായി പൊതുജനങ്ങൾക്കുള്ള ബോധവത്ക്കരണ പരിപാടികൾ നടത്തുവാനും, ട്രോമോ കെയറിൽ പുതിയ ആശയങ്ങൾ പങ്കുവെക്കുന്നതിനും, ഗവേഷണ പ്രവർത്തനങ്ങൾക്കും മറ്റും നേതൃത്വം നൽകും. കഴിഞ്ഞ 4 വർഷത്തിനിടെ 90000 പേർ മാർ സ്ലീവാ മെഡിസിറ്റിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയതായി ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ പറഞ്ഞു. 24 മണിക്കൂറും റേഡിയോളജി , ലബോറട്ടറി , ഫാർമസി സേവനങ്ങളും ലവൽ വൺ അഡ്വാൻഡ് ട്രോമോ കെയർ സെന്ററിൽ ലഭ്യമാണ്.
അത്യാഹിത വിഭാഗം കൺസൽട്ടൻറ് ഡോ. ശ്രീജിത്ത് ആർ.നായർ പ്രസംഗിച്ചു.ഹോസ്പിറ്റൽ ഓപ്പറേഷൻസ് ആൻഡ് പ്രൊജക്റ്റ് ഡയറക്ടർ റവ. ഫാ.ജോസ് കീരഞ്ചിറ, ഫിനാൻസ് ഡയറക്ടർ റവ.ഡോ.ഇമ്മാനുവൽ പാറേക്കാട്ട് എന്നിവർ പങ്കെടുത്തു. വിവിധ അപകടങ്ങളിൽ പെട്ട് ഗുരുതര പരുക്കേറ്റ് മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സ തേടി ജീവിതത്തിലേക്ക് തിരിച്ചു എത്തിയവരും പരിപാടിയിൽ പങ്കെടുത്തു.