പാകിസ്താന്‍ പിടികൂടിയ ബിഎസ്എഫ് ജവാന് മോചനം; പികെ സാഹുവിനെ അട്ടാരി അതിര്‍ത്തി വഴി ഇന്ത്യക്ക് കൈമാറി


അബദ്ധത്തില്‍ അതിര്‍ത്തി കടന്നെന്ന പേരില്‍ പാകിസ്താന്‍ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാന്‍ പി കെ സാഹുവിനെ ഇന്ത്യക്ക് കൈമാറി. ഏപ്രില്‍ 23 മുതല്‍ പാക് കസ്റ്റഡിയിലായിരുന്ന ഇദ്ദേഹത്തെ അട്ടാരി അതിര്‍ത്തി വഴിയാണ് ഇന്ത്യക്ക് കൈമാറിയത്. പൂര്‍ണമായും പ്രോട്ടോക്കോളുകള്‍ പാലിച്ച് രാവിലെ 10.30ഓടെ സമാധാനപരമായാണ് കൈമാറ്റം നടന്നത്. ഇന്ത്യയും പാകിസ്താനും തമ്മില്‍ വെടിനിര്‍ത്തലിന് ധാരണയായ പശ്ചാത്തലത്തിലാണ് ബിഎസ്എഫ് ജവാനെ തിരിച്ചയച്ചത്.
ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഘര്‍ഷമുണ്ടായ ദിവസങ്ങളില്‍ തന്റെ ഭര്‍ത്താവിന്റെ സുരക്ഷയെക്കുറിച്ച് സാഹുവിന്റെ ഭാര്യ രജനി ആശങ്ക പ്രകടിപ്പിക്കുകയും ബിഎസ്എഫ് ഉന്നത ഉദ്യോഗസ്ഥരെ നേരില്‍ കാണുകയും ചെയ്തിരുന്നു. പൂര്‍ണ ആരോഗ്യവാനായി സാഹുവിനെ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് ബിഎസ്എഫ് ഉന്നത ഉദ്യോഗസ്ഥര്‍ രജനിക്ക് ഉറപ്പുകൊടുത്തിരുന്നു.
ഡ്യൂട്ടിക്കിടെ വിശ്രമിക്കാനായി തണലുള്ള പ്രദേശത്തേക്ക് നീങ്ങിയ സാഹു അബദ്ധത്തില്‍ അതിര്‍ത്തി കടന്നതോടെയാണ് പാകിസ്താന്റെ കസ്റ്റഡിയിലായത്. പാക് പിടിയിലാകുന്ന സമയത്ത് സാഹു യൂണിഫോം ധരിച്ചിരുന്നു. കൈയില്‍ സര്‍വീസ് തോക്കുമുണ്ടായിരുന്നു. സാഹു അതിര്‍ത്തി കടന്നത് ഉടന്‍ ശ്രദ്ധയില്‍പ്പെട്ട പാക് റെഞ്ചേര്‍സ് അദ്ദേഹത്തെ ഉടന്‍ തന്നെ പിടികൂടുകയായിരുന്നു. മൂന്നാഴ്ചയ്ക്ക് ശേഷമാണ് ജവാന് മോചനമുണ്ടായത്.