കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡി ലെവൽ ആംബുലൻസിൽ നഴ്സിനെ നിയമിക്കാത്തത്തിൽ ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു
കട്ടപ്പന : ആംബുലൻസിൽ റീത്ത് വച്ചാണ് ഡി വൈ എഫ് ഐ കട്ടപ്പന മേഖല കമ്മറ്റി പ്രതിഷേധിച്ചത്.ഇരുപത്തിനാല് മണിക്കൂറും സേവനം ഉറപ്പ് നൽകിയ ആംബുലൻസാണ് കഴിഞ്ഞ ആറ് മാസത്തിലധികമായി നിർത്തിയിട്ടിരിക്കുന്നത്.തുടക്ക സമയം മുതലുണ്ടായിരുന്ന ആംബുലൻസിലെ നഴ്സ് ജോലി ഉപേക്ഷിച്ച് പോയതോടെ പ്രവർത്തനം അവതാളത്തിലായി മാറുകയായിരുന്നു.
താത്കാലികമായി നഴ്സിനെ നിയമിക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും ആശുപത്രി അധികൃതരോ നഗരസഭയോ ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ നൽകുന്നില്ല എന്നാണ് ഡി വൈ എഫ് ആരോപിക്കുന്നത്. .2022ൽ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ വകയിരുത്തി വാങ്ങി നൽകിയതാണ് ആംബുലൻസ്.7 ലക്ഷം രൂപയോളം വില വരുന്ന വെന്റിലേറ്റർ അടക്കമുള്ള അത്യാധുനിക സൗകര്യങ്ങൾ വാഹനത്തിലുണ്ട്.വാഹനം ഓടാതായതോടെ മുൻ ടയറുകളുടെ ഡിസ്കുകൾ തകരാറിലായി.ഇടയ്ക്ക് ചാർജ് ചെയ്യുന്നുണ്ടെങ്കിലും അകത്തുള്ള വെന്റിലേറ്റർ,ഓക്സിജൻ കോൺസൺട്രേറ്റർ,ഇൻക്യുബേറ്റർ തുടങ്ങിയ ഉപകരണങ്ങൾ കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ട്.സാധാരണക്കാർക്ക് വളരെയധികം പ്രയോജനം ലഭിക്കുന്ന ആംബുലൻസിൽ നഴ്സിനെ നിയമിച്ച് വാഹനം പ്രവർത്തന സജ്ജമാക്കിയില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും നേതാക്കൾ പറഞ്ഞു.ഡിവൈഎഫ്‌ഐ കട്ടപ്പന ബ്ലോക്ക് ട്രഷറര്‍ ജോബി എബ്രഹാം സമരം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് സെബിന്‍ ഇളംപള്ളി അധ്യക്ഷനായി.ബ്ലോക്ക് ജോയിന്റ് സെക്രട്ടറി നിയാബ് അബു, മേഖല സെക്രട്ടറി ജോജോ ജോസഫ്, രഞ്ജിത് ഷാജി, ദേവൂട്ടി ബിജു, ജിതിന്‍ ബാബു, കെ ആര്‍ രാജേഷ്, അമല്‍ ബിജു എന്നിവര്‍ പങ്കെടുത്തു.