Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Banner
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനത്തിൽ നിന്ന്



മേഖലാ അവലോകന യോഗം

ജനപങ്കാളിത്തത്തോടെയുള്ള വികസനത്തിന്‍റെയും ഭരണനിര്‍വ്വഹണത്തിന്‍റേയും പുതിയ മാതൃകകള്‍ പലപ്പോഴും നമ്മുടെ സംസ്ഥാനം ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളുടേയും സമൂഹത്തിന്‍റേയും ക്രിയാത്മകവും സജീവവുമായ പങ്കാളിത്തം ഉറപ്പുവരുത്തി മുന്നോട്ടു കൊണ്ടുപോകേണ്ടതാണ് ജനാധിപത്യമെന്ന ഉറച്ച ബോധ്യത്തോടെയാണ് ഈ മാതൃകകള്‍ നാം സൃഷ്ടിച്ചത്.

സംസ്ഥാന മന്ത്രിസഭ ഒന്നാകെ ഓരോ ജില്ലയിലെയും വികസന പ്രശ്നങ്ങളും ഭരണപരമായ വിഷയങ്ങളും ഉദ്യോഗസ്ഥരുമായി നേരിട്ട് ചര്‍ച്ച ചെയ്യുന്നതിനും പരിഹരിക്കുന്നതിനുമായി സംഘടിപ്പിച്ച മേഖലാ അവകലോകന യോഗങ്ങള്‍ നമ്മുടെ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം പുതിയൊരു ഭരണ നിര്‍വ്വഹണ രീതി ആണ്. ചീഫ് സെക്രട്ടറിയും അഡീഷണല്‍ ചീഫ് സെക്രട്ടറിമാരുമുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ നിരയും നാലുകേന്ദ്രങ്ങളിലായി നടത്തിയ യോഗങ്ങളില്‍ പങ്കെടുത്തു. ഏറ്റെടുത്ത ലക്ഷ്യം ഫലപ്രദമായി നിര്‍വ്വഹിക്കാന്‍ സാധിച്ചു എന്ന ചാരിതാര്‍ഥ്യത്തോടെയാണ് നാലു മേഖലകളിലായി നടന്ന അവലോകന യോഗങ്ങള്‍ സമാപിച്ചത്.

ഓരോ ജില്ലയിലും വ്യത്യസ്ത മേഖലകളിലെ പ്രധാന വിഷയങ്ങള്‍ ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തിലാണ് കണ്ടെത്തിയത്. ഇവയില്‍ സംസ്ഥാനതലത്തില്‍ പരിഗണിക്കേണ്ട 697 പ്രശ്നങ്ങളും ജില്ലാതലത്തില്‍ പരിഗണിക്കേണ്ട 265 വിഷയങ്ങളും കണ്ടെത്തിയിരുന്നു. അവയില്‍ തെരഞ്ഞെടുത്ത പ്രധാനപ്പെട്ട 162 പ്രശ്നങ്ങളാണ് 4 അവലോകന യോഗങ്ങളിലായി ചര്‍ച്ച ചെയ്തത്. ജില്ലാതലത്തില്‍ കണ്ടെത്തിയ വിഷയങ്ങളില്‍ 263 എണ്ണം ഇതിനകം തീര്‍പ്പാക്കി. 2 പ്രശ്നങ്ങളില്‍ നടപടി പുരോഗമിക്കുന്നു. സംസ്ഥാനതലത്തില്‍ പരിഗണിക്കേണ്ടവയില്‍ 582 എണ്ണം പരിഹരിക്കുകയും 115 പ്രശ്നങ്ങളില്‍ നടപടി പുരോഗമിക്കുകയും ചെയ്യുന്നു.


പദ്ധതികളുടെ ഗുണഫലങ്ങള്‍ ജനങ്ങളിലേയ്ക്ക് കാര്യക്ഷമമായി എത്തിക്കാനും സമയബന്ധിതമായി അവ പൂര്‍ത്തിയാക്കാനും പ്രാദേശിക പ്രശ്നങ്ങള്‍ കൂടുതല്‍ സമഗ്രതയോടെ കൈകാര്യം ചെയ്യുന്നതിനും മേഖലാ അവലോകന യോഗങ്ങള്‍ സഹായകമായി. ഈ സര്‍ക്കാര്‍ വന്നതിനു ശേഷം നവകേരള കര്‍മ്മപദ്ധതിയുടെ കീഴില്‍ വരുന്ന വിവിധ മിഷനുകളുടെ പുരോഗതി വിലയിരുത്തി അവയുടെ നടത്തിപ്പില്‍ ഉണ്ടാകുന്ന തടസ്സങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും കഴിഞ്ഞു. അതോടൊപ്പം ഉദ്യോഗസ്ഥരുടെ സക്രിയമായ പങ്കാളിത്തം ഈ പരിപാടിയില്‍ ഉറപ്പുവരുത്തി. പദ്ധതികള്‍ നടപ്പാക്കുന്നതിന് അവരുടെ മുന്നിലുള്ള വെല്ലുവിളികള്‍ നേരിട്ടറിഞ്ഞു പരിഹാരങ്ങള്‍ കണ്ടെത്താനും കഴിഞ്ഞു. ഈ വിധം സംസ്ഥാനത്തിന്‍റെ വികസനത്തിനും പുരോഗതിയ്ക്കും മേഖലാ അവലോകന യോഗങ്ങള്‍ പുതിയ ഊര്‍ജ്ജം പകര്‍ന്നു. നിലവില്‍ പുരോഗമിക്കുന്ന പ്രശ്ന പരിഹാരനടപടികള്‍ ബന്ധപ്പെട്ട മന്ത്രിമാരുടെ നേതൃത്വത്തില്‍ വിലയിരുത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കും.

അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി

അതിയായ ദാരിദ്ര്യമനുഭവിക്കുന്നവര്‍ ഇല്ലാത്ത നാടായി നമ്മുടെ സംസ്ഥാനത്തെ മാറ്റാനുള്ള നടപടിയാണ് സ്വീകരിച്ചുവരുന്നത്. സര്‍ക്കാര്‍ നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയ 64,000 ത്തോളം കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കുവാന്‍ എടുത്ത നടപടികള്‍ യോഗം പ്രഥമ പരിഗണന നല്‍കി പരിശോധിച്ചു. വ്യക്തമായ മൈക്രോ പ്ലാന്‍ തയ്യാറാക്കി നടപ്പിലാക്കുന്നതിന് തദ്ദേശ സ്വയം ഭരണ വകുപ്പിന് നിര്‍ദേശങ്ങള്‍ നല്‍കി. ‘അവകാശം അതിവേഗം’ പദ്ധതിയിലൂടെ വ്യക്തികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്ന പ്രക്രിയ കാര്യക്ഷമമാക്കുന്നതിന് ഇതിന്റെ ഭാഗമായി തീരുമാനമെടുത്തിട്ടുണ്ട്.

2025 ഓടെ നമ്മുടെ സംസ്ഥാനത്തെ പൂർണ്ണമായും അതിദാരിദ്ര്യ മുക്തമാക്കാൻ സാധിക്കുമെന്നാണ് കണ്ടത്.
അതിദാരിദ്ര്യ ബാധിതരായി കണ്ടെത്തിയ കുടുംബങ്ങളിലെ 93 ശതമാനത്തേയും 2024ല്‍ നവംബര്‍ ഒന്നോടെ അതിദാരിദ്ര്യമുക്തരാക്കാന്‍ കഴിയും. ഇത് ആവേശകരമായ കാര്യമാണ്. ഇതിന്‍റെ വിശദാംശങ്ങള്‍ യോഗങ്ങളില്‍ വിലയിരുത്തി.

മാലിന്യ മുക്ത നവകേരളം

മാലിന്യമുക്ത കേരളത്തിന്‍റെ വിവിധ ഘടകങ്ങളുടെ പുരോഗതി അവലോകന യോഗങ്ങളില്‍ വിലയിരുത്തി. ന്യൂനതകള്‍ കണ്ടെത്തി പദ്ധതി നടപ്പിലാക്കുന്നത് ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള പരിശോധനയാണ് നടന്നത്. സംസ്കരണ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ തടസ്സം നേരിടുന്ന പ്രദേശങ്ങളില്‍ അതത് ജില്ലാ കളക്ടര്‍മാര്‍ നേതൃത്വം നല്‍കി യോഗങ്ങള്‍ നടത്തി പ്രശ്ങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കും.

വിദ്യാകിരണം

വിദ്യാകിരണത്തിന്റെ ഭാഗമായി കിഫ്ബിയുടെ 5 കോടി പദ്ധതിയില്‍ 141 സ്കൂളുകളും, 3 കോടി പദ്ധതിയില്‍ 385 സ്കൂളുകളും, 1 കോടി പദ്ധതിയില്‍ 446 സ്കൂളുകളും നവീകരണത്തിന്‍റെ ഘട്ടങ്ങളിലാണ്.

5 കോടി പദ്ധതിയിലെ 141ല്‍ 134 സ്കൂളുകളും നിര്‍മ്മാണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഏഴ് സ്കൂളുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. പണിപൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ള സ്കൂളുകളുടെ സവിശേഷമായ പ്രശ്നങ്ങള്‍ പരിശോധിച്ച് പരിഹാരം കാണാന്‍ പ്രത്യേക ഇടപെടല്‍ യോഗങ്ങളിലുണ്ടായി.

ആര്‍ദ്രം മിഷന്‍

ആര്‍ദ്രം മിഷന്‍റെ അവലോകനത്തില്‍, വിവിധ ഘടകങ്ങള്‍ സമഗ്രമായി വിലയിരുത്തി. ആശുപത്രി നവീകരണങ്ങള്‍, ലാബ് നെറ്റ്വര്‍ക്കുകള്‍ക്കായുള്ള ഹബ് ആന്‍റ് സ്പോക്ക് മോഡലിന്‍റെ വിപുലീകരണം, ഐസൊലേഷന്‍ ബ്ലോക്കുകളുടെ പൂര്‍ത്തീകരണം തുടങ്ങിയ നിര്‍ണായക ഘടകങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദേശം നല്‍കി. വിവിധ ജില്ലകളിലെ ജീവനക്കാരുടെ ഒഴിവുകള്‍ നികത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നടപടി സ്വീകരിക്കും.

ഹരിത കേരളം മിഷന്‍

ഹരിത ടൂറിസം, കാര്‍ബണ്‍ പുറന്തള്ളല്‍ രഹിതമാക്കല്‍ തുടങ്ങി ഹരിതകേരളം മിഷന്‍റെ കീഴിലുള്ള വിവിധ സംരംഭങ്ങളുടെ വിലയിരുത്തലും അവലോകന യോഗങ്ങളില്‍ ചര്‍ച്ച ചെയ്തു.

ലൈഫ് മിഷന്‍

2022-2023 സാമ്പത്തിക വര്‍ഷത്തില്‍ ലൈഫ് മിഷന്‍റെ ഭാഗമായി 54,648 വീടുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം 11,757 വീടുകള്‍ ഇതിനകം പൂര്‍ത്തീകരിച്ചു, ഏകദേശം 25,000 വീടുകള്‍ നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണ്. അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ ഉള്‍പ്പെടെ മിഷന്‍റെ പ്രവര്‍ത്തനങ്ങളുടെ വിശദമായ അവലോകനം യോഗത്തില്‍ ഉദ്യോഗസ്ഥര്‍ അവതരിപ്പിച്ചു. പദ്ധതി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍ക്കും ലൈഫ് കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. ലൈഫ് മിഷന്‍റെ ഭാഗമായി നിര്‍മിക്കുന്ന ഭവന സമുച്ചയങ്ങളുടെ നിര്‍മാണം വേഗത്തിലാക്കുവാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

ജല ജീവന്‍ മിഷന്‍

കേരള വാട്ടര്‍ അതോറിറ്റി നടപ്പിലാക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതി വഴി ഇതുവരെ 18,14,622 കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്. കൊല്ലം, തിരുവനന്തപുരം, മലപ്പുറം ജില്ലകള്‍ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കല്‍, റോഡ് കട്ടിങ് മുതലായ തടസ്സങ്ങള്‍ പദ്ധതിക്ക് ഉണ്ടെന്ന് യോഗങ്ങളില്‍ വിലയിരുത്തലുണ്ടായി. റോഡ് കട്ടിങ്ങുമായി ബന്ധപ്പെട്ട അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ കളക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി പരിഹരിക്കാനുമുള്ള തീരുമാനങ്ങളാണ് ഉണ്ടായത്.

കോവളം- ബേക്കല്‍ ജലപാത

കോവളം ബേക്കല്‍ ജലപാതാ പദ്ധതിയുടെ വിവിധ റീച്ചുകളുടെ പുരോഗതി യോഗം വിലയിരുത്തി . ആദ്യ ഘട്ടമായ ആക്കുളം മുതല്‍ ചേറ്റുവ വരെ ഉള്ള ഭാഗം മാര്‍ച്ച് 2024 ഓട് കൂടി സഞ്ചാരയോഗ്യമാകും. വടക്കന്‍ ജില്ലകളില്‍ നിര്‍മിക്കുന്ന കനാലുകളുടെ ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കി സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കുവാനുള്ള നിര്‍ദേശങ്ങളാണ് ഉണ്ടായത്.

ദേശീയപാത

എന്‍ എച്ച് 66 ന്‍റെ നിര്‍മ്മാണ പുരോഗതി പരിശോധിച്ചു. സമയബന്ധിതമായി തന്നെ പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വിലയിരുത്തി. ഭൂമി ഏറ്റെടുക്കല്‍ പൂര്‍ണമായെന്നും കേസുകള്‍ നിലനില്‍ക്കുന്ന ഇടങ്ങളില്‍ മാത്രമേ ചില കെട്ടിടങ്ങൾ പൊളിച്ചു നീക്കാന്‍ ബാക്കിയുള്ളു എന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ജില്ലകളില്‍ സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കുവാന്‍ ജില്ലാ കളക്ടര്‍മാർ യോഗങ്ങള്‍ കൂടും. പുതിയതായി വരുന്ന ദേശീയപാതകളുടെ അവലോകനത്തിനായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം പൊതുമരാമത്തു സെക്രട്ടറി വിളിച്ചു ചേര്‍ക്കും.

മലയോര ഹൈവേ

മലയോര മേഖലകളെ ബന്ധിപ്പിച്ചുകൊണ്ട് നിര്‍മിക്കുന്ന മലയോര ഹൈവേ പദ്ധതി അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. ഇതിനോടകം പൂര്‍ത്തിയായ കൊല്ലം ജില്ലക്ക് പുറമെ കാസര്‍ഗോഡ്, തിരുവനന്തപുരം ജില്ലകളില്‍ കൂടി പദ്ധതി ഉടന്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നാണ് കണ്ടത്. ഫോറസ്റ്റ് ക്ലിയറന്‍സുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ ഉടന്‍ തന്നെ തീരുമാനമെടുക്കും.

തീരദേശ ഹൈവേ

തിരുവനന്തപുരം ജില്ലയിലെ പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് കുഞ്ചത്തൂര്‍ വരെ നീളുന്ന തീരദേശ ഹൈവേ നിലവില്‍ ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയയിലാണ്. അതിര്‍ത്തി കല്ലുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ നടന്നു വരുന്ന പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിനായി സര്‍ക്കാര്‍ ആകര്‍ഷകമായ നഷ്ടപരിഹാര പാക്കേജുകള്‍ ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ പ്രാദേശികമായി ചര്‍ച്ച നടത്തി അവരുടെ പങ്കാളിത്തം ഉറപ്പുവരുത്താനുള്ള ചുമതല കലക്ടര്‍മാര്‍ക്ക് നല്‍കി.

വയനാട് ടണല്‍ റോഡ്

വയനാട് കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന നിര്‍ദിഷ്ട തുരങ്കപാത താമരശ്ശേരി ചുരത്തിന് ബദല്‍ റോഡ് ആകുകയും യാത്ര സമയം ചുരുക്കുകയും ചെയ്യും. നിലവില്‍ രണ്ടു ജില്ലകളിലും ഭൂമി ഏറ്റെടുക്കലിന്‍റെ 19(1) നോട്ടിഫിക്കേഷന്‍ ഘട്ടത്തിലാണ്. പാരിസ്ഥിതിക അനുമതിയുടെ പഠനങ്ങള്‍ ഉടന്‍ തന്നെ പൂര്‍ത്തിയാക്കുമെന്നും അനുമതി ഈ വര്‍ഷം അവസാനത്തോട് കൂടി ലഭ്യമാക്കാന്‍ കഴിയും. ടണലിന്‍റെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുവാനും അടുത്ത മാര്‍ച്ചോടെ നിര്‍മാണോദ്ഘാടനം നടത്തുവാനും നാലു വര്‍ഷത്തിനുളളില്‍ പൂര്‍ത്തീകരിക്കാനും കഴിയുന്ന വിധം പ്രവൃത്തികള്‍ ത്വരിതപ്പെടുത്താനാണ് കണ്ടത്.

ആയുര്‍വേദ ഗവേഷണ കേന്ദ്രം

കണ്ണൂര്‍ ഇരിട്ടി താലൂക്കില്‍, കല്ല്യാട് 311 ഏക്കറില്‍ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം വിഭാവനം ചെയ്തിട്ടുണ്ട്, ഏകദേശം 300 കോടി രൂപയ്ക്കു മുകളില്‍ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ ഗവേഷണ ആശുപത്രിയുടെയും മാനുസ്ക്രിപ്ട് സെന്‍ററിന്‍റേയും പൂര്‍ത്തീകരണം ജനുവരി 2024 നുള്ളില്‍ കഴിയുമെന്ന് യോഗത്തില്‍ ബന്ധപ്പെട്ടവര്‍ അറിയിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുവാന്‍ പൊതുവെ ധാരണയായി.

പ്രത്യേകം ചൂണ്ടിക്കാണിച്ച ഈ വിഷയങ്ങള്‍ക്ക് പുറമെ അതാത് ജില്ലകളില്‍ കണ്ടെതിയ സവിശേഷമായ പ്രശ്നങ്ങളുടെ പരിഹാരവും മേഖലായോഗങ്ങളില്‍ പ്രത്യേക അജണ്ടയായി പരിശോധിച്ചു. ദീര്‍ഘമായി പരിഹരിക്കപ്പെടാതെ കിടന്നവ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ അതിലുണ്ട്. അവയാകെ ഒറ്റയടിക്ക് പരിഹരിക്കപ്പെടും എന്നല്ല. എന്നാല്‍ പ്രശ്ന പരിഹാരത്തിലേക്ക് നിര്‍ണ്ണായകമായ ചുവടുവെപ്പ് നടത്താന്‍ ഈ പരിപാടിയിലൂടെ സാധിച്ചു.

ഭരണ സംവിധാനത്തെയാകെ കൂടുതല്‍ ചലനാത്മകമാക്കാനും ഒരോ വിഷയങ്ങളിലും പ്രത്യേക ശ്രദ്ധ ഉറപ്പാക്കാനും കഴിഞ്ഞു എന്നതാണ് മേഖലാ യോഗങ്ങള്‍ അവസാനിച്ചപ്പോള്‍ ഉണ്ടായ നേട്ടം. പ്രഖ്യാപിത ലക്ഷ്യങ്ങള്‍ വേഗത്തിലും കാര്യക്ഷമമായും നടപ്പാകും എന്ന് സര്‍ക്കാരിന് പ്രതീക്ഷയുണ്ട്. ഇപ്പോള്‍ നടന്ന ഈ അവലോകന പ്രക്രിയ കൂടുതല്‍ ക്രിയാത്മകമായി തുടരും.

കേരളീയം

കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ സംഘടിപ്പിക്കുന്ന കേരളീയത്തിന്‍റെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. കേരളം ആര്‍ജിച്ച സമസ്ത നേട്ടങ്ങളും സാംസ്കാരിക തനിമയും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് കേരളീയം പരിപാടിയുടെ ലക്ഷ്യം. കേരളീയം 2023 ന്‍റെ നടത്തിപ്പിനായി രൂപീകരിച്ച വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ പുരോഗമിക്കുകയാണ്.

ലോകത്തെ പ്രഗത്ഭരും പ്രമുഖരുമായ ചിന്തകരെയും വിദഗ്ധരെയും ഉള്‍പ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലുള്ള 25 സെമിനാറുകളാണ് അഞ്ചു വേദികളിലായി നടത്തുന്നത്. 140 ഓളം പ്രഭാഷകര്‍ പങ്കെടുക്കും. വിവിധ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ അവതരിപ്പിക്കുന്നതോടൊപ്പം, ഭാവി കേരളത്തിനുള്ള മാര്‍ഗരേഖ തയാറാക്കാനുള്ള ലക്ഷ്യത്തോടെയാണ് സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. പങ്കെടുക്കുമെന്ന് സമ്മതിച്ചിട്ടുള്ള ഏതാനും പ്രമുഖരുടെ പേരുകള്‍ കഴിഞ്ഞ തവണ ഇവിടെ പറഞ്ഞിരുന്നു.

വിയറ്റ്നാം മുന്‍ കൃഷി ഗ്രാമ വികസന മന്ത്രി കാവോ ഡുക് ഫാറ്റ്, ടെറി സീനിയര്‍ ഫെല്ലോ ഡോ. കെ സി ബന്‍സല്‍, ലോക ബാങ്ക് സീനിയര്‍ എക്കണോമിസ്റ്റ് ക്രിസ് ജാക്സണ്‍, പ്രശസ്ത കൃഷി ശാസ്ത്രജ്ഞന്‍ പ്രൊഫ.കടമ്പോട്ട് സിദ്ദിക്ക്, പ്രശസ്ത ആന്ത്രോപോളജിസ്റ്റ് പ്രൊഫ. റിച്ചാര്‍ഡ് ഫ്രാങ്കി, അമുല്‍ മുന്‍ മാനേജിംഗ് ഡയറക്ടര്‍ ആര്‍ എസ് സോധി, കല്‍ക്കട്ടയിലെ ശ്രുതി ഡിസെബിലിറ്റി റൈറ്റ്സ് സെന്‍റര്‍ സ്ഥാപക ശംപ സെന്‍ഗുപ്ത, മാനസിക വൈകല്യമുള്ളവര്‍ക്കായി പ്രവര്‍ത്തിക്കുന്ന ‘ദി ബന്യന്‍’ എന്ന സംഘടനയുടെ സ്ഥാപക വന്ദന ഗോപകുമാര്‍,
കൊളംബിയ സര്‍വ്വകലാശാലയിലെ ഗ്ലെന്‍ ഡെമിങ്, ഇന്‍റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സൗത്ത് ഏഷ്യ ഓഫീസിലെ സാമ്പത്തിക വിദഗ്ധ കല്യാണി രഘുനാഥന്‍, മുന്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ സായിദാ ഹമീദ് എന്നീ പ്രമുഖരും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

40 വേദികളിലായാണ് കേരളീയം അരങ്ങേറുന്നത്. കേരളത്തിന്‍റെ നൂതന സംരംഭങ്ങളും വ്യത്യസ്തമായ ആശയങ്ങളും പരിചയപ്പെടുത്താന്‍ 9 വേദികളിലാണ് ട്രേഡ് ഫെയര്‍ സംഘടിപ്പിക്കുന്നത്. ആറ് വേദികളിലായി ഫ്ളവര്‍ ഷോ നടക്കും.

വിവിധ തീമുകളിലായി ഒന്‍പത് എക്സിബിഷനുകളാണ് സംഘടിപ്പിക്കുന്നത്. പബ്ലിക് പോളിസി ആന്‍ഡ് പ്രോഗ്രസ്, വ്യവസായം, സംസ്കാരം, ഇന്നോവേഷന്‍ ആന്‍ഡ് ടാലന്‍റ്സ്, ജ്ഞാന സമ്പദ് വ്യവസ്ഥ തുടങ്ങിയ നിരവധി വിഷയങ്ങള്‍ എക്സിബിഷനുകളില്‍ അവതരിപ്പിക്കപ്പെടും.

കേരളം ഇതുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും വൈവിധ്യമാര്‍ന്ന സാംസ്കാരിക-കലാ വിരുന്നാണ് കേരളീയത്തിന്‍റെ ഭാഗമായി ഒരുങ്ങുന്നത്. നാല് പ്രധാന വേദികള്‍, രണ്ട് നാടക വേദി, ഒരു ഗ്രൗണ്ട് വേദി, 11 ചെറിയ വേദികള്‍, 10 തെരുവ് വേദികള്‍ എന്നിവയാണ് കലാപരിപാടികള്‍ക്ക് മാത്രമായി ഒരുക്കുന്നത്.

ക്ലാസിക്കല്‍ കലകള്‍, അനുഷ്ഠാന കലകള്‍, നാടന്‍ കലകള്‍, ഗോത്ര കലകള്‍, ആയോധന കലകള്‍, ജനകീയ കലകള്‍, മലയാള ഭാഷാസാഹിത്യം, മലയാളസിനിമാ സംബന്ധമായ കലാരൂപങ്ങള്‍ തുടങ്ങിയ തീമുകളിലാണ് കലാവിരുന്ന്. പ്രൊഫഷണല്‍ നാടകങ്ങള്‍ക്കും കുട്ടികളുടെ നാടകങ്ങള്‍ക്കുമായി വേദികള്‍ ഒരുങ്ങും.
പ്രത്യേക തീം അടിസ്ഥാനമാക്കിയുള്ള ദീപലാങ്കാരമാവും ഇത്തവണത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. പ്രധാനപ്പെട്ട വേദികളില്‍ എല്‍ഇഡി ഇന്‍സ്റ്റലേഷനും ഉണ്ടാകും. തട്ടുകട ഭക്ഷണം മുതല്‍ പഞ്ചനക്ഷത്ര ഭക്ഷണം വരെ വ്യത്യസ്തമായ വിഭവങ്ങള്‍ അടിസ്ഥാനമാക്കിയുള്ള 11 ഭക്ഷണമേളകള്‍ സംഘടിപ്പിക്കും. കേരളത്തിലെ തനത് വിഭവങ്ങള്‍ അണിനിരത്തിയുള്ള ബ്രാന്‍ഡഡ് ഫുഡ് ഫെസ്റ്റിവല്‍ ആണ് മേളയിലെ മറ്റൊരു ആകര്‍ഷണം.

കേരളീയം നാടിന്‍റെയാകെ മഹോത്സവമായി മാറ്റാന്‍ എല്ലാവരുടെയും സജീവമായ പങ്കാളിത്തമുണ്ടാകണം. നമ്മുടെ നാടിന്‍റെ തനിമയും നേട്ടങ്ങളും ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനും ചര്‍ച്ചകളിലൂടെയും വിവിധ പരിപാടികളിലൂടെയും അറിവിന്‍റേയും അനുഭവങ്ങളുടെയും ലോകം കൂടുതല്‍ വിശാലമാക്കാനും കേരളീയത്തിനു സാധിക്കും. അതിനായി ഒരുമിച്ച് ഒരേ മനസ്സോടെ നമുക്ക് പ്രയത്നിക്കാം.

കേരളീയത്തിന്‍റെ ഭാഗമായി ഒരു ഓണ്‍ലൈന്‍ മെഗാ ക്വിസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. അറിവിന്‍റെ ആഗോള സംഗമം എന്ന നിലയില്‍ വിദേശ മലയാളികളടക്കം പങ്കാളികളാകുന്ന മത്സരം ഒക്ടോബര്‍ 19 വൈകുന്നേരം 7.30നാണ്. keraleeyam.kerala.gov.in എന്ന വെബ്സൈറ്റിലൂടെ രജിസ്ട്രര്‍ ചെയ്യാം. പ്രായവ്യത്യാസമില്ലാതെ എല്ലാവര്‍ക്കും മൊബൈല്‍ ഫോണിലൂടെ മത്സരത്തില്‍ പങ്കെടുക്കാം.

വിജയികള്‍ക്ക് ആകര്‍ഷമായ സമ്മാനങ്ങളും മല്‍സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റും ലഭിക്കും. എല്ലാവരും ഇതില്‍ പങ്കെടുക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.

വിഴിഞ്ഞം

നമ്മുടെ നാടിന്‍റെ പുരോഗതിയില്‍ ഒരു നാഴികക്കല്ലായി മാറുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ത്ഥ്യമാവുകയാണ്. ദേശീയ പാത, ഗെയില്‍ പൈപ്പ് ലൈന്‍, ഇടമണ്‍ കൊച്ചി പവര്‍ ഹൈവേ, കൊച്ചി മെട്രോ തുടങ്ങിയ പശ്ചാത്തല വികസന പ്രവര്‍ത്തനങ്ങള്‍ പോലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് വിഴിഞ്ഞം തുറമുഖത്തിനും നല്‍കിയത്.

2015 ഓഗസ്റ്റ് 17 ന് അന്നത്തെ സര്‍ക്കാര്‍ കരാര്‍ ഒപ്പ് വെച്ചു. 2017 ജൂണില്‍ ബര്‍ത്തിന്‍റെ നിര്‍മ്മാണോദ്ഘാടനം നടത്തി. പ്രകൃതിദുരന്തങ്ങളും, മഹാമാരിയും പദ്ധതി പ്രവര്‍ത്തനത്തെ ചെറിയ തോതിൽ ബാധിച്ചു.

അന്താരാഷ്ട്ര കപ്പല്‍ ചാലിനോട് കേവലം 11 നോട്ടിക്കല്‍ മൈല്‍ അടുത്തും, പ്രകൃതി ദത്തമായ 20 മീറ്റര്‍ സ്വാഭാവിക ആഴവുമുള്ളതാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. 400 മീറ്റര്‍ നീളമുള്ള 5 ബര്‍ത്തുകളും 3 കിലോമീറ്റര്‍ നീളമുള്ള പുലിമുട്ടും അടങ്ങിയ പദ്ധതിയാണിത്. ആദ്യ ഘട്ടത്തില്‍ 400 മീറ്റര്‍ ബര്‍ത്ത് പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് നൂറടി ഉയരമുള്ള പടുകൂറ്റന്‍ ക്രെയിനുമായി ലോഡ് കാരിയര്‍ ഷിപ്പ് ഞായറാഴ്ച വിഴിഞ്ഞത്ത് എത്തുന്നത്. ആദ്യ ഫേസ് പൂര്‍ത്തിയാവുന്നതോടെ പ്രതിവര്‍ഷം 10 ലക്ഷം ടി.ഇ.യു കണ്ടൈനര്‍ കൈകാര്യം ചെയ്യുവാന്‍ കഴിയുമന്നാണ് പ്രതീക്ഷിക്കുന്നത്.

2021 ല്‍ പുലിമുട്ടിന്‍റെ നീളം ലാന്‍റ് മോഡില്‍, കേവലം 650 മീറ്റര്‍ മാത്രമാണ് ഭാഗികമായി തയ്യാറാക്കുവാന്‍ സാധിച്ചിരുന്നത്. പദ്ധതിക്കാവശ്യമായ പാറയുടെ ലഭ്യത പ്രതിസന്ധിയായി. പരിഹാരം കണ്ടെത്താന്‍ കൃത്യമായ പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കി. പദ്ധതി പ്രദേശത്തു തന്നെ മാസാന്ത്യ അവലോകനങ്ങള്‍ നടത്തി. ദൈനംദിന അവലോകനത്തിന് പ്രത്യേക മൊബൈല്‍ ആപ്പ് തയ്യറാക്കി. തമിഴ്നാട് സര്‍ക്കാരുമായി, വകുപ്പ് മന്ത്രി ചര്‍ച്ച നടത്തി പാറയുടെ ലഭ്യത ഉറപ്പാക്കി. സംസ്ഥാനത്തെ ക്വാറികളില്‍ നിന്ന് ലഭ്യമാവേണ്ട പാറയും ഉറപ്പാക്കി.

പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിക്കേണ്ട ഓരോ ഘടകങ്ങളും സമയകൃത്യത ഉറപ്പാക്കി ഉദ്ഘാടനം ചെയ്തു. 2022 ജൂണ്‍ 30 ന് ഗ്യാസ് ഇന്‍സുലേറ്റഡ് ഇലക്ട്രിക് സബ് സ്റ്റേഷനും, 2022 ഫെബ്രുവരി 22ന് പ്രധാന സബ് സ്റ്റേഷനും, 2023 ഏപ്രില്‍ 26 ന് അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഗേറ്റ് കോംപ്ലക്സും സെക്യൂരിറ്റി കെട്ടിടവും, 2023 മെയ് 16 ന് വര്‍ക്ഷോപ്പ് കെട്ടിടവും ഉദ്ഘാടനം ചെയ്തു.

പുലിമുട്ടിന്‍റെ നിര്‍മ്മാണം അതിവേഗമാണ് പൂര്‍ത്തിയാക്കുവാന്‍ സാധിച്ചത്. 55 ലക്ഷം ടണ്‍ പാറ ഉപയോഗിച്ച് 2960 മീറ്റര്‍ പുലിമുട്ട് നിര്‍മ്മാണം കഴിഞ്ഞു. ഇതില്‍ 2460 മീറ്റര്‍ ആക്രോപോഡ് ഉപയോഗിച്ച് സുരക്ഷിതവുമാക്കി. പുലിമുട്ട് നിര്‍മ്മാണത്തിന്‍റെ 30% പൂര്‍ത്തിയാക്കിയാല്‍ നല്‍കേണ്ട ആദ്യ ഗഡു 450 കോടി രൂപ കമ്പനിക്ക് നല്‍കി കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട 817 കോടി രൂപ ലഭ്യമാക്കുവാനുള്ള തടസ്സങ്ങള്‍ക്ക്, തുറമുഖ വകുപ്പ് മന്ത്രി കേന്ദ്രധന മന്ത്രിയുമായി ചര്‍ച്ച നടത്തിയതിന്‍റെ അടിസ്ഥാനത്തില്‍ പരിഹാരമാവുകയാണ്.

വിഴിഞ്ഞം മുതല്‍ ബാലരാമപുരം വരെ 11 കിലോമീറ്റര്‍ റെയില്‍വെ ലൈനിന് കൊങ്കണ്‍ റെയില്‍വെ തയ്യാറാക്കിയ ഡി.പി.ആര്‍ ന് കേന്ദ്ര സര്‍ക്കാരിന്‍റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.

പോര്‍ട്ടിനെ എന്‍ എച്ച് 66 മായി ബന്ധിപ്പിക്കുന്ന കണക്ടിവിറ്റി റോഡിന് ആവശ്യമായ ഭുമി ഏറ്റെടുത്ത് നല്‍കി. ഇതിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. 2000 പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കാവുന്ന ലോജിസ്റ്റിക് പാര്‍ക്ക്, പദ്ധതി പ്രദേശത്ത് ആരംഭിക്കുവാന്‍ കമ്പനി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതില്‍ പദ്ധതി പ്രദേശത്തുള്ള ആളുകള്‍ക്ക്, പ്രത്യേകിച്ച് യുവാക്കള്‍ക്ക് മുന്തിയ പരിഗണന നല്‍കും. 50 കോടി രൂപ ചെലവില്‍ അസാപ്പ് നിര്‍മ്മിച്ച കെട്ടിടത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയായി. ഇത് തുറമുഖാധിഷ്ഠിത തൊഴില്‍ പരിശീലനം നല്‍കുന്ന കേന്ദ്രമാക്കി മാറ്റും. 6000 കോടി രൂപ ചെലവഴിച്ച് തയ്യാറാക്കുന്ന ഔട്ടര്‍ റിംഗ് റോഡ് ഈ പദ്ധതിയുടെ കണക്ടിവിറ്റി കൂടുതല്‍ കാര്യക്ഷമമാക്കും.

ഈ വരുന്ന ഞായറാഴ്ച അതായത് ഒക്ടോബര്‍ 15ന് വിഴിഞ്ഞം തുറമുഖത്ത് ഹെവി ലോഡ് കാരിയര്‍ കപ്പലിനെ സ്വീകരിക്കുമ്പോള്‍ നമുടെ നാടിന്‍റെ ഒരു സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമായി എന്ന് നമുക്ക് അഭിമാനിക്കാനാവും. അന്താരാഷ്ട്ര തുറമുഖ ഭൂപടത്തില്‍ കേരളത്തിന് തിളക്കമേറിയ സ്ഥാനം ലഭ്യമാക്കുന്ന ഈ പദ്ധതിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു.

ഇടുക്കി

കേരളത്തിലെ ഏക ഗോത്ര വര്‍ഗ്ഗ പഞ്ചായത്തായ ഇടുക്കിയിലെ ഇടമലക്കുടിയില്‍ ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം, വാര്‍ത്താ വിനിമയ സൗകര്യം തുടങ്ങിയവ ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കി വരുന്നത്.

4 ജി ടവര്‍

പട്ടിക വര്‍ഗ വികസന വകുപ്പ് അനുവദിച്ച 4.31 കോടി രൂപ ഉപയോഗിച്ച്, ബി എസ് എന്‍ എല്‍ ഫോര്‍ ജി (4 ഏ) ടവര്‍ ഇടമലക്കുടിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വിവരം സന്തോഷപൂർവം അറിയിക്കുന്നു. മൂന്നാറില്‍ നിന്നും 40 കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിച്ചാണ് കണക്റ്റിവിറ്റി ഒരുക്കിയിട്ടുള്ളത്.

കോണ്‍ക്രീറ്റ് റോഡ്

24 കുടികളിലായി 106 ചതുരശ്ര കിലോമീറ്റര്‍ വനത്തിനുള്ളില്‍ മുതുവാന്‍ വിഭാഗക്കാരായ 806 കുടുംബങ്ങളാണ് ഇടമലക്കുടിയിലുള്ളത്. ഇവര്‍ക്ക് പൊതുസമൂഹവുമായി കൂടുതല്‍ ഇടപഴകുന്നതിനും മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുന്നതിന്‍റെയും ഭാഗമായിട്ടാണ് ഇടമലക്കുടിയിലേക്കുള്ള കോണ്‍ക്രീറ്റ് റോഡിന്‍റെ നിര്‍മ്മാണം ഇന്നലെ ആരംഭിച്ചിട്ടുള്ളത്. പെട്ടിമുടി മുതല്‍ സൊസൈറ്റിക്കുടി വരെ 12.5 കിലോമീറ്റര്‍ ദൂരം വനത്തിലൂടെയാണ് റോഡ് നിര്‍മ്മിക്കുന്നത്.

ആരോഗ്യം, വിദ്യാഭ്യാസം

ഇടമലക്കുടി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തി ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഈ വിദ്യാഭ്യാസ വര്‍ഷം ഇടമലക്കുടി ട്രൈബല്‍ എല്‍ പി സ്കൂള്‍ യു പി ആയി ഉയര്‍ത്താന്‍ കഴിഞ്ഞു. കൊച്ചിന്‍ റിഫൈനറീസിന്‍റെ സി എസ് ആര്‍ ഫണ്ട് ഉപയോഗിച്ചുള്ള പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണവും അന്തിമ ഘട്ടത്തിലാണ്.

സ്പൈസസ് പാര്‍ക്ക്

ഇടുക്കി സുഗന്ധ വ്യഞ്ജനങ്ങളുടെ നാടാണല്ലോ. അതുമായി ബന്ധപ്പെട്ട് ഒരു സന്തോഷ വാര്‍ത്തയുണ്ട്. മുട്ടത്തെ തുടങ്ങനാട്ടില്‍ കിന്‍ഫ്ര സ്പൈസസ് പാര്‍ക്ക് ഉദ്ഘാടനം വരുന്ന ശനിയാഴ്ച നിര്‍വ്വഹിക്കുകയാണ്. 15 ഏക്കര്‍ സ്ഥലത്ത് 20 കോടി മുതല്‍ മുടക്കിയാണ് ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ശേഷിക്കുന്ന 21 ഏക്കര്‍ സ്ഥലത്ത് നിര്‍മ്മാണത്തിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

കിന്‍ഫ്രയുടെ കൈവശമുള്ള 37 ഏക്കര്‍ സ്ഥലത്ത് പാര്‍ക്ക് നിര്‍മ്മിക്കാനാണ് പദ്ധതി. ഇടുക്കി ജില്ലയിലെ സുഗന്ധവ്യഞ്ജന കൃഷിക്കും മൂല്യവര്‍ദ്ധിത ഉല്‍പന്ന വ്യവയസായത്തിനും വലിയ കുതിപ്പ് നല്‍കുവാന്‍ സ്പൈസസ് പാര്‍ക്ക് വഴിയൊരുക്കും.

ഇടുക്കിയുമായി ബന്ധപ്പെട്ട് മറ്റൊരു കാര്യം സൂചിപ്പിക്കാനുള്ളത് ഉടുമ്പന്‍ചോല ആയുര്‍വേദ മെഡിക്കല്‍ കോളേജിന് 10 കോടി രൂപ അനുവദിച്ച വിവരമാണ്. ഇടുക്കി വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്.

കണ്‍ട്രോള്‍ റൂം തുറന്നു

ഇസ്രയേലില്‍ നിന്നും തിരികെ എത്തുന്ന മലയാളികളെ സഹായിക്കുന്നതിന് ന്യൂഡല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ഇവരെ സ്വീകരിക്കുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും എയര്‍പോര്‍ട്ടില്‍ ഹെല്‍പ് ഡെസ്കും സജ്ജമാക്കും.

കണ്‍ട്രോള്‍ റൂം നമ്പര്‍: 011 23747079.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!