പ്രകൃതിക്ക് കാവലാളായി ഹരിതകേരളം
ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ ? തീർച്ചയായും സാധ്യമാണെന്ന് മാത്രമല്ല, ഈ ആശങ്കയുടെ ആഴം കൂട്ടാതെ
നമ്മുടെ പ്രകൃതിസമ്പത്ത് വരും തലമുറകള്‍ക്കായും കാത്തുസൂക്ഷിക്കുന്നതിനുള്ള അര്‍ത്ഥവത്തായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഹരിതകേരളം മിഷന്‍ നേതൃത്വം നല്‍കുന്നത്.
സംസ്ഥാനത്തെ പകുതിയിലേറെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശുചിത്വ പദവിയിലേക്കെത്തി. 15000 ല്‍ അധികം സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിതചട്ടത്തിലേക്ക് മാറി. 95 ശതമാനത്തിലധികം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അജൈവ പാഴ് വസ്തു ശേഖരണത്തിനും തുടര്‍ പ്രവര്‍ത്തവനങ്ങള്‍ക്കുമായി മെറ്റീരിയല്‍ കളക്ഷന്‍ സെന്‍റര്‍ ആരംഭിച്ചു. 33,000 ല്‍ അധികം ഹരിതകര്‍മ്മ സേനാംഗങ്ങള്‍ മാലിന്യം വാതില്‍പ്പടിയില്‍ ശേഖരിക്കുന്നു. 5,200 ല്‍ അധികം ഏക്കറില്‍ കൃഷി പുനരാരംഭിച്ചു. പ്രകൃതിയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ഈ നിര്‍ണായ നേട്ടങ്ങള്‍ 2016ല്‍ തുടക്കമിട്ട ഹരിത കേരള മിഷന്റെ ചരിത്രത്തിലെ പൊന്‍തൂവലുകളാണ്.
നവകേരള നിര്‍മ്മിതിക്കായി സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയ നാല് മിഷനുകളില്‍ ഒന്നാണ് ഹരിതകേരളം. ശുചിത്വവും ജലസമൃദ്ധിയും ജലസുരക്ഷയും സുരക്ഷിത ഭക്ഷ്യവസ്തുക്കളുടെ ഉല്‍പ്പാദനവും ലക്ഷ്യമിട്ടാണ് ഹരിതകേരളത്തിന് തുടക്കമിട്ടത്. സംസ്ഥാനത്തിന്‍റെ പാരിസ്ഥിതിക സുസ്ഥിതി ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഇതിനകം കഴിഞ്ഞിട്ടുണ്ട്. വെള്ളം, വൃത്തി, വിളവ് എന്ന സവിശേഷ മുദ്രാവാക്യത്തില്‍ തന്നെ മിഷന്‍റെ ലക്ഷ്യങ്ങള്‍ വ്യക്തമാണ്. ജലസംരക്ഷണം, ശുചിത്വ-മാലിന്യസംസ്കരണം, കൃഷി എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് ഉപമിഷനുകള്‍ ചേര്‍ന്നതാണ് ഹരിത കേരളം മിഷന്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ പ്രായോഗികതലത്തില്‍ നടക്കുന്നത്. വിവിധ വകുപ്പുകളെയും ഏജന്‍സികളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുന്ന ഏകോപന സഹായ സംവിധാനമായാണ് ഹരിതകേരളം മിഷന്‍ പ്രവര്‍ത്തിക്കുന്നത്.
പ്രകൃതിയിലെ പ്രധാന ഘടകങ്ങളായ മണ്ണ്, വായു, ജലം എന്നീ വിഭവങ്ങള്‍ക്ക് സുരക്ഷ ഒരുക്കിയും അവയെ സംരക്ഷിച്ചുമുള്ള മിഷന്‍റെ പ്രവര്‍ത്തനങ്ങളുടെ ഗുണഫലങ്ങള്‍ ഇതിനകം തന്നെ പ്രകടമായിത്തുടങ്ങിയിട്ടുണ്ട്. ശുചിത്വ-മാലിന്യ സംസ്കരണം, ജലസംരക്ഷണം ജലസുരക്ഷ, ജൈവ കാര്‍ഷിക മാര്‍ഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള കൃഷി വ്യാപനം എന്നീ മേഖലകളിലും അനുബന്ധ മേഖലകളിലുമാണ് മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും നടക്കുന്നത്. ഈ മേഖലകളിൽ കൈവരിച്ച ഭൗതിക നേട്ടങ്ങള്‍ക്കൊപ്പം ശ്രദ്ധേയമാണ് ബൗദ്ധിക തലത്തിലുണ്ടായ മൂല്യാധിഷ്ഠിത നേട്ടങ്ങളും.
സംസ്ഥാനത്ത് ശുചിത്വ-മാലിന്യ സംസ്കരണ മേഖലയില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കാന്‍ ഹരിതകേരളം മിഷന് കഴിഞ്ഞു. ശുചിത്വ-മാലിന്യസംസ്കരണത്തിന് ഊന്നല്‍ നല്‍കിയ മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം, ജാഗ്രതോത്സവം, ഹരിതോത്സവം, വൃത്തിയുള്ള നാടൊരുക്കാന്‍ വൃത്തിയുള്ള വീട് കാമ്പെയിനുകളും ജലസംരക്ഷണവും ജല മിതവ്യയവും ലക്ഷ്യമിട്ടുള്ള ജലമാണ് ജീവന്‍, ജല പാര്‍ലമെന്‍റുകള്‍, തരിശ് രഹിത ഗ്രാമ കാമ്പെയിനുകളും ശ്രദ്ധേയമായി. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ മാലിന്യമുക്തമാക്കുന്നതിന്‍റെ ഭാഗമായി ഹരിത ടൂറിസം പദ്ധതിക്ക് തുടക്കമിട്ടു. “വഴികാട്ടാന്‍ വാഗമണ്‍’ മാതൃകയില്‍ മൂന്നാറിലും ഹരിതടൂറിസം പദ്ധതി ആരംഭിച്ചു. മാലിന്യത്തിന്‍റെ ഉറവിടം മുതല്‍ സംസ്ക്കരണം വരെ ട്രാക്ക് ചെയ്യുന്നതിനുളള ഓണ്‍ലൈന്‍ മോണിട്ടറിംഗ് ഹരിതമിത്രം ആപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രാവര്‍ത്തികമാക്കിവരുന്നു. പുഴകള്‍ക്ക് പുതുജീവന്‍ നല്‍കുന്ന നദീപുനരുജ്ജീവന പദ്ധതികളും നടക്കുന്നുണ്ട്.
എല്ലാവരും ജലാശയങ്ങളിലേക്ക് എന്ന പരിപാടിയെ തുടര്‍ന്ന് നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പിനായി സംഘടിപ്പിച്ച “ഇനി ഞാനൊഴുകട്ടെ’ പരിപാടി ജലസംരക്ഷണ രംഗത്ത് സൃഷ്ടിച്ച മാറ്റം അത്ഭുതാവഹമാണ്. കിണറുകളുടെയും കുളങ്ങളുടെയും നവീകരണവും റീചാര്‍ജ്ജിംഗും ഏറെ ഫലം നല്‍കി. ജലസ്രോതസ്സുകള്‍ ഡിജിറ്റല്‍ മാപ്പില്‍ അടയാളപ്പെടുത്തുന്ന മാപ്പത്തോണ്‍, കുടിവെള്ളത്തിന്‍റെ ഗുണനിലവാര പരിശോധനയ്ക്കുള്ള ജല ഗുണതാ പരിശോധനാ ലാബുകള്‍ തുടങ്ങിയവ സംസ്ഥാനത്തു നടന്ന വേറിട്ട ജലസംരക്ഷണ പ്രവര്‍ത്തനങ്ങളാണ്.
തരിശുനിലങ്ങളിലെ കൃഷി വ്യാപനം, ഹരിതസമൃദ്ധി വാര്‍ഡ്, കരനെല്‍ കൃഷിയുള്‍പ്പെടെ അധിക നെല്‍കൃഷി, ജൈവ പച്ചക്കറി കൃഷി വ്യാപനം, സ്കൂള്‍ വളപ്പുകളിലും വിവിധ സ്ഥാപനങ്ങളുടെ ഭൂമിയിലും പച്ചക്കറി കൃഷി, സംയോജിത കൃഷി പ്രോത്സാഹനം എന്നിങ്ങനെ കാര്‍ഷിക മേഖലയില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ കൃഷിവകുപ്പിന്‍റെയും അനുബന്ധ ഏജന്‍സികളുടേയും തദ്ദേശഭരണ സ്ഥാപനങ്ങളുടേയും നേതൃത്വത്തില്‍ ഹരിതകേരളം മിഷന് കഴിഞ്ഞു. സംസ്ഥാനത്തെ എല്ലാ ഐ.ടി.ഐ. കാമ്പസുകളും ഹരിതകാമ്പസുകളാക്കുന്ന കര്‍മപദ്ധതി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ക്ഷേത്രവളപ്പിലെ തരിശിടങ്ങളില്‍ കൃഷി നടത്തുന്ന ദേവഹരിതം പദ്ധതിയും ഏറെ ശ്രദ്ധനേടി. തരിശുഭൂമിയില്‍ പച്ചപ്പൊരുക്കാനുള്ള ഹരിതകേരളം മിഷന്‍റെ നൂതനാശയമാണ് ‘പച്ചത്തുരുത്ത് പദ്ധതി. കാലാവസ്ഥാ വ്യതിയാനവും ഹരിതഗൃഹവാതകങ്ങളുടെ സാന്നിധ്യവും കൊണ്ടുണ്ടാകുന്ന പരിസ്ഥിതിക ആഘാതം ചെറുക്കുന്നതിനുള്ള പ്രായോഗിക ഇടപെടലാണിത്.
ഒന്നാം പിണറായി സര്‍ക്കാര്‍ നടപ്പാക്കിയ നാലു മിഷനുകളായ ലൈഫ്, ആര്‍ദ്രം, ഹരിത കേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നിവയും റീബില്‍ഡ് കേരള ഇന്‍ഷ്യേറ്റീവും ഉള്‍പ്പെടുത്തി രണ്ടാമൂഴത്തില്‍ പിണറായി സര്‍ക്കാര്‍ ഏകോപിത നവകേരളം കര്‍മപദ്ധതി 2 രൂപീകരിച്ച് കൂടുതല്‍ കര്‍മനിരതമാവുകയാണ്.