ഹയർ സെക്കൻഡറി ലയനം:അധ്യാപകർ ആശങ്കയിൽ
ഹൈസ്കൂൾ – ഹയർ സെക്കൻഡറി ലയനം നടപ്പാക്കുന്നതോടെ സംസ്ഥാനത്തെ പതിനായിരത്തോളം വരുന്ന ഹൈസ്കൂൾ വിഭാഗം അനധ്യാപകർക്ക് ഇരട്ടി ജോലിയാകുമെന്ന് ആശങ്ക. അനധ്യാപകരുടെ നിലവിലെ ജോലിഭാരം കണക്കിലെടുക്കാതെ ഇരട്ടി ജോലി അടിച്ചേൽപ്പിക്കുന്നതായാണ് ആക്ഷേപം.കോളേജുകളിൽ നിന്നു പ്രീഡിഗ്രി വേർപ്പെടുത്തിയപ്പോൾ നഷ്ടപ്പെട്ട ലൈബ്രേറിയൻ, ക്ലർക്ക്, മീനിസ്റ്റീരിയൽ തസ്ഥികകൾ കെഇആർ ചട്ടപ്രകാരം സൃഷ്ടിക്കണമെന്നു ആവശ്യപ്പെട്ട് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ നൽകിയ ഹർജിയിൽ 2020 ജനുവരിയിൽ ഹൈക്കോടതി തസ്തികകൾ അനുവദിച്ചു ഉത്തരവായിരുന്നു.
എന്നാൽ കോടതി വിധി നടപ്പിലാക്കാതെ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. സർക്കാർ നൽകിയ അപ്പീൽ 2021 ജനുവരിയിൽ തള്ളി. കോടതി ഉത്തരവ് നടപ്പിലാക്കാതെ വന്നതോടെ കോടതിയലക്ഷ്യ നടപടിക്കായി അസോസിയേഷൻ വീണ്ടും കോടതിയെ സമീപിച്ചു.ഹൈകോടതി വിധിക്കെതിരെ സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജിയും സുപ്രീംകോടതി തള്ളി. ഇതിനിടെ ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കി ഹയർ സെക്കൻഡറി ലയനം ഉൾപ്പെടെയുള്ള കെഇആർ പരിഷ്ക്കരണത്തിന് നിയമസഭ അംഗീകാരം നൽകി.
പല എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെ ഹൈസ്കൂൾ വിഭാഗത്തിലെ അനധ്യാപക ജീവനക്കാരെക്കൊണ്ട് ഹയർ സെക്കൻഡറി വിഭാഗത്തിൽ ജോലി ചെയ്യിപ്പിക്കുന്നുണ്ട്. ഇതു മൂലം ഇരട്ടി ജോലി ചെയ്യേണ്ട അവസ്ഥയാണ്.
ഹയർ സെക്കൻഡറിയിലെ അനധ്യാപക നിയമനം അട്ടിമറിക്കുന്ന ഖാദർ കമ്മറ്റി റിപ്പോർട്ട് എയ്ഡഡ് സ്കൂളുകളിലെ അനധ്യാപകരുടെ പ്രമോഷൻ സാധ്യതയും ഇല്ലാതാക്കുമെന്നാണ് പരാതി. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി വിഭാഗത്തിലെ ആറായിരത്തിലധികം അനധ്യാപക തസ്തികകൾ സാമ്പത്തിക ബാധ്യതയുടെ പേരിൽ അട്ടിമറിക്കുമ്പോൾ അത്രയും ചെറുപ്പക്കാരുടെ ജോലി പ്രതീക്ഷകളുമാണ് ഇല്ലാതാകുന്നത്.
ഖാദർ കമ്മറ്റിയുടെ രണ്ടാംഘട്ട റിപ്പോർട്ട് പുറത്തു വിട്ടപ്പോഴും സർവീസ് സംഘടനകളുമാ യി ചർച്ച നടത്താനും സർക്കാർ ഇതുവരെ തയ്യാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്. ഹയർ സെക്കൻഡറി അനധ്യാപക നിയമനം സംബന്ധിച്ച ഹൈക്കോടതി ഉത്തരവിനെതിരേ കേരള സർക്കാർ സുപ്രീം കോടതിയിൽ നൽകിയ അപ്പീലും പുനഃപരിശോധനാ ഹർജിയും തള്ളി ഒന്നര വർഷം കഴിഞ്ഞിട്ടും നിയമന കാര്യത്തിൽ സർക്കാർ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നത്.
നിലവിൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ ലൈബ്രേറിയൻ, ക്ലാർക്ക്, മിനിസ്റ്റീരിയൽ ജീവനക്കാരുടെ അഭാവം എന്നിവ സ്കൂൾ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. സ്കൂൾ തൂത്തുവാരാൻ പോലും ജീവനക്കാരില്ലാത്ത സാഹചര്യമാണ് പലയിടത്തും.കോടതി വിധിയെ തുടർന്ന് പുതിയ നിയമനം ഉണ്ടാകുമെന്ന പ്രതീക്ഷ ഉദ്യോഗാർഥികൾക്കിടയിലും ഉയർന്നിരുന്നു. ഇതിനിടെയാണ് ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കി ഹയർ സെക്കൻഡറി ലയനം ഉൾപ്പെടെയുള്ള കെ.ഇ.ആർ പരിഷ്ക്കരണത്തിനായിരുന്നു നിയമസഭ അംഗീകാരം നൽകിയത്.
ഇതിനെ തുടർന്ന് ഹൈസ്കൂളിലെ അനധ്യാപക ഹയർസെക്കൻഡറി വിഭാഗത്തിലെ ജോലികൾ നിർബന്ധ പൂർവ്വം ചെയ്യിപ്പിക്കുന്നതായി പരാതിയുണ്ട്.ലയനം വന്നെങ്കിലും ഹൈസ്കൂൾ അധ്യാപകർ ഹയർ സെക്കൻഡറിയിലോ തിരിച്ചോ പഠിപ്പിക്കേണ്ടതില്ലെന്നും അനധ്യാപകരെ മാത്രം പൊതുവായി ഉപയോഗിച്ച് മുന്നോട്ടു പോകാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശ വും അനധ്യാപകരുടെ ഇടയിൽ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.