‘സിങ്കപ്പാറ കേരളത്തിന്‍റെ അധീനതയിലുള്ള പ്രദേശം, തമിഴ്നാട് രേഖകള്‍ കാണിക്കട്ടെ’; അഡ്വ. എ രാജ
ഇടുക്കി: ചിന്നക്കനാൽ സിങ്കപ്പാറ തമിഴ്നാടിന്‍റെ ഭാഗമാണെന്ന തമിഴ്നാട് വനം വകുപ്പിൻ്റെ വാദത്തിനെതിരേ ദേവികുളം എം എൽ എ അഡ്വ. എ രാജ. സിങ്കപ്പാറ കേരളത്തിന്‍റെ അധീനതയിലുള്ള പ്രദേശമാണ്. നിലവിൽ ചിന്നക്കനാൽ പഞ്ചായത്തിൻ്റെ ഭാഗം. അമ്പത് വർഷമായി ഇവിടെ അതിർത്തി തർക്കം ഉണ്ടായിട്ടില്ല. അവകാശവാദമുന്നയിച്ചവർ രേഖകളുമായി വരട്ടെയെന്നും എം എൽ എ പറഞ്ഞു.
ഏതാനും ദിവസം മുമ്പാണ് ഇടുക്കി ജില്ലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ സിങ്കപ്പാറ മലനിര തമിഴ്നാടിന്റെ ഭാഗമായ പ്രദേശമാണെന്ന അവകാശവാദം ഉന്നയിച്ച് തമിഴ്നാട് വനംവകുപ്പ് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ഡിറ്റിപിസിയുടെ വിനോദസഞ്ചാരത്തിന്റെ ഭാഗമായി ജീപ്പ് സവാരിയുമായി എത്തിയ ഡ്രൈവർമാരോട് ഇവിടെ പ്രവേശിക്കുവാൻ പാടില്ല എന്ന നിർദ്ദേശവും തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ നൽകിയിരുന്നു.
എന്നാല്‍ ട്രക്കിംഗ് പോകുന്നവരെ തടയുന്ന നിലപാട് ശരിയല്ലെന്നും അതിക്രമിച്ച് കടക്കുന്നത് സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും രാജ റിപ്പോർട്ടറോട് പറഞ്ഞു. തമിഴ്നാട് വനം വകുപ്പിന്റെ ഇടപെടലിൽ ജനങ്ങൾക്കിടയിൽ ആശങ്ക ഉണ്ടായ സാഹചര്യത്തിലാണ് വിഷയത്തിൽ പ്രതികരണവുമായി ദേവികുളം എംഎൽഎ അഡ്വക്കേറ്റ് എ രാജാ രംഗത്തെത്തിയത്. പതിറ്റാണ്ടുകളായി അതിർത്തി തർക്കമില്ലാത്ത പ്രദേശത്ത് അവകാശവാദം ഉന്നയിക്കുന്നതും ട്രക്കിംഗ് തടയുന്നതും ശരിയല്ല രേഖകൾ ഉണ്ടെങ്കിൽ കൊണ്ടുവരട്ടെ. കേരളത്തിൻറെ അധീനതയിലുള്ള പ്രദേശത്തെ കടന്നുകയറ്റം സർക്കാരിനെ അറിയിക്കുമെന്നും അഡ്വക്കേറ്റ് എ രാജ റിപ്പോർട്ട് പറഞ്ഞു.
തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഇടുക്കിയുടെ വിവിധ മേഖലകളിൽ ഇത്തരത്തിൽ തമിഴ്നാട് വനം വകുപ്പ് അവകാശവാദം ഉന്നയിച്ച രംഗത്തെത്തുന്നതിനെതിരെ പ്രതിഷേധങ്ങളും ഉയർന്നുവരുന്ന സാഹചര്യo നിലനിൽക്കുന്നുണ്ട്. ഒപ്പം അതിർത്തി വിഷയത്തിൽ സർക്കാർ ഇടപെടണമെന്നാണ് ആവശ്യം. തമിഴ്നാട് വനം വകുപ്പിന്റെ ഇടപെടലിന്റെ പിന്നിൽ ദുരൂഹതയുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്.