രാമക്കല്‍മേട് കേരളത്തിന്റെ ഹരിത ഊര്‍ജ്ജ ഹബ്ബായി മാറും : മന്ത്രി കെ കൃഷ്ണന്‍കുട്ടി
*കാറ്റാടി വൈദ്യുതി പദ്ധതിയില്‍ അഞ്ച് കാറ്റാടിയന്ത്രങ്ങള്‍ കൂടി മന്ത്രി ഉദ്ഘാടനം ചെയ്തു
സംസ്ഥാനസര്‍ക്കാര്‍ ആവിഷ്‌കരിച്ച ഹരിത ഊര്‍ജ ഇടനാഴി പദ്ധതിയുടെ പൂര്‍ത്തീകരണത്തിലൂടെ രാമക്കല്‍മേട് കേരളത്തിന്റെ ഹരിത ഊര്‍ജ്ജ ഹബ്ബായി മാറുമെന്ന് വൈദ്യുതിവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. കാറ്റാടി വൈദ്യുതി പദ്ധതിയുടെ ഭാഗമായി രാമക്കല്‍മേട്, പുഷ്പ്പക്കണ്ടം, അണക്കരമെട്ട് എന്നിവിടങ്ങളില്‍ സ്ഥാപിച്ച പുതിയ അഞ്ച് കാറ്റാടി യന്ത്രങ്ങളുടെ ഉദ്ഘാടനവും രണ്ടാംഘട്ട പദ്ധതിയുടെ തറക്കല്ലിടലും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതിയുടെ ഭാഗമായി വിവിധ സബ്സ്റ്റേഷനുകള്‍, സര്‍ക്യൂട്ട് ലൈനിന്റെ നിര്‍മ്മാണങ്ങള്‍ എന്നീ പ്രവൃത്തികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. 244.64 കോടി രൂപയുടെ പദ്ധതി 2026 മാര്‍ച്ച് മാസത്തോടെ പൂര്‍ത്തീകരിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി എത്തിക്കുന്നതിനായി നിലവിലുള്ള പ്രസരണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് 534.5 മെഗാവാട്ട് ശേഷിയുള്ള വൈദ്യുത പദ്ധതികള്‍ സംസ്ഥാനത്ത് പൂര്‍ത്തിയാക്കിയിട്ടുണ്ട്. 100 മെഗാവാട്ട് അധിക വൈദ്യുതി ഉല്‍പാദിപ്പിക്കാവുന്ന രണ്ട് ജലവൈദ്യുത പദ്ധതികള്‍ കൂടി ഈ വര്‍ഷം പൂര്‍ത്തിയാകും. 1569 മെഗാ വോട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാവുന്ന ഇടുക്കി സുവര്‍ണ്ണ ജൂബിലി പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. നാളിതുവരെ വൈദ്യുതി ലഭിക്കാത്ത വനാന്തരങ്ങളിലെ എല്ലാ ആദിവാസി ഊരുകളിലും വീടുകളിലും ഈ സാമ്പത്തിക വര്‍ഷം തന്നെ വൈദ്യുതി എത്തിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.
പുഷ്പ്പക്കണ്ടം സബ്സ്റ്റേഷന്‍, നിര്‍മ്മല സിറ്റി 220 കെ വി ജിഐഎസ് സബ്സ്റ്റേഷന്‍, വാഴത്തോപ്പ്, നെടുങ്കണ്ടം സബ്സ്റ്റേഷനുകളില്‍ 110 കെ വി ബേകളുടെ നിര്‍മ്മാണം, കുയിലിമല- നിര്‍മ്മല സിറ്റി മള്‍ട്ടി സര്‍ക്യൂട്ട് മള്‍ട്ടി വോള്‍ട്ടേജ് ലൈനുകളുടെ നിര്‍മ്മാണം, നിര്‍മ്മല സിറ്റി കട്ടപ്പന 110 കെ വി ഡബിള്‍ സര്‍ക്യൂട്ട് ലൈനിന്റെ നിര്‍മ്മാണം, പുഷ്പകണ്ടം നെടുങ്കണ്ടം 110 കെവി ഡബിള്‍ സര്‍ക്യൂട്ട് ലൈനിന്റെ നിര്‍മ്മാണം എന്നീ പ്രവൃത്തികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പദ്ധതിക്കാണ് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചത്.
അണക്കരമെട്ടില്‍ സ്ഥാപിച്ച കാറ്റാടി യന്ത്രത്തിന് സമീപം നടന്ന യോഗത്തില്‍ എംഎം മണി എംഎല്‍എ അധ്യക്ഷത വഹിച്ചു. രാമക്കല്‍മേട് പവര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ മേല്‍നോട്ടത്തില്‍ മലയകം അഗ്രിഗേറ്റ്സ് ആന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ്, കെ ഐ കെ പ്ലാസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ്, കെ കെ പ്ലാസ്റ്റിക്സ്, ഗ്രീന്‍ലാന്‍ഡ് പേപ്പര്‍ മില്‍സ് ലിമിറ്റഡ്, സി വി റിന്യൂവബിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ 5 സംരംഭങ്ങളുടെ 250 കിലോവാട്ട് ശേഷിയുള്ള അഞ്ച് വിന്‍ഡ് ടര്‍ബൈയിനുകളാണ് രാമക്കല്‍മേട്, പുഷ്പ്പക്കണ്ടം, അണക്കരമെട്ട് എന്നിവിടങ്ങളിലായി നിലവില്‍ സ്ഥാപിച്ചിട്ടുള്ളത്. ഇതോടെ പ്രദേശത്തെ ആകെ സ്ഥാപിതശേഷി 16.50 മെഗാവാട്ടായി ഉയര്‍ന്നു. ആകെ 8 വിന്‍ഡ് എനര്‍ജി ജനറേറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക അനുമതിയാണ് അനര്‍ട്ട് രാമക്കല്‍മേട് പവര്‍ പ്രൈവറ്റ് ലിമിറ്റഡിന് നല്‍കിയിട്ടുള്ളത്. ശേഷിക്കുന്ന മൂന്ന് വിന്‍ഡ് ടര്‍ബൈനുകള്‍ ഉടന്‍ പൂര്‍ത്തീകരിക്കും.
നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യാഗരാജന്‍, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് അംഗം വനജ സജി, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു സഹദേവന്‍, രാമക്കല്‍മേട് പവര്‍ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ കെ കെ ഇബ്രാഹിം, പ്രോജക്ട് മാനേജര്‍ അരുണ്‍ വര്‍ഗീസ്, അനര്‍ട്ട് ചീഫ് ഡയറക്ടര്‍ ഡോ. അജിത് ഗോപി, മലയകം അഗ്രിഗേറ്റ്സ് ആന്‍ഡ് സാന്‍ഡ്‌സ്പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ എന്‍ പി ആന്റണി, ശിവ വിന്‍ഡ് ടര്‍ബൈന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ വി വേല്‍മണി, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ പി എന്‍ വിജയന്‍, സനല്‍കുമാര്‍ മംഗലശ്ശേരി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.