കൊവിഡ് ബാധിച്ച് മരിച്ച കുമളി സ്വദേശിയുടെ മൃതദേഹം മാറിനല്‍കി
ഇടുക്കി തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് മരിച്ച കുമളി സ്വദേശിയുടെ മൃതദേഹം മാറിനല്‍കി. സംസ്‌കരിക്കാന്‍ ശ്മശാനത്തില്‍ എത്തിച്ചപ്പോഴാണ് മൃതദേഹം മാറിയ വിവരം ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്.
കുമളി അട്ടപ്പള്ളം സ്വദേശി സോമന്‍ വ്യാഴാഴ്ച രാത്രിയാണ് തൊടുപുഴ ചാഴികാട്ട് ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലിരിക്കെ മരിച്ചത്. ഇന്ന് രാവിലെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
ഉച്ചയോടെ കുമളിയിലെ ശ്മശാനത്തില്‍ സംസ്‌കരിക്കാനായി എത്തിച്ചപ്പോള്‍ കൊവിഡ് സന്നദ്ധപ്രവര്‍ത്തകരാണ് മൃതദേഹം മാറിയ വിവരം ബന്ധുക്കളെ അറിയിച്ചത്. കുമളി സ്വദേശി സോമന് പകരം കൊവിഡ് ബാധിച്ച് മരിച്ച മൂന്നാര്‍ സ്വദേശി പേച്ചിയപ്പന്റെ മൃതദേഹമാണ് കുമളിയില്‍ എത്തിച്ചത്.
മോര്‍ച്ചറി ജീവനക്കാരന് പറ്റിയ പിഴവാണ് മൃതദേഹം മാറാന്‍ കാരണമെന്നാണ് ആശുപത്രിയുടെ വിശദീകരണം. സംഭവത്തില്‍ ആരോഗ്യ വകുപ്പിന് പരാതി നല്‍കുമെന്ന് മരിച്ച കുമളി സ്വദേശി സോമന്റെ ബന്ധുക്കള്‍ വ്യക്തമാക്കി. പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.